തിരുവനന്തപുരം: വിദേശത്തു നിന്ന് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്ന പ്രവാസികളോട് പിണറായി വിജയന് ക്രൂരത കാട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഇതിന്റെ ഭാഗമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
സാങ്കേതിക തടസങ്ങള്‍ സൃഷ്ടിച്ച് പ്രവാസികളുടെ വരവിനെ തടയുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രം വിമാനത്തില്‍ കൊണ്ടുവരണമെന്നും അല്ലാത്തവര്‍ക്കായി പ്രത്യേക വിമാനം വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അപ്രായോഗികമാണ്. വിദേശ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന് നിബന്ധനകളുണ്ട്.
ഫലം വരാന്‍ ദിവസങ്ങളെടുക്കും. ഇതൊന്നും നടക്കാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രിക്കും അറിയാം. മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ വരവ് തടയുകയാണ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് ഈ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ പ്രമേയം പാസാക്കിയതാണ് യാതൊരു നിബന്ധനകളും ഇല്ലാതെ പ്രവാസികളെ നാട്ടില്‍ എത്തിക്കണമെന്ന് . രോഗ ലക്ഷണങ്ങളില്ലാത്തവരെ യാതൊരു പരിശോധനയും കൂടാതെ നാട്ടിലെത്തിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്. അതില്‍ നിന്ന് ഇപ്പോള്‍ പിന്നാക്കം പോകുന്നത് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
വന്ദേ ഭാരത് മിഷനില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. ആയിരക്കണക്കിന് പ്രവാസികളാണിതില്‍ വരാനിരിക്കുന്നത്. ഇവരുടെയെല്ലാം യാത്ര തടസപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. വിദേശ രാജ്യങ്ങളില്‍ ഓരോ ദിവസവും മലയാളികള്‍ മരിച്ചു വീഴുന്നത് പിണറായി വിജയന് കാണുന്നില്ലേ എന്ന് സുരേന്ദ്രന് ചോദിച്ചു.
കേരളം പ്രതിസന്ധി മറികടക്കാന്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഒന്നും ചെയ്യാന്‍ കഴിയാതെ നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. കേരളത്തിലേക്കെത്തുന്ന പലരും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ പോകേണ്ട ആള് ഓട്ടോറിക്ഷയില്‍ ചുറ്റിക്കറങ്ങേണ്ടി വന്നു. സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ഏല്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. ക്വാറന്റൈന് ഉള്‍പ്പടെ ഒരു സൗകര്യവും ഒരുക്കാന്‍ കഴിയാത്തതിനാലാണ് പ്രവാസികളുടെ വരവ് തടയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: