ആലപ്പുഴ: മലയാളി മനസില്‍ കാവ്യവസന്തം വിരിയിച്ച മഹാകവി വയലാര്‍ രാമവര്‍മയുടെ ജീവിതകഥ സിനിമയാകുന്നു. 250ലേറെ സിനിമകള്‍ക്കായി 1500ലധികം ഗാനങ്ങള്‍, 150ലേറെ നാടക ഗാനങ്ങള്‍, നൂറിലേറെ കവിതകളുമായി മൂന്നര പതിറ്റാണ്ടോളം അക്ഷരസൂര്യനായി ജ്വലിച്ചു നിന്ന വയലാറിന്റെ ജീവിതകഥയാണു വെള്ളിത്തിരയിലെത്തുന്നത്. ബയോപിക്കിന്റെ പുതിയ ശൈലിയിലൂടെ അവതരിപ്പിക്കുന്നത് സംവിധായകന് പ്രമോദ് പയ്യന്നൂരാണ്. വയലാറിനെക്കുറിച്ച് ദൃശ്യമാധ്യമരംഗത്ത് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ ചെയ്ത സംവിധായകന് കൂടിയാണ് ഇദ്ദേഹം.
രാഘവപ്പറമ്പിലെ വയലാര്‍ സ്മൃതി കുടീരത്തിന് മുന്നില്‍ നിന്ന് വയലാറിന്റെ പത്നി ഭാരതി രാമവര്‍മ്മയും മകന് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നു പുതിയ ചിത്രവിശേഷം മാധ്യമങ്ങളുമായി പങ്കുവച്ചു. വയലാര്‍ ജീവിതം, മലയാള സിനിമയുടെ സുവര്‍ണകാലം, പുന്നപ്രവയലാര്‍ സമരം എന്നിങ്ങനെ വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്.
മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ ചലച്ചിത്രമായിരിക്കുമിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ അരുണ്‍ എം.സി.യും സലില്‍ രാജും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയില്‍ സ്ക്രീനിലും അണിയറയിലും നിരവധി പ്രതിഭകള്‍ അണിനിരക്കുന്നു. സേതു അടൂരാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. രതീഷ് സുകുമാരനും, കെ. ബിനുകുമാറുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ താമസിയാതെ പുറത്തുവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: