തിരുവനന്തപുരം: കൊറോണ പകർച്ചവ്യാധിയെ തുടർന്ന് സംസ്ഥാനം വിട്ട ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു. രോഗം പകരാനുള്ള സാധ്യത മുൻനിർത്തി സർക്കാർ സംവിധനങ്ങളിൽ അവരുടെ ദേശത്തേയ്‌ക്ക് പറഞ്ഞുവിട്ടവരാണ് ദിവസങ്ങൾ പിന്നിടും മുമ്പേ തിരികെയെത്തുന്നത്. ഇത് രോഗപകർച്ച വർദ്ധിക്കുമെന്ന ആശങ്കയ്‌ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഇവരിൽ പലരും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് തിരികെ എത്തുന്നത്.
സംസ്ഥാനത്ത് അനവധി പേർ തിരികെയെത്തിയതായിട്ടാണ് വിവരം. തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല. ശരീരോഷ്മാവ് പരിശോധിച്ചുകഴിഞ്ഞാൽ അവരെ താമസയിടങ്ങളിലേയ്‌ക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ കരാറുകാരുടെ നേതൃത്വത്തിലാണ് ഇവർ എത്തുന്നത്. മാത്രവുമല്ല ഇവിടുന്ന് പോയവർ കൃത്യമായി കോറന്റൈൻ അനുഷ്ഠിക്കാതെയാണ് വരവെന്നതും ശ്രദ്ധേയമാണ്. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗണിൽ തിരികെ പോകണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിലായി പ്രതിഷേധങ്ങളുണ്ടാക്കിയ ഇവരെ ലോക്ഡൗണിന് അയവ് വന്നതോടെയാണ് തീവണ്ടി മാർഗ്ഗം കയറ്റി വിട്ടത്.
യാത്രയ്‌ക്കിടയിലും അവരുടെ നാട്ടിലുമൊക്കെയായി രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്നതും സംശയത്തിലാണ്. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള തിരിച്ചുവരവും കൃത്യമായി പരിശോധനയില്ലാത്തതും രോഗം സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ പ്രധാനപ്പെട്ട പല പ്രദേശങ്ങളിലും ഇത്തരത്തിൽ മടങ്ങിവന്നിട്ടുണ്ട്.
പകർച്ചവ്യാധിയുടെ ആശങ്ക മാറുംമുമ്പേ ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സർക്കാർ നിയന്ത്രണ സംവിധാനങ്ങളുടെ വീഴ്ചയാണിതെന്നാണ് ആരോപണം. രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവരാണ് ഇവിടെയെത്തുന്നവരിൽ പലരും. എന്നാൽ ഇങ്ങനെയെത്തുന്നവർക്ക് സർക്കാർ കോറന്റൈൻ ഇല്ല. പകരം കരാറുകാർ ഒരുക്കിയിക്കുള്ള താമസയിടങ്ങളിലേയ്‌ക്കാണ് വിടുന്നത്. രോഗപകർച്ചയുണ്ടായ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളുടെ അവസ്ഥ പുറംലോകം അറിഞ്ഞതാണ്. മൂന്ന് പേർക്ക് കിടക്കാനുള്ള മുറിയിൽ പത്ത് പേരോളമാണ് കഴിഞ്ഞത്. ഇപ്പോഴത്തെ രോഗ പകർച്ച ഭീതിതമായ സ്ഥിതിയിൽ എത്തിനിൽക്കെ തിരികെയെത്തുന്നവർ ഇത്തരത്തിലുള്ള ക്യാമ്പുകളിൽ കഴിയേണ്ട സാഹചര്യമുണ്ടായാൽ രോഗപകർച്ച വ്യാപകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: