ഇരിങ്ങാലക്കുട : കോണത്തുകുന്നിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും ഹോം തിയറ്ററും , മോഷ്ടിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. അഴീക്കോട് പേബസാര്‍ കണ്ണംകുളം വീട്ടില്‍ ബഷീര്‍ മകന് ഷാരൂഖ് (22), കോണത്തുകുന്ന് സ്വദേശി പണിക്കരുപറമ്പില്‍ നവാസ് മകന് അഭിനാസ് (26) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിന്റ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.
മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പുല്ലൂറ്റ് സ്വദേശിയുടെ കോണത്തുകുന്ന് മൊബൈല്‍ ഷോപ്പ് രാത്രിയില്‍ കുത്തിത്തുറന്ന് വില്‍പ്പനക്ക് വച്ചിരുന്ന ഹോം തിയറ്ററും, മൊബൈല്‍ ഫോണുകളും ലാപ്പ്ടോപ്പും മറ്റും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചും, സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പ്രതികളെ തിരിച്ചറിഞ്ഞു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത പ്രതികളെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. മൂന്നാം പ്രതിയായ അഭിനാസ് കഞ്ചാവു കച്ചവടക്കാരനാണെന്നറിഞ്ഞ് പോലീസ് കഞ്ചാവ് വാങ്ങാനെത്തിയവരായി വേഷം മാറി ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്ത് വച്ച് പിടികൂടുമ്പോള്‍ ഇയാളുടെ കയ്യില്‍ ഒരു കിലോയിലധികം കഞ്ചാവുണ്ടായിരുന്നു.
കേസിലെ ഒന്നാം പ്രതി പ്രായപൂര്‍ത്തി ആകാത്ത ആളാണ്. മോഷണം പോയ വസ്തുക്കള്‍ പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ മോഷണത്തിനായി വാടകക്കെടുത്ത ആഡംബര കാറാണ് ഉപയോഗിച്ചിരുന്നത്.
വാടകയായി മോഷ്ടിച്ച ഐഫോണ്‍ നല്‍കിയത് പോലീസ് കണ്ടെടുത്തു. ഇരിങ്ങാലക്കുട എസ്ഐമാരായ അനൂപ് പി.ജി, ക്ലീറ്റസ്, സത്യന്, എഎസ്ഐ ജഗദീഷ്, പോലീസുദ്യോഗസ്ഥരായ അനൂപ് ലാലന്, വൈശാഖ് മംഗലന്‍, നിധിന്, രാഹുല്‍, അരുണ്‍ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക