തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദം പുതിയ തലത്തിലേക്ക്. എംജി സര്‍വകലാശാല പ്രൊഫസറായ ഡോ. കെ.എം. സീതിയെ കാലിക്കറ്റ് വിസി ആക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതാകട്ടെ കാലിക്കറ്റ് യൂണിവേഴ്സ്റ്റി വിസി ആയി മുസ്ലിം സമുദായ അംഗം വരുന്നതാണ് നല്ലതെന്ന വാദം. കേരളത്തിലെ സര്‍വകലാശാലകളിലെ വിസി സ്ഥാനത്ത് മുസ്ലിം സമുദായത്തിനും പ്രാതിനിധ്യം വേണമെന്നും ഇപ്പോള്‍ 14 സര്‍വകലാശാലകളിലേയും വിസി സ്ഥാനത്തു മുസ്ലിം പ്രാതിനിധ്യമില്ലെന്നും പിണറായി സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍, സീതിക്ക് മേയ് 28ന് അറുപത് വയസ് പിന്നിട്ടുകഴിഞ്ഞു. 60 വയസുകഴിഞ്ഞവരെ വിസി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണു ചട്ടം. മാത്രമല്ല, വിസി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ വന്ന അഞ്ചു പേരുമായി അഭിമുഖം നടത്തിയ മൂന്നംഗ പ്രത്യേക സമിതി ഏകകണ്ഠേന കെ.എം.സീതിക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍, യുജിസി പ്രതിനിധിയായ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ.ജഗദീഷ്കുമാര് ഉയര്‍ന്നമാര്‍ക്ക് നല്‍കിയത് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് സി.എ. ജയപ്രകാശിനാണ്. ഇതോടെ, മൂന്നു സമിതി അംഗങ്ങളും മൂന്നു പേര് വീതമുള്ള വ്യത്യസ്ത പാനലാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.
സീതിക്ക് പ്രായപരിധി കഴിഞ്ഞു എന്നതിനപ്പുറം മെരിറ്റ് ആണ് പ്രധാനമെങ്കില്‍ ജയപ്രകാശിനെ വിസി ആക്കണമെന്ന് നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നാണു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ ജയപ്രകാശ് ബിജെപിയുടെ നോമിനി ആണെന്ന തരത്തില്‍ വ്യാപക പ്രചാരണം നടന്നു. പിന്നാലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സംഘപരിവാര്‍ വിസി വേണ്ട എന്നപേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടന ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് മറ്റു പരാതികളും ഗവര്‍ണര്‍ പരിശോധിക്കുന്നുണ്ട്. എല്ലാവശങ്ങളും പരിശോധിച്ച് വിഷയത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: