ശാസ്താംകോട്ട: ബിജെപി പ്രവര്‍ത്തകനെ വെട്ടിവീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ചു കൊല്ലാന്‍ ശ്രമം. ആറ് പേര് പിടിയില്‍. മണ്ണൂട്ട്വിളയില് പുത്തന്‍വീട്ടില്‍ വരുണ്‍(42), വിനോദ്(42), അഖില്‍(19), രാജീവ്(56), അര്ജുന്, കരുനാഗപ്പള്ളി കല്ലേലിഭാഗം പുന്നമൂട്ടില്‍ അഞ്ജനത്തില്‍ കിരണ്‍(29) എന്നിവരാണ് പിടിയിലായത്.
പടിഞ്ഞാറെ കല്ലട കോതപുരം കണ്ടത്തില്‍ രാജീവ്(38) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ തലയിണക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഗ്യാസ് ഏജന്‍സിയില്‍ നിന്നും ജോലി കഴിഞ്ഞു ബൈക്കില്‍ വരികയായിരുന്ന രാജീവിനെ റോഡില്‍ പതുങ്ങിയിരുന്ന മാര്‍ക്സിസ്റ്റ് അക്രമിസംഘം വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. പ്രദേശവാസിയായ ചില സിപിഎം ഗുണ്ടകളും മൈനാഗപ്പള്ളിയില്‍ നിന്നും പാര്‍ട്ടി ഇറക്കിയ പത്തോളം വരുന്ന സംഘവും ചേര്‍ന്നാണ് രാജീവിനെ അക്രമിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
വെട്ടുകൊണ്ട് അബോധാവസ്ഥയില്‍ റോഡില്‍ വീണ രാജീവിനെ കയ്യും കാലും കെട്ടി അക്രമിസംഘത്തിലുണ്ടായിരുന്ന വിനോദിന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കെട്ടിയിട്ടു. തുടര്‍ന്ന് കൊല്ലാനായിരുന്നു നീക്കം. എന്നാല്‍ സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ശാസ്താംകോട്ട പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രാജീവ് മൃതപ്രായനായിരുന്നു. പോലീസിനെ കണ്ട് സിപിഎം ഗുണ്ടകള്‍ പലരും ഓടി രക്ഷപ്പെട്ടങ്കിലും മൂന്നുപേര്‍ കസ്റ്റഡിയിലായി. വിനോദ്, രാജീവ്, കിരണ്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പോലീസിന്റെ സഹായത്തോടെയാണ് രാജീവിനെ ആശുപത്രിയിലാക്കിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതലാണ് രാജീവ് സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. അന്നുമുതല്‍ രാജീവിനെ വകവരുത്താന്‍ പ്രദേശത്തുകാരനായ പാര്‍ട്ടി ഏരിയാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവരികയായിരുന്നു. പലതവണ രാജീവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
രാജീവിനെ കൊല്ലാനുള്ള ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി ഉന്നതരെ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. സജീവ് ആവശ്യപ്പെട്ടു. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പിടിയിലായ മൂന്നു പ്രതികളില്‍ മാത്രം ഒതുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കമെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: