പുനലൂര്‍: തമിഴ്നാട്ടില്‍ നിന്നും ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന പച്ചക്കറിയുടെ മറവില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ കടത്ത് സജീവം. ദിവസവും ആയിരക്കണക്കിന് പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പച്ചക്കറി കയറ്റിവരുന്ന വാഹനങ്ങളില്‍ ആര്യങ്കാവ് ചെക്പോസ്റ്റിലൂടെ എത്തുന്നതായാണ് വിവരം. ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനയിലെ ഇളവും സ്കാനര്‍ സംവിധാനം ഇല്ലാത്തതും മുതലാക്കിയാണ് കടത്ത് സജീവമായിരിക്കുന്നത്.
പുനലൂര്‍, കരവാളൂര്‍, അഞ്ചല്‍, ആയൂര്‍ മേഖലകളില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്നാട് ലോബിയുമായി ബന്ധമുള്ള സംഘമാണ് ഇതിന്റെ പിന്നില്‍. ഇതുകാരണം നേരായ മാര്‍ഗത്തില്‍ തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി എത്തിക്കുന്ന കച്ചവടക്കാരും സംശയത്തിന്റെ നിഴലിലായി.
കഴിഞ്ഞയാഴ്ച കരവാളൂര്‍ പിറയ്ക്കല്‍ പാലത്തിന് സമീപത്തുനിന്നും പച്ചക്കറിയുമായി വന്ന പിക്അപ്പില്‍ എത്തിച്ച പത്തുചാക്ക് നിരോധിത പുകയില ഉത്പന്നം പുനലൂര്‍ പോലീസ് പിടികൂടിയിരുന്നു. കരവാളൂരിലെ ഒരു വ്യാപാരിക്ക് കൊണ്ടുവന്ന പച്ചക്കറിക്കൊപ്പമാണ് ഇത് എത്തിച്ചത്. വണ്ടിയിലുണ്ടായിരുന്ന നാലുപേരും പിടിയിലായി. അടുത്തകാലത്ത് ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പലയിടത്തുനിന്നുമായി പോലീസും എക്സൈസും പിടിച്ചിരുന്നു. ഇത് കൂടുതലും എത്തിയത് പച്ചക്കറിയുമായി വന്ന വാഹനങ്ങളിലാണ്.
തമിഴ്നാട്ടിലെ പാവൂര്‍സത്രം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ലോബിയാണ് മുഖ്യമായും ഇത്തരം സാധനങ്ങള്‍ എത്തിക്കുന്നത്. സാധനങ്ങള്‍ കയറ്റിയ ചാക്കിനുള്ളിലും അല്ലാതെയും വരുന്ന സാധനങ്ങള്‍ പുലര്‍ച്ചെ നിശ്ചിതകേന്ദ്രങ്ങളില്‍ എത്തിച്ച് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കും. ചില്ലറ കച്ചവടക്കാര്‍ക്ക് സാധനം കയറ്റിവിടുന്നതിനൊപ്പമാണ് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്. ഒരു പായ്ക്കറ്റ് പത്തുരൂപയ്ക്ക് താഴെ വിലയ്ക്കു വാങ്ങി ഇവിടെ എത്തിച്ച് 50 മുതല്‍ 80 രൂപ വരെ വിലയിട്ട് ചില്ലറമാര്‍ക്കറ്റില്‍ വില്‍ക്കുന്നു. പച്ചക്കറിയിലുപരി നിരോധിത പുകയില ഉത്പന്നം വില്‍ക്കലാണ് പ്രധാനമായും ഈ ലോബി ലക്ഷ്യമിടുന്നത്. പച്ചക്കറിക്ക് മാര്‍ക്കറ്റ് വിലയില്‍ നിന്നും കുറച്ചുകൊടുത്താണ് പലയിടത്തും ഇവര്‍ കച്ചവടം ഉറപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: