രാജാക്കാട്: പന്നിയാര്‍പ്പുഴയുടെ ഓരങ്ങള്‍ കൈയേറി നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി തുടങ്ങി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് വന്‍ പോലീസ് ബന്തവസിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ നടപടികള്‍ ആരംഭിച്ചത്. കടകളും വീടുകളും ആരാധനാലയങ്ങളും ഉള്‍പ്പടെയുള്ളവയാണ് നീക്കം ചെയ്യുന്നത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ചേരുമെന്ന പ്രത്യാശയാണ് അധികൃതര്‍ക്കുള്ളത്.
രാവിലെ ആറു മണിയോടെയാണ് കൈയേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത്. ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ദേവികുളം സബ്കളക്ടര്‍ വി.എം. ആര്യ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.പി. ദീപ, റവന്യൂ- തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. കൈയേറി നിര്‍മ്മിക്കപ്പെട്ടതാണെന്ന ബോധ്യമുണ്ടായിട്ടും രാഷ്‌ട്രീയ പിന്‍ബലവും ഉദ്യോഗസ്ഥ സ്വാധീനത്തിലും പല കെട്ടിടങ്ങള്‍ക്കും ശാന്തന്‍പാറ പഞ്ചായത്ത് കെട്ടിട നമ്പരും കൊടുത്തിരുന്നു. ഇതിനെതിരെ നിരവധി മാധ്യമ വാര്‍ത്തകള്‍ വന്നതോടെ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായി.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഏതാനും ഹോട്ടലുകളുള്‍പ്പെടെയുടെ കച്ചവട സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. ഇതില്‍ ചിലര്‍ സുപ്രിം കോടതിയെ സമീപിക്കുകയാണുണ്ടായത്. സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവു ശരിവെച്ചതോടെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന് ജില്ലാ ഭരണകൂടം നിര്‍ബ്ബന്ധിതരായി. തുടര്‍ന്ന് 29 വീട്ടുകാരോടും 89 കെട്ടിട ഉടമകളോടും ഒഴിവാകാനും അല്ലാത്തപക്ഷം പൊളിച്ചു നീക്കുമെന്നും അറിയിപ്പ് നല്‍കിയിരുന്നു.
2026 ഫെബ്രുവരിയില്‍ 30 ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മ്മിതികള്‍ സ്വയം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഈ കാലപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇതിനിടെ സത്യാഗ്രഹ സമരവുമായി ഏതാനും കുടുംബങ്ങള്‍ രംഗത്തിറങ്ങിയെങ്കിലും കോടതി ഉത്തരവ് നടപ്പാക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പൊളിക്കല്‍ നടപടിയില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ് സംരക്ഷണത്തിലാണ് കെട്ടിടങ്ങള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. കാര്യമായ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല. പലരും സ്വയം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും തയാറായി.
ജില്ലാ ഭരണകൂടത്തിന്റേയും റവന്യൂ വകുപ്പിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും നേരിട്ടുള്ള സാന്നിധ്യത്തിലാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്. പന്നിയാര്‍ പുഴ കൈയേറ്റവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന നിയമ നടപടികള്‍ക്കൊടുവിലാണ് കൈയേറ്റങ്ങള്‍ പൂര്‍ണ്ണമായുംഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഉടുമ്പന്‍ചോല താലുക്കിലെ പൂപ്പാറ ടൗണില്‍ 56 വ്യക്തികളാണ് പന്നിയാര്‍ പുഴ പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവ കൈയേറി 88 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. താല്‍ക്കാലിക നിര്‍മ്മിതിയായി ആരംഭിച്ച കെട്ടിടങ്ങള്‍ പിന്നീട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി രൂപമാറ്റം വരുത്തുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് കോടതി നിര്‍ദ്ദേശപ്രകാരം റവന്യൂവകുപ്പ് പൂട്ടി സീല്‍ ചെയ്ത കെട്ടിടങ്ങളാണ് ആദ്യം പൊളിച്ചത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയില്‍ നിര്‍മ്മിച്ച ആരാധനാലയങ്ങളും പൊളിച്ചു നീക്കി. ക്രമസമാധാന സംരക്ഷണത്തിനായി ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്നതോടെ പന്നിയാര്‍ പുഴയുടെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്.
















