മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കാമുകി റിയ ചക്രവര്‍ത്തിയടക്കം ആറു പേര്‍ക്കെതിരെ കേസെടുത്ത് സിബിഐ. അന്വേഷണം കഴിഞ്ഞ ദിവസം സിബിഐക്കു കൈമാറിയിരുന്നു. റിയയുടെ അച്ഛന് ഇന്ദ്രജിത്ത്, അമ്മ സന്ധ്യ, സഹോദരന് ഷൊവിക് ചൗധരി എന്നിവര്‍ക്കെതിരെയും സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഹാരാഷ്ട്രാ- ബീഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സുപ്രീംകോടതി കഴിഞ്ഞ ദിവസം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടും ബീഹാറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെ ക്വാറന്റൈനില്‍ നിന്ന് പുറത്ത് വിടില്ലെന്ന നിലപാടിലാണ് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്. ഐപിഎസ് ഉദ്യോഗസ്ഥന് വിനയ് കുമാര്‍ ഓണ്‍ലൈനായി കേസ് അന്വേഷിക്കട്ടെയെന്നും ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ബീഹാര്‍ ഐജിക്കയച്ച കത്തില്‍ പറഞ്ഞു.
സുശാന്തിന്റെ അച്ഛന് കെ.കെ. സിങ് പാട്നയില്‍ നല്കിയ കേസ് അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ ബലമായി ക്വാറന്റൈനിലാക്കുകയായിരുന്നു. മുംബൈ പോലീസ് തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിഎംസിയുടെ ഈ നീക്കം.
അതേസമയം, മുംബൈയിലെത്തിയ അന്വേഷണസംഘത്തിലെ മറ്റ് നാല് ഉദ്യോഗസ്ഥരും ഇന്നലെ പാട്നയിലേക്ക് മടങ്ങിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആവശ്യവും മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍, മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്രം അംഗീകരിച്ചതും മഹാരാഷ്ട്രയ്ക്ക് തിരിച്ചടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: