തിരുവനന്തപുരം: കവളപ്പാറയിലേയും പുത്തുമലയിലേയും മുന്‍ ദുരന്തങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നതിന് രാജമല തെളിവ്.
സംസ്ഥാനത്തെ 14.4 ശതമാനം സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അപ്പാടെ അവഗണിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കാലവര്‍ഷത്തിനു മുമ്പേ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രാജമല ഇത്രയും വലിയ ദുരന്തത്തിന് സാക്ഷിയാകില്ലായിരുന്നു.
14.4 ശതമാനം പ്രദേശങ്ങളിലും പ്രളയസാധ്യത ഉള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2018 ല്‍ നടന്ന മഹാപ്രളയത്തിനുശേഷം 1943 സ്ഥലങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. അന്നത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഭൂപടങ്ങള്‍ വ്യക്തമാക്കിയിരുന്നത് 5607.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതാണെന്നാണ്. 14 ജില്ലകളിലായി ആകെ 5624.1 ച. കിലോമീറ്റര്‍ പ്രദേശത്താണ് പ്രളയസാധ്യത. ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ 1848.3 ച. കിലോമീറ്റര്‍ പ്രദേശവും അതിതീവ്ര അപകടസാധ്യതയുള്ളതാണ്. മിതമായ തോതില്‍ അപകടസാധ്യതയുള്ളത് 3759.2 ച. കിലോമീറ്റര്‍ മേഖല. ഇതില്‍ ഇടുക്കി, പാലക്കാട് ജില്ലകളാണ് കൂടുതല്‍ അപകടസാധ്യതയെന്നും പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതി തീവ്ര മേഖലകളിലുള്ളവരെയും അപകടകരമായ പ്രദേശങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്നവരെയും സുരക്ഷിത മേഖലകളില്‍ വീടുകള്‍ നിര്‍മ്മിച്ച് മാറ്റി പാര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
മഴ ശക്തമാകുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയതല്ലാതെ പ്രകൃതി ദുരന്തത്തെ നേരിടാന്‍ ഒരു സജ്ജീകരണവും ചെയ്തിരുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന രാജമലയില്‍ ഇത്രയും വലിയ ദുരന്തമുണ്ടാകില്ലായിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: