ഇരിട്ടി : കൈവിട്ടു പോയ അവസ്ഥയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ കോവിഡ് വ്യാപനം മേഖലയിൽ അതിരൂകഷമായി തുടരുന്നതിനിടയിൽ ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഇരിട്ടി നഗരവും സമീപ വാർഡുകളും പൂർണ്ണമായും അടച്ചിട്ടു. ഇതോടെ വ്യാഴാഴ്ച നഗരം വിജനമായ അവസ്ഥയിലായി. ഏതാനും പച്ചക്കറി, പലചരക്കു കടകളും മൊത്തവ്യാപാര ശാലകളും, മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നത് . മൊത്തവ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 8 മുതൽ 10 വരെയും, ചില്ലറ വിൽപ്പന ശാലകൾക്ക് ഉച്ച 12 വരെയും മാത്രമായിരുന്നു പ്രവർത്തന സമയം അനുവദിച്ചിരുന്നത്. ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. കെ എസ് ആർ ടി സി , സ്വകാര്യ ബസ്സുകൾ എന്നിവ നാമമാത്രമായി ഓടിയെങ്കിലും ഇവർക്ക് ഇരിട്ടി ബസ് സ്റ്റാന്റിൽ പ്രവേശിക്കാനുള്ള അനുമതി പോലീസ് നൽകിയില്ല.
കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പ്രധാന പാതയിൽ മൂന്നിടത്ത് പോലീസ് ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി. പുന്നാട് , ജബ്ബാർ കടവ്, ഇരിട്ടി പാലം എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റ് ഏർപ്പെടുത്തിയത്. അവശ്യ സർവീസ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തി വിട്ടത്. പ്രധാന പാതകളിൽ നിന്നും ഗ്രാമീണ മേഖലയിലേക്ക് തുറക്കുന്ന റോഡുകളും പോലീസ് അടച്ചു. പുതുശ്ശേരി, കണ്ണിക്കരി , കരുവണ്ണൂർ , കടത്തും കടവ്, അളപ്ര, മുക്കട്ടി, തന്തോട് – കടത്തും കടവ്, കോറമുക്ക് – വികാസ് നഗർ, കീഴൂർ – കൂളിച്ചമ്പ്ര, കീഴൂർ – വികാസ് നഗർ, കീഴൂർ – അമ്പലം റോഡ്, അണ്ടിക്കമ്പനി – വികാസ് നഗർ , അണ്ടിക്കമ്പനി – എടക്കാനം എന്നിവ ഉൾപ്പെടെ 25 റോഡുകളാണ് അടച്ചത്. ഒരു ലോഡ് മുള ഇറക്കിയാണ് പോലീസ് റോഡുകൾ അടച്ചത്. ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ കുട്ടികൃഷ്ണൻ, എസ് ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകുന്നത് .
താലൂക്ക് ആശുപത്രിയിൽ നിന്നുമുണ്ടായ കോവിഡ് വ്യാപനം ഓരോ ദിവസവും കൂടുകയാണ്. ഇതുവരെയായി 38 പേരിലേക്ക് ഇവിടെ നിന്നും കോവിഡ് വ്യാപിച്ചു കഴിഞ്ഞതാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന കണക്ക്. ഇരിട്ടി നഗരസഭ കൂടാതെ സമീപ പഞ്ചായത്തുകളായ പായം, ആറളം, ഉളിക്കൽ,പടിയൂർ പഞ്ചായത്തുകളിലാണ് സമ്പർക്ക വ്യാപനം നടന്നത്.
പായം പഞ്ചായത്തിലെ തന്തോട് (13 ) , അളപ്ര (15 ) എന്നീവർഡുകൾ കണ്ടെയ്‌ൻമെൻറ് സോണാക്കി. അളപ്ര വാർഡിൽ ഒരു കുടുംബത്തിലെ 90 വസ്സുകാരിക്കുൾപ്പെടെ നാലുപേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയിൽ നിന്നും കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മരണമടഞ്ഞ കൊശവൻ വയൽ സ്വദേശി കിടന്ന തൊട്ടപ്പുറത്തെ കിടക്കയിലായിരുന്നു ഇവർ ആശുപത്രിയിൽ കിടന്നിരുന്നത്. ഇവിടുത്തെ രണ്ടുപേരുടെ കൂടി ഫലം ഇനിയും വരേണ്ടതുണ്ട്.
പായം തന്തോട്ടെ ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാടത്തിലെ പന്ത്രണ്ടാം വാർഡിൽ വീരാജ് പേട്ടയിൽ നിന്നും എത്തിയ ഒരാളുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ഇരിട്ടി പോലീസ് സ്റ്റേഷൻ ഉൾപ്പെടെ 100 മീറ്റർ പരിധിയിൽ കണ്ടെയ്‌ൻമെൻറ് സോണാക്കി നിയന്ത്രണം ഏർപ്പെടുത്തി.
പായം (10), പെരുമ്പറമ്പ് (14), ഉദയഗിരി (18) എന്നീ വാർഡുകൾ നേരത്തേ കണ്ടെയ്‌ൻമെൻറ് സോണാക്കിയിരുന്നു . പായം പഞ്ചായത്തിൽ മാത്രം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും രോഗ പകർന്നവരുടെ എണ്ണം പതിനഞ്ചായി. ഇതിൽ ഏഴുപേർ ഒരു കുടുംബത്തിൽ നിന്നുമുള്ളവരാണ്. ഉദയഗിരിയിൽ കഴിഞ്ഞ ആഴ്ച മരിച്ച ആളുടെ ഭാര്യ വള്ളിത്തോട് പി എച്ച് സി യിൽ എത്തിയതിനെത്തുടർന്നുണ്ടായ രോഗപകർച്ചയിലൂടെയാണ് ഇവിടുത്തെ ഫാർമസിസ്റ്റിന് കഴിഞ്ഞദിവസം രോഗം പിടിപെട്ടത് എന്നാണ് കരുതുന്നത്.
പായം പഞ്ചായത്ത് സുരക്ഷാ സമിതി യോഗവും , തന്തോട് , അളപ്ര വാർഡുകളുടെ ജാഗ്രതാ സമിതിയോഗവും വ്യാഴാഴ്ച നടന്നു. യോഗത്തിൽ എൻ. അശോകൻ, സിക്രട്ടറി ജിജി തോമസ്, സി ഐ കുട്ടികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ . രഹന, എച്ച് ഐ എം. സുരേഷ്, വാർഡ് മെമ്പർമാരായ , പ്രേമൻ , ഷീബ, കെ. കെ. വിമല എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എടൂർ , കാരാപ്പറമ്പ് ടൗണുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും
ഓടാക്കലിൽ കോവിഡ് ബാധിച്ച ആളുടെ അക്ഷയ , വില്ലേജ് ഓഫീസുകളിലെ സമ്പർക്കത്തെ തുടർന്ന് അടച്ചിട്ട എടൂർ, കാരാപ്പറമ്പ് ടൗണുകൾ അടച്ചിട്ടത് . എന്നാൽ തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റുകളിൽ ആർക്കും രോഗം പകരുന്നതായി കണ്ടെത്താനായില്ല. ഇതിനെത്തുടർന്നാണ് ഈ ടൗണുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: