Categories: Cricket

കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റിന് കൂടി വിട്ടുനല്‍കണം: കെസിഎ

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി വിട്ടുനല്‍കണമെന്ന ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ജിസിഡിഎയ്‌ക്ക് കെസിഎ വീണ്ടും കത്തയച്ചു. സ്റ്റേഡിയം സംബന്ധിച്ച് ജിസിഡിഎയും കെസിഎയും തമ്മിലുള്ള  വാടക കരാറിലെ പ്രധാന ഭാഗങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ ഇന്നലെ ജിസിഡിഎ ചെയര്‍മാന്‍ വി.സലീമിന് കത്തയച്ചത്. കരാര്‍ പ്രകാരം സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തടസ്സമില്ലാതെ  ക്രിക്കറ്റ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും 2014ന് ശേഷം കൊച്ചിയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടന്നിട്ടില്ലെന്നും കത്തില്‍ പറയുന്നു . 2011ല്‍ അഞ്ചു വര്‍ഷത്തേക്ക് ഒപ്പുവച്ച കരാര്‍ 2014 ഓഗസ്റ്റില്‍ 30 വര്‍ഷത്തേക്ക് പുതുക്കിയിരുന്നു.  

കൊച്ചി കേന്ദ്രീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് രൂപീകരിച്ചതോടെ സ്റ്റേഡിയം പൂര്‍ണമായും അസോസിയേഷന് പ്രാപ്യമല്ലാതായി. 2014 ഒക്ടോബറിലായിരുന്നു അവസാന അന്താരാഷ്‌ട്ര കിക്കറ്റ് മത്സരം. വിന്‍ഡീസുമായുള്ള മത്സരം കൂടി കൊച്ചിയില്‍ നടത്താന്‍ കെസിഎ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു. 2014ന് ശേഷം തിരുവനന്തപുരത്തായിരുന്നു കേരളത്തിന് ലഭിച്ച എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നടന്നത്. 2017ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിന് നെഹ്റു സ്റ്റേഡിയം വേദിയൊരുക്കി. അണ്ടര്‍ 17 ലോകകപ്പിനായി സ്റ്റേഡിയം ഫിഫയ്‌ക്ക് വിട്ടുനല്‍കിയപ്പോഴാണ് സ്റ്റേഡിയത്തിലെ പ്രധാന വിക്കറ്റ് ടര്‍ഫ് നീക്കം ചെയ്തത്. ഇതിന് ശേഷം സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായി. സ്റ്റേഡിയവും ഗ്രൗണ്ടും ഇതുവരെ ജിസിഡിഎ കെസിഎക്ക് തിരികെ നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച് 2019 ജനുവരിയിലും 2020 ജനുവരിയിലും ജിസിഡിഎക്ക് കത്ത് നല്‍കിയിട്ടും  നടപടികളുണ്ടായില്ല.

ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി  എത്രയും വേഗം സ്റ്റേഡിയം തിരികെ നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. 2011 ജനുവരിയിലെ ആദ്യ കരാര്‍ പ്രകാരം സ്റ്റേഡിയം നവീകരണത്തിനും പരിപാലത്തിനുമടക്കം വന്‍ തുക കെസിഎ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. എഐഎഫ്എഫിന്റെ അംഗീകാരമുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ജിസിഡിഎക്ക് കെസിഎയുമായി കൂടിയാലോചിച്ച് സ്റ്റേഡിയം വിട്ടുനല്‍കാമെന്നും കത്തില്‍ പറയുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക