ഇടുക്കി: 58 പേരുടെ മരണത്തിന് ഇടയാക്കിയ പെട്ടിമുടിയിലെ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ ‘ഫോട്ടോഷൂട്ട്’ നടത്തിയതായി ആക്ഷേപം. സോഷ്യല്‍ മീഡിയയാണ് ഇത്തരത്തിലൊരു ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എഎ റഹിം ജെനീഷ് കുമാര്‍ എംഎല്‍എയും അടങ്ങിയ സംഘം പെട്ടിമുടിയില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് ഡിവൈഎഫ്ഐക്കാര്‍ എത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് ദുരന്തസ്ഥലത്ത് റഹിമും സംഘവും ഫോട്ടോഷൂട്ട് നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ചില ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ദുരന്തമുഖത്തെ ഡിവൈഎഫ്ഐ നേതാക്കളുടെ ഫോട്ടോഷൂട്ട് വന്‍ വിവാദമായിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, പെട്ടിമുടി ഉരുള്പൊട്ടിലില്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ചിന്നത്തായ് (62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടി പുഴയിലെ ഗ്രേവല്‍ ബാങ്ക് പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്. ഇതോടെ മരണം 58 ആയി. 12 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ലയങ്ങളുടെ സമീപത്തു താമസിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ മുരുകന്റെ വളര്‍ത്തുനായ്ക്കളാണ് പുഴയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രണ്ടു വയസ്സുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയതും കുവി എന്ന വളര്‍ത്തുനായയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രണ്ടു മൃതദേഹങ്ങളും സംസ്കരിച്ചു. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ നാളെയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: