അടിമാലി: ദേവികുളം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പില്‍ വീണ്ടും മലയിടിച്ചില്‍. ഇളകി നിന്നിരുന്ന പാറക്കൂട്ടങ്ങളും മണ്ണും മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി അടിവാരത്ത് കിളവിപാറയിലെ നിരവധിപ്പേരുടെ കൃഷിയിടങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ തവണയുണ്ടായ മലയിടിച്ചിലില്‍ കൃഷിനാശം നേരിട്ട കര്‍ഷകരുമായി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഭവം.
ജൂണ്‍ 17ന് അവസാനമായി വലിയതോതില്‍ മലയിടിഞ്ഞ ഭാഗത്ത് ബുധനാഴ്‌ച്ച രാവിലെ ചെറിയ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രാത്രിയില്‍ പാറക്കൂട്ടങ്ങളും, മണ്ണും വന്‍തോതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ചിലുണ്ടായതിന്റെ അടിവാരത്തെ കിളവിപാറയില്‍ നിരവധി ഏക്കറിലെ ഏലം ഉള്‍പ്പെടെയുള്ള കൃഷി നശിച്ചു. കുന്നേല്‍ ബേബിയുടെ നാലേക്കറോളവും, പറക്കാലായില്‍ സജിയുടെ ഒരേക്കറോളവും, കരീം എസ്റ്റേറ്റിലെ 5 ഏക്കറോളവും, പാറക്കാലായില്‍ അനുമോന്റെ ഒരേക്കറോളവും, പുകമല ഗോപിയുടെ അരയേക്കറോളവും സ്ഥലത്തെ കൃഷി നശിച്ചു.
പ്രദേശവാസിയായ പളനിവേലിന്റെ വീടിന്റെ മുറ്റം വരെ ചെളി ഒഴുകിയെത്തി. കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും, വേണാട്- കിളവിപാറ റൂട്ടിലെ ചെറിയ നടപ്പാലവും തല്‍കര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: