തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റേയും പഞ്ചായത്തംഗംങ്ങളുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിമി, കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി. സെര്വ്വര് ഡൗണായത് കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നല്കാന് കാലതാമസം നേരിട്ടതെന്ന് മനസിലാക്കാതെ മുന്‍വിരോധം തീര്‍ക്കാനാണ് വില്ലേജ് ഓഫീസില്‍ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ ഉദ്യോഗസ്ഥയെ ഘരാവോ ചെയ്തത്.
ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദ പോലും കാണിക്കാതെ ഓഫീസില്‍ കുത്തിയിരിപ്പ് നടത്തി ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.ജി. ഷാജി, പഞ്ചായത്തംഗങ്ങളായ ശിവന്, ഗോപി കുറ്റിക്കല്‍, മറ്റു സിപിഎം നേതാക്കള്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ ആവശ്യപ്പെട്ടു.
സിപിഎം സമീപനം അപലപനീയം: എ. നാഗേഷ്
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും സിപിഎം നേതാക്കളും ചേര്‍ന്ന് ഓഫീസില്‍ വെച്ച് ഘരാവോ ചെയ്ത് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സി.എന്‍. സീമയെ ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റേയും പഞ്ചായത്ത് അംഗങ്ങളുടെയും നടപടി അപലപനീയമാണ്.
പ്രളയകാല തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, മെമ്പര്‍മാരായ ഷാജി, ഗോപി, ശിവന് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥയെ ഘരാവോ ചെയ്തതെന്നും സിപിഎമ്മിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും മാധ്യമങ്ങളോട് എ. നാഗേഷ് പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു, സംസ്ഥാന സമിതിയംഗം കെ.പി. ജോര്‍ജ്ജ്, ഇ.എം. ചന്ദ്രന് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: