തിരുനന്തപുരം: ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള ഇസ്ലാമിസ്റ്റുകളുമായുള്ള ഇടത് ‘ബുദ്ധിജീവി’കളുടെ കൂട്ടുകെട്ടിനെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോളിന്റെ മകനും ഇടത് സഹയാത്രികനുമായ റോണ്‍ ബാസ്റ്റ്യന്‍. വിദേശയാത്രകളും ഉപഹാരങ്ങളും തരപ്പെടുന്നതാണ് സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ളവരുടെ മുസ്ലിം മതമൗലികവാദികളുമായുള്ള ചങ്ങാത്തത്തിന് കാരണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ റോണ്‍ ബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ആലോചിച്ചിരുന്നു. സിപിഎം സഹയാത്രികനായ ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമ ഉയര്‍ത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. സിനിമയെ പാര്‍ട്ടി പിന്തുണച്ചെങ്കിലും ഇസ്ലാമിസ്റ്റുകളുടെ അജണ്ട നടപ്പാക്കുകയാണ് ആഷിഖ് അബുവെന്ന വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. കെഇഎന്‍ കുഞ്ഞഹമ്മദ്, സച്ചിദാനന്ദന്‍, സക്കറിയ തുടങ്ങിയ ഇടത് സഹയാത്രികര്‍ മുസ്ലിം മതതീവ്രവാദികളുടെ വേദികളിലെ സജീവ സാന്നിധ്യവുമാണ്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്-
വാരിയംകുന്നന്‍ സിനിമയ്‌ക്ക് നേരെ, സംഘപരിവാറിന്റെ ഭീഷണിയെ നേരിടുന്നുവെന്ന വ്യാജേന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയത്തെ വെള്ളപൂശിയെടുക്കാന്‍ സംഘടിത ശ്രമമാണ് ചിലര്‍ നടത്തുന്നത്. പുരോഗമന-സെക്കുലര്‍ കാഴ്ചപ്പാടുകള്‍ ഉള്ളവര്‍- അല്ലെങ്കില്‍ ഉണ്ടെന്ന് നമ്മള്‍ വിചാരിക്കുന്നവരുടെ- പ്രൊഫൈലുകളില്‍ നിന്ന് തുടരെത്തുടരെ ഇത്തരം അഭിപ്രായങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ അധ്യാപകന്റെ കൈ വെട്ടിയതിനും അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷവും ഇവര്‍ ആരും എന്തുകൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളെക്കുറിച്ചു പറയുന്നില്ല എന്നാലോചിച്ചിട്ടുണ്ടോ? നിലവില്‍ അതൊരു ഭീഷണിയല്ല എന്നാണ് ഇത്തരം ബുദ്ധിജീവികള്‍ പൊതുവെ പറയുന്നത്. പറഞ്ഞാല്‍ സംഘപരിവാര്‍ മുതലെടുക്കുമെന്ന ന്യായവും നിഷ്‌കളങ്കമായി പറയും. അവരുമായി ദീര്‍ഘകാല സൗഹൃദം നിലനിര്‍ത്തുന്ന ആളാണ് എന്റെ അച്ഛന്‍. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം എംപി ആകുന്നത്. അതിനുശേഷമാണ് അദ്ദേഹത്തെ ഇവരുടെ വേദികളില്‍ സജീവമായി കാണുന്നത്. എന്റെ അറിവില്‍ അതിന് മുന്‍പ് അദ്ദേഹത്തിന് അത്തരം ഒരു പശ്ചാത്തലവുമായി പരിചയമോ അത്തരം ആളുകളുമായി സൗഹൃദമോ ഇല്ല. അവരുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ പ്രതീകമായി വീട്ടിലെത്തുന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ അക്കാലത്തെ ചില ലേഖനങ്ങള്‍ വായിച്ചു അതൊരു വിപ്ലവമാസികയാണെന്ന തെറ്റിദ്ധാരണ വരെ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ പ്രീ ഡിഗ്രിക്ക് മഹാരാജാസില്‍ ചേര്‍ന്ന് എസ്എഫ്ഐയില്‍ സജീവമായപ്പോഴാണ് മൗദൂദികളെക്കുറിച്ചുള്ള ശരിയായ ധാരണകള്‍ കിട്ടിത്തുടങ്ങുന്നത്. അന്ന് ജമാഅത്തെക്കാരുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചെറിയ തോതില്‍ ക്യാംപസില്‍ പ്രവര്‍ത്തിച്ചിരുന്നു. നിശബ്ദമായി ഇവര്‍ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ചു ബോധ്യപ്പെട്ടപ്പോള്‍ ഇത്തരക്കാരുടെ വേദികളില്‍ പോകരുതെന്ന് അച്ഛനോട് പലതവണ സംസാരിച്ചുനോക്കുകയും ചെയ്തു. എന്നാല്‍ ഇവരൊന്നുമല്ല തീവ്രവാദികള്‍, ഇവര്‍ പരിസ്ഥിതി-ദളിത്-മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് എന്നാണ് അദ്ദേഹം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞത്.
പിന്നീടങ്ങോട്ട് അവര്‍ കൊടുത്തുവിടുന്ന വിലകൂടിയ ഈന്തപ്പഴങ്ങളും വിദേശയാത്രയ്‌ക്കുള്ള വിമാനടിക്കറ്റുകളും കാണാന്‍ തുടങ്ങിയപ്പോള്‍ പറച്ചില്‍ നിര്‍ത്തി. പൊതുസ്വീകാര്യത ഉള്ള ആളുകളെ കയ്യിലെടുത്തു തങ്ങളുടെ വേദികളില്‍ എത്തിച്ചാണ് ഇവര്‍ ഇല്ലാത്ത മാന്യത ഉണ്ടാക്കിയെടുക്കുന്നത്. ആ അപകടത്തിന്റെ ആഴം ഇനിയെങ്കിലും തിരിച്ചറിയാനാണ് എന്റെ വ്യക്തിപരമായ അനുഭവം തന്നെ പറയുന്നത്. പൊതുരംഗത്തു ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന സെക്കുലര്‍ മുഖങ്ങളെ തെരഞ്ഞുപിടിച്ചു സത്കരിച്ചു, വേദികളും വിദേശയാത്രകളും കൊടുത്തും വളര്‍ത്തിയെടുക്കുന്ന പ്രക്രിയ ജമാ അത്തെ രാഷ്‌ട്രീയത്തിന്റെ അവിഭാജ്യഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: