നാമെല്ലാം ശരീരികളായി ഈ ലോകത്ത് ജനിക്കുമ്പോഴും ജീവിക്കുമ്പോഴും മരിക്കുമ്പോഴുമെല്ലാം പലരോടും പലതരത്തില്‍ കടക്കാരായിരിക്കും. ജന്മാന്തരത്തിലുള്ള വാസനാബലങ്ങളോടൊപ്പം ഇത്തരം കടങ്ങള്‍ വീട്ടാനുള്ള ബാധ്യതയും ഉത്തരവാദിത്വവും നമുക്കുണ്ട്. ഇത് വീട്ടാനുള്ള കര്‍മങ്ങളാണ് പഞ്ചയജ്ഞങ്ങള്‍ എന്നറിയപ്പെടുന്നത്. പഞ്ചയജ്ഞങ്ങളില്‍ പ്രധാനപ്പെട്ടതാണ് പിതൃയജ്ഞം. ശ്രാദ്ധങ്ങളും പിതൃതര്‍പണങ്ങളും ക്ഷേത്രപിണ്ഡങ്ങളും തിലഹോമാദി സത്കര്‍മങ്ങളും സപ്താഹം പോലെയുള്ള ജ്ഞാനയജ്ഞങ്ങളുമാണ് പിതൃയജ്ഞത്തിന്റെ ഭാഗമായി നാം ചെയ്യേണ്ടത്.
ശ്രദ്ധേയം ഇതി ശ്രാദ്ധം
ശ്രദ്ധയോടെ ചെയ്യേണ്ട കര്‍മങ്ങളാണ് ശ്രാദ്ധകര്‍മങ്ങള്‍. ‘ശ്രദ്ധേയം ഇതി ശ്രാദ്ധം’ എന്നാണ്. അതിനാലാണ് നാം എപ്പോഴും ഒരു ആചാര്യന്റെ നിര്‍ദേശങ്ങളും സഹകരണവും ഇതിനായി സ്വീകരിക്കുന്നത്. നാം അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പിഴവുകളോ പോരായ്‌മകളോ വന്നാല്‍ ആ ദോഷങ്ങള്‍ കൂടി തീര്‍ത്ത് സഹായിക്കുന്നത് ഈ ആചാര്യന്മാണ്. കര്‍മങ്ങളിലെ വീഴ്ചകള്‍ക്ക് ആചാര്യന്മാര്‍ അവരുടെ പ്രാര്‍ഥന, ഉപാസനാദികളിലൂടെ പ്രായശ്ചിത്തം ചെയ്യണം. ഗായത്രി, ഗീതാതൃഷ്ടുപ്പ് തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ച് ഇവര്‍ ദോഷങ്ങള്‍ തീര്‍ക്കണം. നാം കൊടുക്കുന്ന ദക്ഷിണയും ദാനവുമെല്ലാം സ്വീകരിക്കുന്നതോടെ ആചാര്യന്മാര്‍ അത്തരം പ്രായശ്ചിത്തങ്ങള്‍ക്കും ഉത്തരവാദികളായി തീരുന്നു.
ഇതൊക്കെയാണെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നമുക്ക് പഴയ പഴയ ആചാരങ്ങള്‍ക്ക് അനുസരിച്ച് കര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. ആചാര്യവരണത്തിനും അവസരമില്ല. അങ്ങനെ കര്‍മങ്ങള്‍ ചെയ്യിക്കാന്‍ ആചാര്യന്മാര്‍ക്കും സാധ്യമല്ല. ഈ സാഹചര്യം എങ്ങനെ തരണം ചെയ്യും?
കൈബലിയുടെ പ്രാധാന്യം
ചിലര്‍ ബന്ധുജനങ്ങളുടെ സഹായത്താല്‍ ബലിയിടാറുണ്ട്. അതുമല്ലെങ്കില്‍ കൈബലി തന്നെ ശരണം. സ്വയം ചെയ്യുന്ന ശ്രാദ്ധാദി കര്‍മങ്ങളാണ് കൈബലി. ‘ഈശാവാസ്യമിദം സര്‍വം’, ‘സര്‍വം വിഷ്ണുമയം ജഗത്’ ഇത്യാദി ആപ്തവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പണ ബുദ്ധിയോടെ വേണം കൈബലി ചെയ്യാന്‍. പിതൃക്കള്‍ വിഷ്ണുവിങ്കല്‍ ലയിച്ചതായി കണ്ട് നാം പിതൃക്കള്‍ക്കുള്ളത് വിഷ്ണുവിനെ ഏല്‍പ്പിക്കുന്ന രീതിയാണിത്. അതിനായി പ്രത്യേക വിഷ്ണു സഹസ്രനാമവും മറ്റും ജപിക്കുന്നത് ഉചിതം.
ജ്യോതിഷത്തില്‍ അഗസ്ത്യ മഹര്‍ഷി ഗുരുവായ സുബ്രഹ്മണ്യ സ്വാമിയോട് ഇത്തരം ഒരു ചോദ്യമുന്നയിക്കുന്നുണ്ട്. നാം പിതൃക്കള്‍ക്കും ദേവതകള്‍ക്കും ഋഷിമാര്‍ക്കുമായി ചെയ്യുന്ന കര്‍മങ്ങളെല്ലാം എവിടേയ്‌ക്കാണ് ചെന്നു ചേരുന്നത് എന്നായിരുന്നു ചോദ്യം.
‘അതെല്ലാം എന്റെ അമ്മാവനായിട്ടുള്ള വിഷ്ണുവാണ് സ്വീകരിക്കുന്നത്. വിഷ്ണു തന്നെയാണ് അത് യഥാസ്ഥാനങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം ചെയ്യുന്നത്.’ ഇതായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ മറുപടി.
ഗരുഡ പുരാണത്തില്‍ ഗരുഡന്‍ ഭഗവാന്‍ ശ്രീകൃഷ്ണനോട് ചില സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. നാം പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മങ്ങള്‍ ആരാണ് സ്വീകരിക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം.
വരുണദേവത അത് സ്വീകരിച്ച് എന്നെ ഏല്‍പിക്കുന്നു എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ (മഹാവിഷ്ണു) നല്‍കിയ മറുപടി. ഞാന്‍ അത് സൂര്യദേവനെ ഏല്‍പ്പിക്കുന്നു. സൂര്യന്‍ അത് പുത്രനായ യമധര്‍മന്‍ മുഖാന്തിരം പിതൃക്കള്‍ക്കെത്തിക്കുന്നു. ഇതിലൂടെ സൂര്യനും യമധര്‍മനും പിതൃക്കളും പ്രസാദിക്കുന്നു.
‘നാരായണായേതി സമര്‍പ്പയാമി’
നാം പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മങ്ങള്‍ ‘നാരായണേതി സമര്‍പയാമി’ എന്നു സങ്കല്‍പിച്ച് സമര്‍പണ ബുദ്ധിയോടെ ചെയ്താല്‍ അത് പിതൃക്കളിലെത്തി അവര്‍ പ്രസാദിക്കും എന്നര്‍ഥം. ഇതിലൂടെ കുടുംബവും ചുറ്റുപാടും രോഗവിമുക്തമാവുകയും ഐശ്വര്യ സമൃദ്ധമാവുകയും ചെയ്യും.
കൈബലിയിടുമ്പോള്‍ അധികം സങ്കീര്‍ണമാവാതിരിക്കുന്നതാണ് നല്ലതെന്നാണ് ഗുരുക്കന്മാരുടെ ഉപദേശം. ഇന്നത്തെക്കാലത്ത് യുട്യൂബിന്റെയും വീഡിയോയുടെയും സഹായത്താല്‍ ബലികര്‍മങ്ങള്‍ നിര്‍ദേശാനുസരണം ചെയ്യാനായേക്കാം. എന്നാല്‍ ശ്രദ്ധമാറുന്നതിനാല്‍ മാനസിക സമര്‍പണ ഭാവം കുറഞ്ഞേക്കും.’ശ്രദ്ധേയം ഇതി ശ്രാദ്ധം’ എന്ന സങ്കല്‍പം മാറും. ശ്രദ്ധയില്ലായ്‌മയാല്‍ കര്‍മപൂര്‍ത്തീകരണവും മുടങ്ങും. അശ്രദ്ധയോടെ ചെയ്യുന്ന കര്‍മം പിതൃജനപ്രീതിയല്ല, പിതൃജനപീഡനമാണുണ്ടാക്കുക എന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗരുഡപുരാണത്തില്‍ പറയുന്നു.
പിതൃകര്‍മങ്ങളിലെ സൂര്യപ്രാധാന്യം
പിതൃകര്‍മങ്ങള്‍ പിതൃക്കള്‍ക്കെത്തുന്നത് സൂര്യദേവന്‍ മുഖാന്തിരമാണ്. അതിനാല്‍ കര്‍മസാക്ഷിയായ സൂര്യന്റെ ചലനത്തെക്കൂടി അടിസ്ഥാനമാക്കിയാണ് പിതൃകര്‍മങ്ങള്‍ ചെയ്യേണ്ടത്. സൂര്യന്‍ വടക്കു നിന്നും ദക്ഷിണദിക്കിലേക്ക് മാറുന്നതായി നമുക്ക് അനുഭവപ്പെടുന്ന കാലമാണ് ദക്ഷിണായനം. കര്‍ക്കടകം ഒന്നു മുതല്‍ മകരം ഒന്നു വരെയുള്ള കാലം. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടക വാവ്. പൗര്‍ണമി ദേവകാര്യത്തിനും അമാവാസി പിതൃകാര്യത്തിനും പ്രധാനമാണ്. ജ്യോതിഷത്തില്‍ മനസ്സിന്റെ കാരകനായ ചന്ദ്രന്‍ ആത്മകാരകനായ സൂര്യനാല്‍ ആവരണം ചെയ്യപ്പെടുന്നതിനാല്‍ മനസ് അടങ്ങുന്ന കാലമാണ് അമാവാസി. മനസ് ആത്മാവില്‍ അടങ്ങി നിശ്ചലമാകുന്നതാണ് മോക്ഷം.
ഒരിക്കലും ഒരുക്കലും
തലേദിവസം ഒരിക്കലോടെ ഒരുക്കു കൂട്ടിയാണ് ശ്രാദ്ധം നടത്തുന്നത്.
• നിലവിളക്ക്, എണ്ണ, തിരി, തീപ്പെട്ടി, വാഴയില നാലെണ്ണം, ചന്ദനം, ഭസ്മം, എള്ള്, പഴം, ചെറൂള, തുളസി, ഉണക്ക ലരി, ദര്‍ഭപ്പുല്ല്, കിണ്ടി രണ്ടെണ്ണം, ശുഭ്രവസ്ത്രം എന്നിവ ഒരുക്കണം.
• ശ്രാദ്ധദിവസം പുലര്‍ച്ചെ സര്‍വദേവതകളെയും സാക്ഷിയാക്കി നിലവിളക്കു കൊളുത്തി പഴമോ മറ്റെന്തെങ്കിലും വിളക്കത്തു വെച്ച് പ്രാര്‍ഥിച്ച് പിതൃകര്‍മം ആരംഭിക്കണം.
• കുളിച്ച് ഈറനോടെ ശുഭ്രവസ്ത്രം ധരിച്ച് പിതൃശ്രാദ്ധത്തിന് ആരംഭം.
• പുരുഷന്മാര്‍ തറ്റുടുത്ത് തെക്കോട്ടു തിരിഞ്ഞ് കര്‍മം ചെയ്യണം. സ്ത്രീകള്‍ കിഴക്കോട്ടു തിരിഞ്ഞ് സൂര്യാഭിമുഖമായി ഇരിക്കുന്നതാണ് ഉചിതം.
• ഒരു ഇലയില്‍ ദര്‍ഭപ്പുല്ലു വിരിച്ച് അതിന്റെ തലയ്‌ക്കല്‍ വിശ്വദേവതകളോടൊപ്പം വംശപിതൃക്കളേയും ആവാഹിച്ചിരുത്തി ശ്രാദ്ധമൂട്ടണം. (കുശയും കറുകയുമെല്ലാം ദര്‍ഭയുടെ വിഭാഗത്തില്‍ പെടുന്നു)
•മറ്റൊരു വശത്ത് രണ്ട് ഇലകളെടുത്ത് ഒന്നില്‍ എള്ള്, പൂവ്, ചന്ദനം ഇത്യാദികള്‍ ഒരുക്കി വെയ്‌ക്കണം. മറ്റൊന്നില്‍ പിണ്ഡം വയ്‌ക്കാനുള്ള ഉണക്കലരിച്ചോറും വയ്‌ക്കണം.
• നിലവിളക്കില്‍ പൂവാരാധിച്ച് തൊഴുത് പിതൃദേവതയായ സ്വധാദേവിയുടെ അനുവാദത്തോടെ കര്‍മം ആരംഭിക്കണം.
രണ്ടു കിണ്ടികളിലും വെള്ളം നിറച്ച് മുന്‍പില്‍ വെയ്‌ക്കണം. സ്വല്‍പം എള്ളും പൂവും ചന്ദനവും കിണ്ടിയിലിട്ട് പുണ്യതീര്‍ഥങ്ങളെ വെള്ളത്തിലേക്ക് ആവാഹിക്കുന്നു എന്ന് സങ്കല്‍പിച്ച് പ്രാര്‍ഥിച്ച് രണ്ടിലെയും വെള്ളം ശുദ്ധമാക്കുക.
‘ഗംഗേ ച യമുനേചൈവ
ഗോദാവരീ സരസ്വതി
നര്‍മദാ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു’ എന്ന് പ്രാര്‍ഥിക്കണം.
• കിണ്ടികളിലെ ജലം കിണ്ടികളുടെ വാലുവഴി പരസ്പരം പകരണം.
• ഉണക്കലരിചോറില്‍ എള്ളു വിതറി അത് കവ്യമാക്കണം. മനസ്സിനെ ബോധതലത്തിലേക്ക് ഉയര്‍ത്തുന്നു എന്നാണ് സങ്കല്‍പം.
•തുടര്‍ന്ന് കവ്യം മുന്‍പിലുള്ള ഇലയില്‍ എടുത്ത് വെച്ച് എള്ളും പൂവും ചന്ദനവും വെള്ളവും ചേര്‍ത്ത് പി ണ്ഡോദകം നല്‍കുന്നു എന്ന് സങ്കല്‍പിച്ച് പിണ്ഡത്തില്‍ സമര്‍പിക്കണം. അഞ്ചു പ്രാവശ്യമെങ്കിലും ഇങ്ങനെ ഉദകം നല്‍കണം.
• കാലവ്യതിയാനത്താലും അറിവില്ലായ്‌മയാലും പറ്റിയ പിഴവുകള്‍ പൊറുക്കണമെന്ന് പ്രാര്‍ഥിച്ച് വിശ്വദേവതകളെയും വന്ദിച്ച് കര്‍മം അവസാനിപ്പിക്കണം. തുടര്‍ന്ന് ഈ പിതൃക്കളെ വിശ്വദേവതകളോടൊപ്പം ചേര്‍ത്ത് വൈകുണ്ഠത്തിലേക്ക് അയയ്‌ക്കുന്നു എന്ന് സങ്കല്‍പിച്ച് ഉദ്വസിക്കാം.
• ഇലകള്‍ ഇടത്തേ കൈയില്‍ വച്ച് പിണ്ഡം വച്ച ഇലയും മീതേ വച്ച് തെക്കുഭാഗത്ത് സൗകര്യമായ ഒരിടത്ത് വെള്ളം ചുറ്റിച്ച് ശുദ്ധമാക്കി ആ ഇലകളോടെ പിണ്ഡം അവിടെ സമര്‍പ്പിക്കുക.
വീണ്ടും വെള്ളം ചുറ്റിച്ച് മാറി നിന്ന് കൈകൊട്ടി കാക്കകളെ വിളിക്കുക. കാക്കകള്‍ വന്ന് പിണ്ഡച്ചോറെടുത്ത് പിതൃലോകത്തെത്തിക്കുമെന്നാണ് സങ്കല്‍പം.
പുണ്യതീര്‍ഥങ്ങളിലാണെങ്കില്‍ നദിയില്‍ പിന്തിരിഞ്ഞു നിന്ന് സമര്‍പണം.
• തുടര്‍ന്ന് കൈകാലുകള്‍ ശുദ്ധമാക്കുക. ശ്രാദ്ധദക്ഷിണയും പൂര്‍ത്തിയാക്കി ഭസ്മധാരണവും നടത്തി പിണ്ഡശേഷം കഴിക്കുന്നതോടെ ശ്രാദ്ധകര്‍മം പൂര്‍ത്തിയാകുന്നു.
•വിഷ്ണു സഹസ്രനാമം ജപിച്ച് ‘സര്‍വം നാരായണായേതി സമര്‍പ്പയാമി’ എന്നു പ്രാര്‍ഥിച്ച് വിഷ്ണുവിങ്കല്‍ സമര്‍പിക്കുന്നതും ഉചിതം.
















