ന്യൂദല്‍ഹി: അതിര്‍ത്തയില്‍ സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളും വെബ്‌സൈറ്റുകളും പാക്കിസ്ഥാന്‍, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഹാക്കര്‍മാര്‍ ആക്രമിച്ചു തുടങ്ങിയതിന് പിന്നാലെ കരുതലോടെ ഇന്ത്യ. രാജ്യത്തെ വൈദ്യുത വിതരണശൃംഖലയെ പോലും ബാധിക്കാനിടയുള്ള തരത്തില്‍ ഹാക്കര്‍മാര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് ഇന്ത്യ ജാഗ്രത ശക്തമാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് സൈബര്‍ ആക്രമണങ്ങളാണ് ഇന്ത്യന്‍ ഐടി ഡിഫന്‍സ് സിസ്റ്റം പ്രതിരോധിച്ചത്.
കഴിഞ്ഞ രണ്ടു മാസമായി സൈബര്‍ ആക്രമണങ്ങളുടെ തീവ്രത കൂടി. ബൗട്ട്‌സ്, പ്രോക്‌സിസ് തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് സൈബര്‍ ആക്രമണങ്ങള്‍. മൂന്ന് രാജ്യങ്ങളില്‍നിന്നാണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതെങ്കിലും ഇവയെ ഏകീകൃത സ്വഭാവത്തിലാക്കാനുള്ള പരിശ്രമങ്ങളും ചിലയിടങ്ങളില്‍ നിന്നു നടക്കുന്നുണ്ടെന്ന് സര്‍ക്കര്‍ വ്യത്തങ്ങള്‍ കരുതുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം സാധ്യമാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലഡാക്കിലെ ടിബറ്റ് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങള്‍ വ്യാപകമായതെങ്കിലും ചൈനീസ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. തിരിച്ചറിയപ്പെടാത്ത അനൗദ്യോഗിക കേന്ദ്രങ്ങളില്‍നിന്നാണ് ആക്രമണങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഹാക്കര്‍മാരെ തിരിച്ചറിയാനും സാധിക്കുന്നില്ല. ചൈനീസ് സര്‍ക്കാരിന് സ്വന്തമായി അറിയപ്പെടുന്ന നിരവധി ഹാക്കര്‍മാരും കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ അവയില്‍ നിന്നല്ല. ഇന്ത്യന്‍ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ലക്ഷ്യമിട്ടാണ് മിക്കവയും. സേവനങ്ങളില്‍ തടസപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ വിവരങ്ങള്‍ മോഷ്ടിക്കുകയോ ആണ് ആക്രമണങ്ങളില്‍ നടക്കുന്നത്.
കൊറോണ വ്യാപനത്തിന് ശേഷം ലോകമാസകലം ചൈനയുടെ സൈബര്‍ കുറ്റവാളികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ലോകത്തെ പ്രമുഖമായ 75 ഓളം സ്ഥാപനങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ ആഴ്‌ച്ചയാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കുവേണ്ട അവശ്യസാധനങ്ങളുടെ പട്ടികയാണ് ചൈനീസ് ഹാക്കര്‍മാര്‍ തേടുന്നത്.
ഇന്ത്യയുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ അതനുസരിച്ച് അവയുടെ ഉത്പാദനം കൂട്ടാനും വിപണിയിലെ വിലപേശലുകള്‍ ചൈനീസ് കച്ചവടക്കാര്‍ക്ക് അനുകൂലമാക്കാനും സാധിക്കുമെന്നതാണ് നേട്ടം. ഇന്ത്യ പുതിയ വിദേശ നിക്ഷേപ നയം പ്രഖ്യാപിച്ചതിനൊപ്പം സ്വാശ്രയ ഭാരതം പദ്ധതി പ്രഖ്യാപിച്ചതോടെ രാജ്യം ഏതൊക്കെ വ്യവസായങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അവ നടപ്പാക്കാനുള്ള പദ്ധതികളും ഉള്‍പ്പെടെ ചോര്‍ത്തി എടുക്കാനാണ് ഹാക്കര്‍മാരെ ഉപയോഗിച്ച് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: