‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന വചനത്തിന്റെ പേരില്‍ വളരെയേറെ വിമര്‍ശനം ഏറ്റുവാങ്ങിയ സ്മൃതികാരനാണ് മനു.
‘പിതാരക്ഷതി കൗമാരേ,
ഭര്‍ത്താ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’
സ്ത്രീകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ആവശ്യമില്ലെന്ന് സ്മൃതികാരന്‍ വിധിച്ചെങ്കിലും, സ്വയം ക്ലേശിച്ച് ഉപജീവന മാര്‍ഗം തേടാന്‍ സ്ത്രീകളെ അനുവദിക്കാത്ത ഓരോ കാലത്തും, അവരെ മറ്റുള്ളവര്‍ സംരക്ഷിക്കണമെന്നാണ് ഈ ശ്ലോകത്തിലൂടെ മനു ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ
‘യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വാസ്ത്രാഫലാഃ ക്രിയാഃ”
(മനു സ്മൃതി.)
നാരിമാരെ പൂജിക്കുന്നിടത്ത് ദേവതമാര്‍ പ്രസാദിക്കും. അനുഗ്രഹിക്കും. അവരെ പൂജിക്കാതെയിരുന്നാല്‍ സകല കര്‍മങ്ങളും നിഷ്ഫലമാകും എന്നാണ് മനു നിര്‍ദ്ദേശിക്കുന്നത്. എന്നുതന്നെയല്ല വീട്ടിലെ വരവ്-ചെലവുകളുടെയും ധര്‍മകാര്യങ്ങളുടേയും എല്ലാ ചുമതലയും സ്ത്രീക്കു തന്നെ നല്‍കണമെന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. ഏറ്റവും മുഖ്യ ധര്‍മം കാര്യമായ യാഗാദികളനുഷ്ഠിക്കുന്നത് പത്‌നീസഹിയായിട്ടുവേണം എന്നും സ്മൃതികാരന്‍ സൂചിപ്പിക്കുന്നു.
സ്മൃതികളില്‍ ഏറ്റവും പ്രാചീനം മനുസ്മൃതിയാണെന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. പ്രതിപാദിതമായ ധര്‍മങ്ങളെ സ്മരിക്കുന്നത് എന്നാണ് സ്മൃതി സംജ്ഞയ്‌ക്ക് അര്‍ത്ഥം.
‘ശ്രുതീസ്തു വേദോ വിജ്ഞേയോ
ധര്‍മ്മ ശാസ്ത്രം തു വൈ സ്മൃതി’
എന്നാണ് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നത്.
വേദങ്ങളില്‍ മാനവജാതി അനുഷ്ഠിക്കേണ്ട ആചാരനിയമങ്ങള്‍ (ധര്‍മങ്ങള്‍) ചിതറിക്കിടക്കുന്നുണ്ട്. വേദമന്ത്രം, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം സമാഹരിച്ച് ഗ്രന്ഥരൂപത്തിലാക്കിയതാണ് സ്മൃതികള്‍.
കല്ലട ഷണ്മുഖന്‍
















