അടിമാലി: മാങ്കുളം മുനി പാറയില്‍ നടത്തിയ നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിന്റെ ഉണക്കി സൂക്ഷിച്ച ഇറച്ചി പിടികൂടി, രണ്ട് പേര് പിടിയില്‍.
മാങ്കുളം മുനിപാറയില്‍ താമസിക്കുന്ന എടാട്ട്കുന്നേല്‍ പ്രസന്നന്(62), മകന് പ്രണവ് പ്രസന്നന്(30) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രസന്നന് ചാരായം വാറ്റി വില്‍പ്പന നടത്തുന്നുണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍ തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ ഒരു കിലോ ഉണക്ക കാട്ടുപോത്തിറച്ചി എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് മാങ്കുളം ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ച് കേസെടുക്കുകയും ചെയ്തു. അടിമാലി ഭാഗത്ത് താമസിക്കുന്ന സുഹൃത്ത് നല്കിയ കാട്ടുപോത്തിറച്ചിയാണെന്നാണ് പ്രതികള്‍ സമ്മതിച്ചത്. ഇറച്ചി വ്യാപാരം നടത്തുന്നവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദ്, ഓഫീസര്‍മാരായ ഉദയ സൂര്യന്, കെ.എച്ച്. രാജീവ്, കെ.വി. സുകു, കെ. എസ്. മീരാന്‍, മാനുവല്‍ എന്‍.ജെ, സച്ചു ശശി, ശരത് എസ്.പി. എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: