അടിമാലി: പീഡന കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ തട്ടിപ്പ് സംഘത്തിനെതിരെ മൂന്നാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. ഇത്തവണ ഓട്ടോ കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പരാതി. അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവറായ സിജുവിന്റെ പരാതിയിലാണ് കേസ്. ഈ കേസില്‍ മൂന്ന് പ്രതികളാണുള്ളത്. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളായ ഷൈജന്‍, ലതാ ദേവി, അഭിഭാഷകനായ ബെന്നി മാത്യു എന്നിവരാണ് ഈ കേസിലെ പ്രതികള്‍.
കഴിഞ്ഞ ജൂണ്‍ 17-നാണ് ഈ കേസിന്റെ സംഭവം. കേസിലെ ഒന്നാം ലതാ ദേവി സിജുവിനെ കൂമ്പന്‍പാറയിലേക്ക് ഓട്ടം വിളിച്ചു. യാത്രക്കിടയില്‍ യുവതി സിജുവുമായി അടുത്ത് ഇടപഴുകി. അടുത്ത ദിവസം കുട്ടമ്പുഴയിലെ മാധ്യമ പ്രവര്ത്തകന് എന്ന് പറഞ്ഞ് ഷൈജന്‍ സിജുവിനെ വിളിച്ച് പീഡന കേസ് വാര്‍ത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒന്നര ലക്ഷം രൂപ ആവശ്യപെട്ടു.
ഒടുവില്‍ ലതയുടെ അകൗണ്ടിലേക്ക് നാല്പതിനായിരം രൂപ ഇട്ട് കൊടുത്തു. മുപ്പതിനായിരം രൂപ ബെന്നിയും, ഷൈജനും ചേര്‍ന്ന് ഓഫീസില്‍ വെച്ച് വാങ്ങിയതായി പോലീസ് പറഞ്ഞു. ഇതിനിടെ വ്യാപാരിയുടെ പണം തട്ടിയ കേസില്‍ ബെന്നി മാത്യുവിന് ദേവികുളം കോടതി വെള്ളിയാഴ്ച രാത്രിയില്‍ താല്‍ക്കാലിക ജാമ്യം നല്‍കിയിരുന്നു. ഈ കാലാവധി തിങ്കളാഴ്ച രാവിലെ അവസാനിച്ചു. ഇതിനിടയിലാണ് സംഘത്തിനെതിരെ മൂന്നാമത്തെ കേസും എടുത്തത്. തിങ്കളാഴ്ച രാവിലെ ബെന്നിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ കേസ് എടുത്ത വിവരം അറിയാതെയാണ് ബെന്നി സ്റ്റേഷനിലെത്തിയത്.
തിങ്കളാഴ്ച്ച ഉച്ചയോടെ ബെന്നിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ബെന്നിയെ രണ്ട് ദിവസത്തേക്ക് ദേവികുളം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊടുത്തു. മറ്റ രണ്ട് പ്രതികള്‍ ജയിലില്‍ റിമാന്‍ഡിലാണ്. അടിമാലി സി.ഐ. അനില്‍ ജോര്‍ജ്, എസ്.ഐ. സി.ആര്. സന്തോഷ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം തുടരുന്നത്. ഇനിയും പരാതിക്കാര്‍ എത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: