ഭാരതം കൈക്കൊണ്ട ചരിത്രപരമായ തീരുമാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസമായിരുന്നു ആഗസ്റ്റ് അഞ്ച്. മറ്റൊരു ഉജ്ജ്വല ദൗത്യത്തിന് നാന്ദി കുറിച്ചതും ആ സുദിനത്തില്ത്തന്നെ. ഏഴ് പതിറ്റാണ്ടായി ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥ റദ്ദാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രകടിപ്പിച്ച ആര്‍ജ്ജവം ഒട്ടനവധി പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ആ നടപടി കശ്മീരിനെ പുരോഗതിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. വോട്ട്ബാങ്ക് രാഷ്ട്രീയം കൈമുതലാക്കിയവരുടെ കൈയ്യിലെ കശ്മീര്‍ എന്ന തുറുപ്പ് ചീട്ടാണ് മോദി സര്‍ക്കാര്‍ മടക്കി കൈയില്‍ കൊടുത്തത്. അതില്‍ അമര്‍ഷം പൂണ്ട പ്രതിപക്ഷം പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് അങ്ങാടിപ്പാട്ടു പാടി. ഒന്നും ഏശിയില്ല. അത് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നു. നമുക്ക് രണ്ട് ഭരണ ഘടനകളുടേയും രണ്ട് പ്രധാനമന്ത്രിമാരുടേയും രണ്ട് ദേശീയ പതാകകളുടേയും ആവശ്യമില്ലെന്ന് മുന്നേ വ്യക്തമാക്കിയ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നമാണ് മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.
ജമ്മു-കശ്മീര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശാന്തമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായി എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.
അയല്‍ രാജ്യമായ പാക്കിസ്ഥാന്, ഇന്ത്യക്കെതിരായ അജണ്ട നടപ്പാക്കാന്‍ എപ്പോഴും മറയാക്കിയിരുന്നത് ജമ്മു-കശ്മീരിനെയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഇവിടുത്തെ പ്രതിപക്ഷത്തെ എന്നപോലെ പാക്കിസ്ഥാനേയും ചൊടിപ്പിച്ചിരുന്നു. ജമ്മു-കശ്മീരിലെ യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിജയം കണ്ട പാക്കിസ്ഥാന് ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. അതുതന്നെയാണ് പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ രാജ്യത്തിനുണ്ടായ പ്രധാന നേട്ടവും. ഭീകരതയുടെ വിത്ത് പാകിയ ഒട്ടേറെ തീവ്രവാദികളെ വകവരുത്തുവാനും നിരവധി ജില്ലകള്‍ ഭീകര മുക്തമാക്കാനും സാധിച്ചു.
വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കശ്മീരിനെ പിന്നോട്ടടിച്ചിരുന്ന അവിടുത്തെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വന്നതിലൂടെ, വന്‍ വികസന പദ്ധതികളാണ് ഈ കേന്ദ്രഭരണ പ്രദേശത്തെ കാത്തിരിക്കുന്നത്. 80, 063 കോടി രൂപയുടെ വികസന പാക്കേജില്‍ 63 പദ്ധതികള്‍ ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനം വരുത്തി. രണ്ട് എയിംസ് ആശുപത്രികള്‍, അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍, അഞ്ച് നഴ്സിംഗ് കോളേജുകള്‍, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവ സ്ഥാപിച്ചു. ടൂറിസം പോലുള്ള മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപത്തിന് സാധ്യതയുള്ള ജമ്മു-കശ്മീരിന്റെ യഥാര്‍ത്ഥ വികസനം ഇനി വരാന്‍ പോകുന്നതേയുള്ളൂ. ഉഡാന്‍ പദ്ധതി പ്രകാരം 11 വിമാനത്താവളങ്ങള്‍ ജമ്മു-കശ്മീരിലും രണ്ടെണ്ണം ലഡാക്കിലും നിര്‍മിക്കുന്ന കാര്യവും പരിഗണനയിലാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതി ഇപ്പോള്‍ ജമ്മു-കശ്മീര്‍ നിവാസികള്‍ക്കും ലഭ്യമാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും രാജ്യത്ത് മാതൃക സൃഷ്ടിക്കുവാനും ഈ ജനതയ്ക്ക് സാധിക്കുന്നു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ വ്യക്തമായ താക്കീതാണ് ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത്. ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തേയും ചെറുക്കുമെന്ന മുന്നറിയിപ്പ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന ചൈനയ്ക്കും ഈ നടപടിയില്‍ അമര്‍ഷമുണ്ട്. നിയമ വിരുദ്ധമെന്നും അസാധുവെന്നുമൊക്കെയാണ് അവരുടെ ഭാഷ്യം. ജമ്മു-കശ്മീരിനൊപ്പം പുതിയ കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിന്റെ ഭാഗമായിട്ടുള്ളതും, ചൈന കൈവശപ്പെടുത്തിയിട്ടുള്ളതുമായ ആക്സായ് ചിന് നഷ്ടപ്പെടുമോ എന്ന ഭയമാണ് ചൈനയെ അലട്ടുന്നത് എന്ന് വ്യക്തം. ആക്സായ് ചിന് തിരച്ചുപിടിക്കുക എന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ആവശ്യവുമാണ്. അതിനാല്‍ ചൈനയുടെ ആ ഭയം സ്വാഭാവികവുമാണ്. ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില് ചൈന സംഘര്‍ഷം സൃഷ്ടിച്ചതും ഇതിന്റെ ഭാഗമായാണെന്ന് കരുതേണ്ടിയിരിക്കുന്നു. അസാധ്യം എന്ന് കരുതിയതൊക്കെയും സാധ്യം എന്ന് തെളിയിച്ച മോദി സര്‍ക്കാരിന്, ഇന്ത്യയിലേക്കുള്ള ചൈനീസ് അധിനിവേശത്തേയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: