മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം മുറുകുകയാണ്. ഉന്നതരും ഭീകര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സ്വര്‍ണ്ണക്കടത്തുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും അവിഹിത ബന്ധങ്ങളും നിയമ വിരുദ്ധ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നിത്യേന പുറത്തുവരികയാണ്. കേസില്‍ അനവധി പേരാണ് ഇതിനകം അറസ്റ്റിലായത്. വിവാദത്തില്‍ കുടുങ്ങിയവരും ഇനി അറസ്റ്റിലാകാനുള്ളവരും എല്ലാം അന്വേഷണ സംഘങ്ങളുടെ വലയിലുണ്ട്. കേന്ദ്രത്തിന്റെ അഞ്ച് ഏജന്‍സികളാണ് അന്വേഷണത്തിലുള്ളത്. എന്‍ഐഎ, സിബിഐ, എന്‍ഫോഴ്സ്മെന്റ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് എന്നിവ. കോടികളുടെ സ്വര്‍ണ്ണമാണ് കടത്തിയത്. ഇതുവഴി ലഭിക്കുന്ന പണം വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.
വിവാദത്തീയില്‍ പൊള്ളിയവര്‍
മുഖ്യമന്ത്രിയും ശിവശങ്കറും
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ളവരാണ് സ്വര്‍ണ്ണക്കടത്തിലെ പങ്കാളികളും വിവാദങ്ങളില്‍ കുടുങ്ങിയവരും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന് , അഡീ. പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന് എന്നിവരാണ് വിവാദങ്ങളില്‍ കുടുങ്ങിയത്. ഉന്നത സ്ഥാനം വഹിക്കുന്ന, വഹിച്ചിരുന്ന ഇവരില്‍ എം.ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തു. വൈകാതെ എന്‍ഐഎയും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തിന്റെ കാര്യം ഇയാള്‍ക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും ഗൂഢാലോചനകളില്‍ പങ്കുണ്ടെന്നുമാണ് ഒന്നാം പ്രതി സരിത്തിന്റെയും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും മൊഴികള്‍. ഇയാള്‍ക്ക് സ്വപ്നയുമായും സരിത്തുമായും സന്ദീപുമായും വളരെ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധം. പൊതുപരിപാടിയില്‍ സ്പീക്കര്‍ സ്വപ്നയുടെ തോളില്‍ തട്ടുന്നതും, സ്വപ്ന സ്പീക്കറെ കസേരയില്‍ പിടിച്ചിരുത്തുന്നതും എല്ലാം അടങ്ങുന്ന വീഡിയോ വൈറലായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തതും ശ്രീരാമകൃഷ്ണന്.
മന്ത്രി കെ.ടി. ജലീല്‍
കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു. മൂന്നുതവണ സ്വപ്ന, മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്നാണ് വിവരം.
റംസാന് റിലീഫ് എന്ന പേരില്‍ യുഎഇയുടെ സാമ്പത്തിക സഹായം വാങ്ങി. ഇതെല്ലാം ചട്ടങ്ങള്‍ പാടെ ലംഘിച്ച്. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ ലംഘിച്ച് നേരിട്ട് ബന്ധം പുലര്‍ത്തി. സ്വര്‍ണ്ണക്കടത്തു പ്രതികളുമായുള്ള ബന്ധം.
ഡിജിപി ലോക്നാഥ് ബെഹ്റ
കേസിലെ പ്രതികളുമായി സൗഹൃദം പുലര്‍ത്തിയ ബെഹ്റ ഇവര്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തു. സ്വപ്നയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായി പോലീസുകാരനെ ചട്ടങ്ങള്‍ പാടെ ലംഘിച്ച് വിട്ടുകൊടുത്തു. പ്രതികളുമായി ഉള്ളത് ദുരൂഹ ബന്ധങ്ങള്‍.
അരുണ്‍ ബാലചന്ദ്രന്
വിവാദത്തില്‍ കുരുങ്ങിയ അരുണ്‍ ബാലചന്ദ്രന്, മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയാണ്. ശിവശങ്കറുമായുള്ള ബന്ധം വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ഇയാളെ വിവാദം കൊടുമ്പിരികൊണ്ടതോടെയാണ് നീക്കിയത്. സ്വര്‍ണ്ണക്കടത്തുകാരുമായി ഇയാള്‍ക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം.
വില്ലന്‍ വേഷക്കാര്‍
ഫൈസല്‍
ഫൈസല്‍ ഫരീദ്, സ്വര്‍ണ്ണക്കള്ളക്കടത്തുകളിലെ മുഖ്യ ആസൂത്രകനെന്ന് സൂചന. തൃശൂര്‍ കൈപ്പമംഗലം സ്വദേശി, താമസം ദുബായിയില്‍. ഇപ്പോള്‍ യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍. വിപുലമായ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച ഇയാള്‍ അനവധി തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതോടെ യുഎഇ പോലീസ് അറസ്റ്റു ചെയ്തു.
സ്വപ്ന, സരിത്, സന്ദീപ്
നയതന്ത്ര ബാഗേജിന്റെ മറവില്‍ കോടികളുടെ സ്വര്‍ണ്ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയാണ് സരിത്. ഇയാള്‍ യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒ ആയിരുന്നു. രണ്ടാം പ്രതി സ്വപ്ന. വിപുലമായ ബന്ധങ്ങള്‍. മുമ്പ് എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി. അവിടെവച്ച് ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് വ്യാജപരാതി നല്കി അയാളെ സ്ഥലം മാറ്റിച്ചു.
പിന്നീട് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തു. ഇവിടെ വച്ചുള്ള ബന്ധങ്ങള്‍ മുതലെടുത്ത് സ്വര്‍ണ്ണടക്കത്ത്. ഇതിനിടെ ശിവശങ്കറുമായും ആഴത്തിലുള്ള ബന്ധം. ഇരുവരും പലയിടങ്ങളില്‍ യാത്ര ചെയ്തു. ശിവശങ്കറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പുമായി ബന്ധപ്പെട്ട് ജോലി നേടി. പത്താം ക്ലാസ് പോലുമില്ലാത്ത അവര്‍ ഉന്നത ജോലിയാണ് നേടിയത്. ശമ്പളം ഒന്നേ മുക്കാല്‍ ലക്ഷം. സന്ദീപ് നാലാം പ്രതി. വിപുലമായ ബന്ധം. ഈ സംഘം മുമ്പും വന്‍തോതില്‍ സ്വര്‍ണ്ണക്കടത്തുകള്‍ നടത്തിയിട്ടുണ്ട്.
റമീസ്
കള്ളക്കടത്തിന്റെ ആണിക്കല്ല്. തീവ്രവാദ സംഘടനകള്‍ക്കു വേണ്ടി തോക്കു കടത്തിയ കേസിലും പ്രതി. മുമ്പ് പലകുറി സ്വര്‍ണ്ണം കടത്തി. പല കേസുകളിലും ആര്‍ക്കു വേണ്ടിയെന്നത് ദുരൂഹം.
എ.എല്‍. ജലാല്‍
മൂവാറ്റുപുഴ സ്വദേശിയാണ് ജലാല്‍. നിരവധി സ്വര്‍ണ്ണക്കടത്തു കേസുകളില്‍ പ്രതിയാണ്. 2015ല്‍ അറസ്റ്റിലായിരുന്നു. സന്ദീപില്‍ നിന്ന് റമീസും റമീസില്‍ നിന്ന് ജലാലുമാണ് കടത്തു സ്വര്‍ണ്ണം കൈപ്പറ്റിയിരുന്നത്. ഇയാളുടെ കാറിലെ രഹസ്യ അറ കസ്റ്റംസ് കഴിഞ്ഞ ദിവസം കണ്ടെത്തി. സ്വര്‍ണ്ണക്കടത്തിന് ആളുകളെ കണ്ടെത്തി നിയോഗിച്ചിരുന്നത് ജലാലാണ്.
ഷാഫിയും ഹംജത് അലിയും
കേസില്‍ അറസ്റ്റിലായവരാണ് മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടില്‍ പി. മുഹമ്മദ് ഷാഫിയും കൊണ്ടോട്ടി ബാബു നിവാസില്‍ ഹംജത് അലിയും മലപ്പുറം മഞ്ചേരി കമ്മുതറമ്മണ്ണില്‍ ടി.എം. മുഹമ്മദ് അന്‍വറും. ഇതില്‍ അന്‍വര്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചവരില്‍ ഒരാളാണ്.
സെയ്ദലവി
മലപ്പുറം വേങ്ങര എടക്കണ്ടന്‍ സെയ്ദലവി, ജലാലിന്റെ പക്കല്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം ജ്വല്ലറികള്‍ക്ക് കൈമാറുന്നത് ഇയാളാണ്. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുള്ള ഇയാള്‍ക്ക് കോഴിക്കോട്ടെ ജ്വല്ലറിയിലും കണ്വന്ഷന് സെന്ററിലും ഓഹരി പങ്കാളിത്തം. ബാവ എന്നും അറിയപ്പെടുന്ന ഇയാള്‍ക്ക് അല്‍ ഉമ എന്ന ഭീകര സംഘടനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
നിരോധനത്തെ തുടര്‍ന്ന് മറ്റു സംഘടനകളിലേക്ക് പോയ ഇതിന്റെ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നു. തബ്ലീഗ് പ്രവര്‍ത്തകനാണ് സെയ്ദലവി. 20 വര്‍ഷം മുമ്പേ സ്വര്‍ണക്കള്ളക്കടത്തു പ്രവര്‍ത്തനങ്ങളിലുണ്ട്.
ഹെസ ജ്വല്ലറിയും ഉടമയും പണം മുടക്കിയവരും
കസ്റ്റംസ് കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറിയില്‍ റെയ്ഡ് നടത്തി 3.45 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതിന് 1.45 കോടി രൂപ വില വരും. ഉടമ കൊടുവള്ളി മാനിപുരം കൈവേലിക്കല്‍ കെ.വി. മുഹമ്മദ് അബ്ദുള്‍ ഷമീമും അടുത്തയാളായ വട്ടക്കിണര്‍ കോങ്കണ്ടിപ്പറമ്പ് ജാസ്മഹലില്‍ സി.വി. ജിഫ്സലും പിടിയിലായി.
പണം നിക്ഷേപിച്ച മലപ്പുറം കൂട്ടലങ്ങാടി പടിക്കമണ്ണില്‍ പി.എം. അബ്ദുള്‍ ഹമീദ്, കൂട്ടിലങ്ങാടി പഴേടത്ത് അബൂബക്കര്‍, കോട്ടക്കല്‍ കോഴിച്ചന പട്ടിത്തൊടി പി.ടി. അബ്ദുഎന്നിവരും പിടിയിലായി. ഇവര്‍ മുന്‍പും സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നവരാണ്.
കൈത്തണ്ട മുറിച്ച് ജയഘോഷ്
യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാനായിരുന്നു. പോലീസ് കോണ്‍സ്റ്റബിളാണ്. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളുടെ നിയമനം അടക്കം ദുരൂഹമാണ്. ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: