ബെംഗളൂരു: ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് പരിശോധനകരായി ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ക്കെതിരെ ദക്ഷിണ പശ്ചിമ റെയില്‍വെ അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച ബെംഗളൂരു കെഎസ്ആര് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോയ ശ്രമിക് ട്രെയിനിലായിരുന്നു സംഭവം. വിവിധ കമ്പാര്‍ട്ടുമെന്റില്‍ എത്തിയ ഇരുവരും യാത്രക്കാരോട് 905 രൂപവീതം നല്‍കാനാണ് ആവശ്യപ്പെട്ടത്.
യാത്രക്കാരില്‍ ഒരാള്‍ അറിയിച്ചതനുസരിച്ച് നഗരത്തിലെ ഒരു സന്നദ്ധ സംഘടന റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്. പണം നല്‍കിയില്ലെങ്കില്‍ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നായിരുന്നു ഭീഷണി. ഇരുവരും ടിടിഇക്ക് സമാനമായ യൂണിഫോം ധരിച്ചിരുന്നു. നിരവധി യാത്രക്കാരെ ഇരുവരും സമീപിച്ചെങ്കിലും ആരും പണം നല്‍കിയില്ല.
വിവരം അറിഞ്ഞ ഉടന്‍ തന്നെ റെയില്‍വെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ പരിശോധന നടത്തുകയും തുടര്‍ന്നുള്ള എല്ലാ റെയില്‍വെ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയും ചെയ്തു. അന്ധ്രപ്രദേശ് ഹിന്ദുപൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വെ പോലീസ് തൊഴിലാളികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.
അന്വേഷണം നടന്നുവരികയാണെന്നും ആദ്യം ഇവരെ തിരിച്ചറിയുകയാണ് വേണ്ടതെന്നും റെയില്‍വെ വക്താവ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ശ്രമിക് ട്രെയിനുകളില്‍ എല്ലാവര്ക്കും യാത്ര സൗജന്യമാണ്. കര്‍ണാടക സര്‍ക്കാരാണ് ഈ ട്രെയിനുകളുടെ പണം നല്‍കുന്നത്. ഇതുവരെ സംസ്ഥാനത്തു നിന്ന് മുന്നരലക്ഷത്തോളം പേരാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: