തിരുവനന്തപുരം: നെറ്റ്‌വർക്ക് മാർക്കറ്റിംഗ് കമ്പനി രജിസ്റ്റർ ചെയ്ത് മണിചെയിൻ തട്ടിപ്പിലൂടെ 125 കോടി രൂപയുടെ മണിചെയിൻ-ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ബിസയർ ഗ്രൂപ്പ് കമ്പനി ഡയറക്ടർമാരായ എസ്‌ഐയും രണ്ട് പോലീസുദ്യോഗസ്ഥരുടെ ഭാര്യമാരുമടക്കം 17 പേർക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എല്ലാ പ്രതികളെയും ആഗസ്റ്റ് 11 ന് കോടതിയിൽ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് മജിസ്‌ട്രേറ്റ് നിർദേശം നൽകി.
ബിസയർ ഗ്ലോബൽ മാർക്കറ്റിംഗ് സിസ്റ്റംസ് ലിമിറ്റഡ് കമ്പനിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ അബ്ദുൾ അർഷാദ് (35), കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എറണാകുളം വൈക്കം കാഞ്ഞിരംപള്ളിൽ അബ്ദുൾ അർഷാദ് (35), ഡയറക്ടർമാരായ മലപ്പുറം പൂരാംതൊടി കുഞ്ഞുമുഹമ്മദ്, ദയാൽ മേനോൻ എന്ന കൃഷ്ണദയാൽ മേനോൻ, നൗഷാദ്, ജോർജ് അലക്‌സാണ്ടർ, നിജി അർഷാദ്, ഒരു സീനിയർ സിവിൽ പോലീസ് ഓഫീസറുടെ ഭാര്യ മായാ പ്രേംലാൽ, ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ ഭാര്യ ജിഷ മോൾ ബൈജു, ബീന ഗോപിനാഥൻ, എഡിസൺ, ബിസയർ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തൃശൂർ സായുധ സേനാ വിഭാഗത്തിലെ പോലീസ് സബ് ഇൻസ്‌പെക്ടറുമായ കെ.പി. ഗോപിനാഥൻ, കമ്പനി ഉദ്യോഗസ്ഥരും സീനിയർ ഏജന്റുമാരുമായ മൻസൂർ അഹമ്മദ്, മോഹനൻ ആശാരി, മഹേഷ് കെ. മോഹൻ എന്നിവരാണ് നിക്ഷേപതട്ടിപ്പ് കേസിലെ 1 മുതൽ 17 വരെയുള്ള പ്രതികൾ. 2008-11 കാലയളവിൽ മൂന്നു വർഷം കൊണ്ടാണ് 125 കോടി രൂപ കമ്പനി തട്ടിയെടുത്തത്. 2007 ലാണ് കൊച്ചി കലൂർ ആസ്ഥാനമാക്കി ഗ്ലോബൽ മാർക്കറ്റിംഗ് സിസ്റ്റം എന്ന പേരിൽ ആദ്യമായി കമ്പനി രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: