ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായുള്ള പിഎം എഫ്എംഇ പദ്ധതി പ്രകാരം 35,000 കോടി രൂപയുടെ നിക്ഷേപവും ഒന്‍പത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. കഴിഞ്ഞ ദിവസം പിഎം എഫ്എംഇ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
പദ്ധതി വൈദഗ്ധ്യം ആവശ്യമുള്ളതും അല്ലാത്തതുമായ ഒന്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എട്ടു ലക്ഷത്തോളം സംരംഭങ്ങള്‍ക്ക് വിവര ലഭ്യത, പരിശീലനം, കൂടുതല്‍ പ്രവര്‍ത്തന പരിചയം എന്നിവ ലഭിക്കുന്നതിനൊപ്പം അവയുടെ ഔദ്യോഗികവത്കരണത്തിനും പദ്ധതി വഴിതുറക്കും. രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന അസംഘടിത ഭക്ഷ്യസംസ്കരണ യൂണിറ്റുകളാണ് ഈ രംഗത്തെ 74 ശതമാനത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നത്.
ഇവയില്‍ ഏതാണ്ട് 66 ശതമാനവും ഉള്‍നാടന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയും, 80 ശതമാനത്തോളം കുടുംബ കേന്ദ്രീകൃത സ്ഥാപനങ്ങളുമാണ്. ഇവയില്‍ ഭൂരിഭാഗവും ‘സൂക്ഷ്മ സംരംഭങ്ങള്‍’ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. ഭക്ഷ്യസംസ്കരണ മേഖലയിലെ എസ്സി, എസ്ടി വിഭാഗത്തില്‍പ്പെടുന്ന സംരംഭകര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ നൈപുണ്യ വികസന ക്ലാസുകള്‍ ആരംഭിക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നതായും ഹര്‍സിമ്രത് കൗര്‍ ബാദല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: