ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ എഴുതിയ കത്ത് ഭാര്യ പോലീസിനു കൈമാറി. മാനസീക പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും ജീവിച്ചിരുന്നാല്‍ കേസില്‍ കുടുക്കുമെന്നും കത്തില്‍ പറയുന്നു. ഭാര്യ ഉഷാദേവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. മൊഴിയില്‍ ഭാര്യയും ഇക്കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെന്നാണ് വിവരം.
”താന്‍ അതീവ ദുഃഖിതനാണ്. കേരളത്തിലെ എല്ലാ മൈക്രോ ഫിനാന്‍സ് കേസുകളും എന്റെ തലയില്‍ കെട്ടിവെയ്‌ക്കും. നിങ്ങളെ വിട്ടു പോകുന്നതില്‍ സങ്കടമുണ്ട്. പക്ഷേ എന്റെ മരണത്തോടു കൂടി എല്ലാം അവസാനിക്കട്ടെ” എന്നാണ് മഹേശന്‍ ഭാര്യയേയും, മക്കളേയും അഭിസംബോധന ചെയ്ത് വീട്ടില്‍ എഴുതി വെച്ച കത്തിലുള്ളത്. മൊഴി നല്‍കുന്നതിനിടെയാണ് ഭാര്യ കത്ത് പോലീസിനു കൈമാറിയത്.
മറ്റ് കുടുംബാഗങ്ങളുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
ആത്മഹത്യ കുറിപ്പില്‍ മഹേശന്‍ സൂചിപ്പിച്ച വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മഹേശന്റെ ഫോണ്‍ വിളികളുടെ വിശദവിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കെ.കെ. മഹേശനെ എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടൈത്തിയത്. മാരാരിക്കുളം പോലീസാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: