കൊല്ലം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ആരംഭിക്കുന്ന നാശമുക്ത് ഭാരത് ക്യാമ്പയിനിന്റെ ജില്ലാതല ആലോചനാ യോഗം ചേര്‍ന്നു. കൊല്ലം ജില്ലയുള്‍പ്പടെ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഇത് നടപ്പാക്കുന്നത്.
കളക്ടര്‍ ചെയര്‍മാനും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സെക്രട്ടറിയുമായ ജില്ലാ സമിതി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ ക്യാമ്പയിന് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ 18ന് പുറത്തിറക്കാന്‍ തീരുമാനിച്ചു. ആഗസ്റ്റ് അവസാനത്തോടെ വിദ്യാലയങ്ങളും മറ്റ് പൊതുഇടങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം.
ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍, പോസ്റ്റര്‍-ചിത്ര പ്രദര്‍ശനങ്ങള്‍, കൊളാഷ്, കാര്‍ട്ടൂണ്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമൊപ്പം രക്ഷാകര്‍ത്താക്കളുടെ പ്രാതിനിധ്യവും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന രീതിയില്‍ തുടര്‍ച്ചയായ ബോധവത്കരണങ്ങള്‍ നാശമുക്ത് ക്യാമ്പയിനിലൂടെ വ്യാപിപ്പിക്കും. ചികിത്സാസംവിധാനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുമെന്നത് ക്യാമ്പയിന്റെ സുപ്രധാന മാര്ഗനിര്ദേശങ്ങളിലൊന്നാണ്.
പോലീസ്-എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ സ്ഥാപിച്ചിട്ടുള്ള ആന്റി നര്‍ക്കോട്ടിക് സെല്ലുകളും സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ വഴിയും ലഹരിവസ്തുക്കളുടെ വിതരണ ശൃംഖല ഇല്ലാതാക്കും. ലഹരിയില്‍ നിന്ന് മുക്തരായ വ്യക്തികളെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: