കോഴിക്കോട്: സിപിഎമ്മുമായി ബിജെപി കൂട്ടുക്കെട്ടുണ്ടാക്കുകയാണെന്ന കെ. മുരളീധരന്റെ ആരോപണം കുരുടന് ആനയെ കണ്ടപോലെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പരിഹസിച്ചു. മാറാട് കൂട്ടക്കൊല നടന്നപ്പോള്‍ വേട്ടക്കാര്‍ക്ക് വേണ്ടി കോഴിക്കോട്ടെ തെരുവില്‍ ഒന്നിച്ച് സമരം ചെയ്തവരാണ് അന്നത്തെ കെപിസിസി പ്രസിഡന്റായ മുരളീധരനും സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയനും.
ഡിഐസി ഉണ്ടാക്കി സിപിഎമ്മിന്റെ ആലയില്‍ പോയി കിടന്ന പാരമ്പര്യമാണ് മുരളിക്കുള്ളത്. എന്നാല്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരെ ചങ്കുറപ്പോടെ പൊരുതുന്ന പാര്‍ട്ടിയാണ് ബിജെപി. ഇതുകൊണ്ട് തന്നെ നിരവധി പ്രവര്‍ത്തകരാണ് കമ്മ്യൂണിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. പിണറായി വിജയനെ എല്ലാകാലത്തും സഹായിച്ചതിനുള്ള പ്രതിഫലമാണ് മുരളീധരന് വടകരയില്‍ കിട്ടിയ എംപി സ്ഥാനം. കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഭയന്ന് തീവ്രവാദ സംഘടനകളെ പോലും ഒപ്പം ചേര്‍ത്ത് അവിശുദ്ധ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്.
കോഴിക്കോട്ടെ വ്യവസായിയായ കെപിസിസി ജനറല്‍സെക്രട്ടറിയും ദേശാഭിമാനിയുടെ എഡിറ്ററും ചേര്‍ന്ന് നടത്തുന്ന പിആര്‍ ഏജന്‍സിയാണ് സിപിഎം – കോണ്‍ഗ്രസ് ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്നത്. മഞ്ചേശ്വരത്ത് കെ.ജി. മാരാറെയും കെ. സുരേന്ദ്രനെയും തോല്‍പ്പിക്കാന്‍ ഉണ്ടാക്കിയ സിപിഎം – കോണ്‍ഗ്രസ്- ലീഗ് – എസ്ഡിപി ഐ സഖ്യം കേരളമാകെ വ്യാപിപ്പിക്കാനാണ് ശ്രമം. മുസ്ലീം തീവ്രവാദ വോട്ടുകളില്‍ കണ്ണു വെച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി – സിപിഎം കൂട്ടുകെട്ട് എന്ന പ്രചരണം നടത്തി കേരളീയരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നതെന്നും പി. രഘുനാഥ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: