ന്യൂദല്‍ഹി: തകര്‍ന്ന നിലയിലായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ മികച്ച ഒന്നാക്കി മാറ്റിയത് മോദി സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതി വളരെ മോശം അവസ്ഥയിലായിരുന്നു. പദ്ധതി വിശദമായി വിലയിരുത്തിയ മോദി സര്‍ക്കാര്‍ അതിലെ പഴുതുകള്‍ അടച്ചും, പരിഷ്ക്കാരങ്ങള്‍ വരുത്തിയും പുതിയ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയും, ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചും പ്രതികരണമറിഞ്ഞും അതിനെ വലിയ തോതില്‍ മാറ്റി. അങ്ങനെ പദ്ധതി അടിമുടി പരിഷ്ക്കരിച്ചു, കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഈ സാമ്പത്തിക വര്‍ഷം മാത്രം 61,500 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. അതിനു പുറമേ കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് അധികമായ 40,000 കോടിയും നല്കി. മൊത്തം ഒരു ലക്ഷം കോടിയിലേറെ രൂപ. കോണ്‍ഗ്രസ് രണ്ടു വര്‍ഷം (2012, 2013) കൊണ്ട് ബജറ്റില്‍ മാറ്റിവച്ചത് വെറും 60,000 കോടിയായിരുന്നു. ആദ്യത്തെ മോദി സര്‍ക്കാര്‍ പദ്ധതിയില്‍ ചെലവിട്ടത് 2,53,245 കോടി രൂപ. പ്രതിവര്‍ഷം 12.87 ശതമാനം വര്‍ദ്ധന. ഇതോടെ പദ്ധതി ഇന്ന് നല്ല നിലയ്ക്ക് പോകുന്നു.
ഇന്ന് തൊഴിലുറപ്പുകാരുടെ വേതനം 99 ശതമാനവും ഇലക്ട്രോണിക് മാര്‍ഗം സ്വന്തം അക്കൗണ്ടുകളിലെത്തുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് വെറും 37 ശതമാനം മാത്രം. തൊഴില്‍ നല്കുന്നതില് വലിയ ക്രമക്കേടായിരുന്നു. വേതനത്തിന്റെ ഒരു ഭാഗം മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. ഫണ്ട് വന്‍തോതില്‍ ചോര്‍ന്നു. അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ചോര്‍ച്ച അടയ്ക്കാന്‍ ഒന്നും ചെയ്തില്ല. നികുതി ദായകരുടെ പണം അനര്‍ഹരും തട്ടിപ്പുകാരും നേടിയെടുക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് ആയില്ല, മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് കേന്ദ്രത്തിന്റെ നാനൂറിലേറെ പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ ലഭിക്കുന്ന രീതിയിലായി. ആധാര്‍, ജന്‍ധന്‍, മൊബൈല്‍ വഴി പണം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിത്തുടങ്ങി. വ്യാജ തൊഴില്‍കാര്‍ഡ് നല്കി പണം തട്ടുന്നതായിരുന്നു പദ്ധതിയിലെ മറ്റൊരു ക്രമക്കേട്. ഈ ക്രമക്കേട് നീക്കിയതും മോദി സര്‍ക്കാരാണ്. 2017ല്‍ മാത്രം ഒരു കോടി വ്യാജ തൊഴില്‍കാര്‍ഡാണ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: