തത്ത്വമസി അര്‍ഥ വിചാരം തുടരുന്നു.
ശ്ലോകം 243
തയോര്വിരോധോ ളയമുപാധികല്പിതോ
ന വാസ്തവഃ കശ്ചിദുപാധിരേഷഃ
ഈശസ്യ മായാ മഹദാദി കാരണം
ജീവസ്യ കാര്യം ശൃണു പഞ്ചകോശാഃ
അവ തമ്മിലുള്ള വ്യത്യാസം ഉപാധി കൊണ്ട് കല്പിക്കപ്പെട്ടതാണ്. അല്ലാതെ വാസ്തവമല്ല. മഹദാദി കാരണമായ മായയാണ് ഈശ്വരന്റെ ഉപാധി. ജീവന്റെ ഉപാധിയാവട്ടെ മായാകാര്യമായ പഞ്ചകോശമാണെന്ന് അറിയണം.
ജീവനും ഈശ്വരനും തമ്മിലുള്ള വ്യത്യാസം ഉപാധികള്‍ മൂലമുണ്ടായ അദ്ധ്യാസത്താല് കല്പിക്കുന്നതാണ്. അതിന് യാഥാര്‍ഥ്യമില്ല.
ഈശ്വരനും ജീവനും തമ്മിലുള്ള അന്തരത്തില്‍ ജീവനും മഹത്തരം തന്നെയാണ്. ഉപാധികളെ കൊണ്ട് വ്യത്യസ്തമായി തോന്നുന്നതാണ്. സൂക്ഷ്മമായി പരിശോധിച്ച് നോക്കുമ്പോള്‍ വ്യത്യാസം വെറും ഉപാധികല്പിതമാണെന്ന് കാണാം. ഈശ്വരന്റെയും ജീവന്റെയും ഉപാധി കള്‍ക്ക് വ്യത്യാസമുണ്ട്. ഈശ്വരന് സമഷ്ടിയിലും ജീവന് വ്യഷ്ടിയിലും പ്രതിഫലിക്കുന്ന ഒരേ ചൈതന്യം തന്നെയാണ്.
അങ്ങനെ നോക്കുമ്പോള്‍ രണ്ടും തമ്മില്‍ വ്യത്യാസമേയില്ല. പാരമാര്‍ഥിക ദൃഷ്ട്യാ നോക്കുമ്പോള്‍ ഏകവും അദ്വയവുമായ ബ്രഹ്മത്തില്‍ ഉപാധികളൊന്നുമില്ല പരബ്രഹ്മം തന്നെയാണ് ഉപാധി ഭേദം കൊണ്ട് ഈശ്വരനായും ജീവനായുമായിത്തീരുന്നത്.
ഉപാധികളുമായി ബന്ധപ്പെടുമ്പോള്‍ ജീവനും ഈശ്വരനും വിരുദ്ധമായ ധര്‍മങ്ങളോട് കൂടിയവയാകും. ആ തരത്തില്‍ അവയെ ഒന്നാണെന്ന് പറയാനാവില്ല. പരമാത്മചൈതന്യം തീര്‍ത്തും വ്യത്യസ്തമായ രണ്ട് ഉപാധികളിലൂടെ പ്രകടമാകുമ്പോള്‍ രണ്ടും രണ്ടു തരത്തില്‍ തന്നെയാകും. രണ്ടിന്റെ ഉപാധികള്‍ നീക്കിയാല്‍ അവയില്‍ പ്രകടമായ ചൈതന്യം ഒന്ന് തന്നെയെന്ന് ബോധ്യമാകും.
ഒരു മെഗാവാട്ട് ബള്‍ബിലും ഒരു ചെറിയ ബള്‍ബിലും പ്രകടമാകുന്നത് ഒരേ വൈദ്യുതി തന്നെയാണ്. ഒരു ഉപാധികളും പരിമിതപ്പെടുത്തതാണ് യഥാര്‍ഥ വൈദ്യുതി. ബ്രഹ്മം മായയാകുന്ന ഉപാധിയിലൂടെ പ്രകടമാകുമ്പോള്‍ ഈശ്വരന് എന്നതായിത്തീരും. പഞ്ചകോശങ്ങളിലൂടെ പ്രകടമായി ജീവന് എന്നതായും മാറും.
വേദാന്തികള്‍ മായ എന്ന് പറയുന്നതിനെയാണ് മറ്റ് ദാര്‍ശനികര്‍ ‘മഹത്’ എന്ന് പറയുന്നത്. മഹത്, സമഷ്ടി ബുദ്ധി എന്നൊക്കെ ഇതിന് പേരുണ്ട്. ഈശ്വരനില്‍ നിന്ന് മായ എന്ന ഉപാധിയേയും ജീവനില്‍ നിന്ന് പഞ്ചകോശം എന്ന ഉപാധിയേയും നീക്കിയാല്‍ അവശേഷിക്കുന്നത് പരമചൈതന്യമായ ബ്രഹ്മം മാത്രമാണ്.
പരമമായ ചൈതന്യം ജീവന് എന്ന നിലയില്‍ ഒരു വ്യക്തിയിലൂടെ പ്രകടമാകുന്നത് വ്യഷ്ടി എന്ന് പറയും. അതേ ചൈതന്യം തന്നെ എല്ലാ ഉപാധികളുടെയും സമ്മേളനമായ ജഗത്ത് എന്ന നിലയില്‍ പ്രകടമാകുമ്പോള്‍ സമഷ്ടി എന്ന് വിളിക്കും. വ്യഷ്ടി ഉപാധിയിലൂടെയും സമഷ്ടി ഉപാധിയിലൂടെയും പരമാത്മതത്ത്വം ജീവനും ഈശ്വരനുമായി പ്രകടമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: