ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണല്‍ ഖനനത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം നിലപാട് സ്വീകരിച്ചിട്ടും, പാര്‍ട്ടി സംസ്ഥാന നേതൃത്വം മൗനം പാലിക്കുന്നതില്‍ അണികളിലും, നേതാക്കളിലും ആശയകുഴപ്പം. പമ്പയില്‍ നിന്ന് മണല്‍ വാരുന്നതിനെതിരെ മുഖ്യമന്ത്രിയോട് പോലും ഏറ്റുമുട്ടാന്‍ സിപിഐക്കാരനായ വനംമന്ത്രിയും, ഒരു വിഭാഗം നേതാക്കളും തയ്യാറായെങ്കിലും, ഇവിടെ സംസ്ഥാന നേതൃത്വം നിസംഗത പാലിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം ആലപ്പുഴ ജില്ലയുടെ തീരത്ത് പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ കരിമണല്‍ ഖനനം പാടില്ലെന്ന് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സമരങ്ങളും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, അസി. സെക്രട്ടറി തുടങ്ങിയ പ്രമുഖരാരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ബിജെപി, കോണ്‍ഗ്രസ്, ധീവരസഭ തുടങ്ങിയ സംഘടനകള്‍ കരിമണല്‍ ഖനനത്തിനെതിരെ പ്രക്ഷോഭത്തിലാണ്.
കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് സിപഐയുടെ മുതിര്‍ന്ന നേതാവു കൂടിയായ മന്ത്രി ബിനോയ് വിശ്വം മുന്‍കൈ എടുത്ത് നട്ട ആയിരത്തോളം കാറ്റാടി മരങ്ങളും പൊഴിമുഖത്ത് നിന്ന മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെ അവഗണിച്ച് മുറിച്ച് നീക്കിയിരുന്നു. ആയിരക്കണക്കിന് പോലീസുകാരെ വിന്യസിച്ച് ഇരുട്ടിന്റെ മറവിലാണ് തീരം സംരക്ഷിക്കാന്‍ നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടിനിരത്തിയത്. എന്നിട്ടും ബിനോയ് വിശ്വമോ, സിപിഐ സംസ്ഥാന നേതൃത്വമോ പ്രതികരിച്ചില്ല. അതിന്റെ തുടര്‍ച്ചയായാണ് കരിമണല്‍ ഖനനം നിര്‍ബാധം തുടരുന്നത്.
ഖനനം മൂലം കടലാക്രമണം രൂക്ഷമായാല്‍ നാഷണല്‍ ഹൈവേയുടേയും, തോട്ടപ്പള്ളി സ്പില്‍വേയുടേയും നിലനില്‍പ്പ് അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണുള്ളത്.
കുട്ടനാട്ടില്‍ നിന്നും വെള്ളം ഒഴുകി പോകുവാനെന്ന പേരില്‍ തോട്ടപ്പള്ളി പൊഴി മുഖത്ത് കരിമണല്‍ ഖനനവും കടല്‍മണല്‍ ഖനനവും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നൂറ് കണക്കിന് ലോറികളില്‍ രാത്രിയും പകലും ടണ്‍ കണക്കിന് മണലാണ് കടത്തുന്നത്.കുട്ടനാട്ടില്‍ നിന്നും വെള്ളം ഒഴുകണമെങ്കില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കിഴക്ക് വശം 11 കിലോമീറ്റര്‍ നീളത്തില്‍ മഹാപ്രളയത്തില്‍ അടിഞ്ഞുകൂടിയ കിഴക്കന്‍ മണല്‍ നീക്കം ചെയ്യണം. ഇത് സംബന്ധിച്ച ജോലികള്‍ക്ക് ഒച്ചിഴയുന്ന വേഗതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: