കട്ടപ്പന: കട്ടപ്പന നഗരസഭയിലെ വികസനമുരടിപ്പിനും ഇടതു-വലത് ഒത്തുതീര്‍പ്പ് ഭരണത്തിനുമെതിരെ ബിജെപി കട്ടപ്പന ഏരിയാ കമ്മിറ്റി പാറക്കടവില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പരിപാടി ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായി. കട്ടപ്പന നഗരസഭയില്‍ അഞ്ചുവര്ഷക്കാലത്തിനിടക്ക് അധികാര കൈമാറ്റം മാത്രമാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണപക്ഷം സമയബന്ധിതമായി നടത്തിയ പ്രവര്‍ത്തനം. മാലിന്യസംസ്കരണത്തിന്റെ കാര്യത്തില്‍ പോലും വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണ് ഇരുമുന്നണികളും. നഗരത്തിലെ വിവിധ ബൈപാസ് റോഡുകള്‍ പ്രയോജനപ്പെടുത്തി ഗതാഗത പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം അശാസ്ത്രീയമായ നടപടികളും അനധികൃത പാര്ക്കിംഗുംമൂലം നഗരം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണെന്ന് യോഗത്തില്‍ വിലയിരുത്തി.
ഇതിനു പുറമെ കായികരംഗത്ത് നിരവധി പ്രതിഭകളെ രാജ്യത്തിനു സംഭാവന നല്കിയ കട്ടപ്പനയില്‍ ഇന്ന് കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ നഗരസഭക്കു കഴിഞ്ഞിട്ടില്ല. മുനിസിപ്പല്‍ കാര്യാലയത്തിനു മുന്‍വശത്തെ സ്റ്റേഡിയം ഫണ്ടുള്‍പ്പെടെ ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും മഴപെയ്താല്‍ ചെളിക്കുണ്ടായി മാറുന്നത് അധികാരികളുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ടു പ്രളയത്തിലും ദുരിതബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിലെ പല ഇടറോഡുകളും ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്. തവളപ്പാറ പൂവേഴ്സ്മൗണ്ട് തുടങ്ങി പല പ്രദേശങ്ങളിലും ഇപ്പോഴും രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്ന് യോഗത്തില്‍ പറഞ്ഞു. കട്ടപ്പന മുനിസിപ്പാലിറ്റി ആയതുമൂലം ജനങ്ങള്‍ക്ക് അധികനികുതിഭാരം ഉണ്ടായതല്ലാതെ അടിസ്ഥാന ജനജീവിതത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഗ്രാമപഞ്ചായത്ത് ആയിരുന്ന കട്ടപ്പന മുനിസിപ്പാലിറ്റി ആക്കി മാറ്റിയതിന് പിന്നില്‍ അഴിമതി നടത്താനുള്ള ആഗ്രഹം മാത്രമായിരുന്നു. സഹകരണ ആശുപത്രിയുടെ ഭൂമിയുമായി ബന്ധപ്പെട്ട യുഡിഎഫ് എഫ് ഭരണസമിതിയുടെ സഹായങ്ങള്‍ക്കുള്ള ഉപകാരസ്മരണയായി എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം വികസനമുരടിപ്പിനൊപ്പം നിന്ന് വിവാദങ്ങളിലൂടെ സഹായം നല്‍കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
ഏരിയാ ജന: സെക്രട്ടറി ഇ. കെ. മനോജ് വൈസ് പ്രസിഡന്റ് മനോജ് പി. വി കമ്മിറ്റി അംഗം എം.കെ. സുബ്രഹ്മണ്യന് യുവമോര്‍ച്ച ഏരിയാ സെക്രട്ടറി നന്ദു രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: