മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് അവിഹിത ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന താവളമെന്ന് കസ്റ്റംസിന് സംശയം. ഇവിടം മറയാക്കിയാണ് രഹസ്യ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് സൂചന. കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ അടുത്ത കൂട്ടാളിയും ഇടപാടുകളിലെ മുഖ്യപങ്കാളിയുമാണ് സന്ദീപ്.
കാര്‍ബണ്‍ ഡോക്ടര്‍ എന്നു പേരുള്ള വര്‍ക്ക് ഷോപ്പില്‍ കാര്‍ എഞ്ചിനിലെ കാര്‍ബണ്‍ നീക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ അധികം കാറുകളൊന്നും റിപ്പയറിങ്ങിന് എത്താറില്ല. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. സന്ദീപും സ്വപ്നയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി തങ്ങള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായും ഭര്‍ത്താവ് ഇടയ്ക്കിടയ്ക്ക് ഗള്‍ഫില്‍ പോയി മടങ്ങിയിരുന്നതായും സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.
സന്ദീപിന്റെ നെടുമങ്ങാട്ടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നിരവധി സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. 2019 ഡിസംബര്‍ 31 ന് നടന്ന ചടങ്ങില്‍ സ്പീക്കറായിരുന്നു ഉദ്ഘാടകന്‍. സി.ദിവാകരന് എംഎല്‍എ , സിപിഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആര്.ജയദേവന്, സിപിഐ മണ്ഡലം സെക്രട്ടറി പട്ടത്തില്‍ ഷെരീഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, സിപിഎം നേതാവും കേരള കരകൗശല വികസന കോര്പ്പറേഷന് ചെയര്‍മാനുമായ കെ.എസ്. സുനില്‍ കുമാര്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, ജില്ലാ പഞ്ചായത്തംഗം എല്‍.പി. മായാദേവി, കൗണ്‍സിലര്‍ അഡ്വ. എസ്.നൂര്‍ജി, കൗണ്‍സിലര്‍ ടി. അര്ജുനന് എന്നിവരായിരുന്നു ക്ഷണിതാക്കള്‍.
സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ഉദ്ഘാടനത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നത്. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.
സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് അമ്മ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും വെളിപ്പെടുത്തി. എന്നാല്‍ ഇതിന് പിന്നാലെ സിപിഎം നേതാക്കള്‍ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. പാര്‍ട്ടി ചാനലിന് അഭിമുഖം നല്കി അമ്മ മാറ്റിപ്പറഞ്ഞു. താനാണ് സിപിഎം പ്രവര്‍ത്തകയെന്നും മകന് ബിജെപിയാണെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്ഷണക്കത്ത് വിവരം പുറത്തെത്തിയത്. ബിജെപി പ്രവര്ത്തകനാണെങ്കില് എന്തിനാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും കൂട്ടത്തോടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്നാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: