പള്ളുരുത്തി: കൊച്ചി നഗരസഭ പള്ളുരുത്തി സോണല്‍ ഓഫീസില്‍ വിരമിക്കല്‍ പാര്‍ട്ടി നടത്തി വിവാദത്തിലായ ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയതിന് അഴിമതിക്കുരുക്കില്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ ഉടമയോടാണ് 2000 രൂപ വാങ്ങിയത്. വിവാദമായതോടെ ഇടനിലക്കാര്‍ വഴി പണം മടക്കിനല്‍കി.
കുമ്പളങ്ങിവഴി മുല്ലോത്ത് കാട്ടില്‍ മുരളീധരനില്‍ നിന്നാണ് ബില്‍ഡിങ് പെര്‍മിറ്റിന് 2000 രൂപ വാങ്ങിയത്. മെയ് 28നാണ് കോര്പറേഷന് ഓഫീസിലെത്തി മുരളീധരന് ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ ചുമതലപ്പെടുത്തിയ ആള്‍ക്ക് പണം കൈമാറി. തുടര്‍ന്ന് പ്രദേശത്തെ പൊതുപ്രവര്‍ത്തകരോട് പരാതിപ്പെട്ട മരളീധരന്‍ കൊച്ചി മേയറേയും ഡെപ്യൂട്ടി മേയറേയും പരാതി അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വൈകി ഉദ്യോഗസ്ഥന് ഏര്‍പ്പാടാക്കിയ ആള് പണം മടക്കി നല്കി. ഈ ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളുയരുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്ലാന്‍ പാസാക്കാന്‍ ഉള്‍പ്പെടെ ഫീസിളവുണ്ട്.
ഈ ഉദ്യോഗസ്ഥന് കഴിഞ്ഞ 26ന് നഗരസഭാ ഓഫീസിനു മുകളില്‍ നടത്തിയ വിരമിക്കല്‍ പാര്‍ട്ടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ലോക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പള്ളുരുത്തി പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: