തിരുവനന്തപുരം: സ്കൂള്‍ തുറക്കാത്ത ഒരു അധ്യയന വര്‍ഷം കടന്നു വന്നു. എല്ലാക്കൊല്ലവും പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സജീവമാകുന്ന സ്കൂള്‍ വിപണിയുടെ നഷ്ടക്കണക്കെടുപ്പാണ് ഇത്തവണ എല്ലായിടത്തും. പുതിയ അധ്യയന വര്‍ഷത്തെ ക്ലാസ്സുകള്‍ എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. മെയ് മാസം മുതല്‍ സജീവമാകുന്ന സ്കൂള്‍ വിപണിയില്‍ കാര്യമായ ചലനം ഇത്തവണയില്ല.
ലോക്ഡൗണ്‍ ഇളവുകളോടെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുവെങ്കിലും വ്യാപാരം നന്നേ കുറവാണ്. ബുക്ക് സ്റ്റാളുകളിലും ഫാന്‍സി സ്റ്റോറുകളിലും ടെക്സ്റ്റയില്സുകളിലും സീസണ് കച്ചവട സമയമാണ് സ്കൂള്‍ തുറക്കുന്ന സമയം. യൂണിഫോമുകളും പുത്തനുടുപ്പുകളും വര്‍ണക്കുടകളും പുത്തന്‍ സ്കൂള്‍ ബാഗുമൊക്കെയായി വിപണി സജീവമാകേണ്ട കാലമാണ് മെയ്, ജൂണ്‍ മാസങ്ങള്‍. കൊറോണ ഭീതി കാര്യങ്ങളൊക്കെ മാറ്റിമറിച്ചു. രണ്ടു മാസം പിന്നിട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും പലയിടത്തും പുത്തന്‍ സ്റ്റോക്കുകള്‍ എത്തിയില്ല. എത്തിയവയ്ക്ക് വാങ്ങാനാളുമില്ല. മൊത്തത്തില്‍ ഇത്തവണ സ്കൂള്‍ വിപണി തുറക്കാത്ത വിദ്യാലയങ്ങള്‍ പോലെയായി.
നിലവിലെ അവസ്ഥ ഉല്‍പ്പാദകരെയും വിതരണക്കാരെയും ചെറുകിട വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്. സ്കൂള്‍ വിപണി ലക്ഷ്യമാക്കി കുട, ചെരിപ്പ് നിര്‍മാണം നടത്തുന്ന ചെറുകിട യൂണിറ്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വൈകിയാലും സ്കൂളുകള്‍ തുറക്കുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. വ്യാപാരികള്‍ക്കൊപ്പം തന്നെ ദുരിതത്തിലായ മറ്റൊരു വിഭാഗം തുന്നല്ത്തൊഴിലാളികളാണ്. സ്കൂള്‍ തുറക്കുന്ന സമയത്തെ ജോലികള്‍ കൊണ്ടാണ് തൊഴിലാളികളും പല ടെയ്ലറിംഗ് യൂണിറ്റുകളും പിടിച്ചു നിന്നിരുന്നത്. സാധാരണ സ്കൂള്‍ സീസണില്‍ നിന്നു തിരിയാന്‍ സമയമില്ലാതെ ജോലി ചെയ്തിരുന്നവര്‍ നിത്യവൃത്തിക്കുള്ള ജോലി പോലും ലഭ്യമാകാത്ത അവസ്ഥയിലാണ്. സ്കൂള്‍ തുറന്നാലും സാധാരണക്കാരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് വിപണിയെയും സ്വാധീനിക്കുമെന്നത് ഉറപ്പാണ്.
യൂണിഫോമുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി ചില സ്കൂളുകള്‍ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും എപ്പോള്‍ മുതല്‍ ഇവ ലഭ്യമാക്കണമെന്ന കാര്യത്തില്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വന്നശേഷം മാത്രമാകും വിതരണം. സ്കൂള്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കുന്നത് അനുസരിച്ചാണ് ടെക്സ്റ്റയില്‍ വ്യാപാരികള്‍ വസ്ത്രങ്ങള്‍ എത്തിക്കുന്നത്. ഇത്തവണ പല സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടില്ല.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചുവെങ്കിലും റെഗുലര്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതുവരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് നോട്ടുബുക്ക് ഉല്‍പ്പാദകരും വിതരണക്കാരും. സാധാരണഗതിയില്‍ ശിവകാശിയില്‍ നിന്നും ലോഡുകണക്കിന് നോട്ടുബുക്കുകളാണ് ജില്ലയിലെ ഫാന്‍സി സ്റ്റോറുകളിലും ബുക്ക്സ്റ്റാളുകളിലും എത്തുക. സ്വകാര്യ സ്കൂളുകള്‍ നേരിട്ട് ഓര്‍ഡര്‍ നല്കി എത്തിക്കാറുമുണ്ട്. സ്കൂള്‍ വിപണിയെ ആശ്രയിച്ച് ഉല്‍പ്പാദനവും വിതരണവും കച്ചവടവും നടത്തിയിരുന്നവര്‍ പ്രതീക്ഷയിലാണ്, വൈകിയായാലും വിദ്യാലയ വാതിലുകള്‍ തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: