കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച മഹദ്വ്യക്തിയായിരുന്നു ശ്രീരാമകൃഷ്ണന് പണ്ഡിതര്‍. 1907 ജൂണ്‍ 8ന് എറണാകുളം മുളവുകാട് തെരുവില്‍ പറമ്പില്‍ അയ്യപ്പന്റെയും കടവന്ത്ര ലക്ഷമിയുടെയും പുത്രനായി ജനിച്ചു.
നവോത്ഥാന നായകരായ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീരാമകൃഷ്ണന് പണ്ഡിതരെ ഏറെ സ്വാധീനിച്ചു. ‘സംഘടിച്ചു ശക്തരാകുവിന് വിദ്യ കൊണ്ടു പ്രബുദ്ധരാകുവിന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രബോധനം അദ്ദേഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. കേരളത്തിലൊട്ടാകെ സഞ്ചരിച്ച് പിന്നോക്ക വിഭാഗത്തെ ഉദ്ധരിക്കാന്‍ അദ്ദേഹം പണ്ഡിതര്‍ എന്ന നാമം നല്കി ചരിത്രത്തിന്റെ ഭാഗമാക്കി. നീണ്ട നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം 1952 ല്‍ അഖില കേരള പണ്ഡിതര്‍ മഹാജനസഭ രൂപീകരിച്ചു. ശ്രീരാമകൃഷ്ണന് പണ്ഡിതരുടെ അക്ഷീണ പ്രവര്‍ത്തനത്താല്‍, 1955 ല്‍ പണ്ഡിതര്‍ അവാന്തര വിഭാഗങ്ങളെയും മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവുണ്ടായി.
അഖില കേരള പണ്ഡിതര്‍ മഹാജനസഭയുടെ= ആദ്യത്തെ ജനറല്‍സെക്രട്ടറിയാണ് ശ്രീരാമകൃഷ്ണന് പണ്ഡിതര്‍. ശക്തമായ സംഘടനാ സംവിധാനം വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഈ വിഭാഗത്തിന്റെ പ്രബല സംഘടനയായ മഹാജനസഭയുടെ സംഘടനാ വീപുലീകരണം ഇന്നും തുടരുന്നത് സഭാ നേതൃത്വം അദ്ദേഹത്തോടു കാട്ടുന്ന ആദരവിന് ഉദാഹരണമാണ്. കൊച്ചിയില്‍ നിന്നും പ്രസീദ്ധീകരിച്ച’ സന്ദേശം’മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. ജനകീയ പ്രക്ഷോഭങ്ങളുടെയും പണ്ഡിതര്‍ സഭയുടെയും പ്രധാന പ്രചരണം സന്ദേശം വഴിയായിരുന്നു. അനാരോഗ്യം അദ്ദേഹത്തിന് കൂടപ്പിറപ്പായിരുന്നു. അവിരാമമായ കഠിനാധ്വാനം അദ്ദേഹത്തെ ശയ്യാവലംബിയാക്കി. 56ാമത്തെ വയസ്സില്‍ 1963 ജൂണ്‍ 19 നായിരുന്നു ശ്രീരാമകൃഷ്ണന് പണ്ഡിതരുടെ ദേഹവിയോഗം.
ഷിജുകുമാര്‍, എരുമേലി
(അഖില കേരള പണ്ഡിതര്‍ മഹാജനസഭ ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: