‘ഇന്ത്യയോട് വേണ്ട ഗിരി പ്രഭാഷണം,
സ്വന്തം നിലവാരം പരിശോധിക്കൂ’
മരിയ വിര്‍ത് *
മനുഷ്യാവകാശ ലംഘനത്തിന്റെ കാര്യത്തില്‍ യൂറോപ്യന്മാര്‍ക്ക് ഞെട്ടിപ്പിക്കുന്ന ചരിത്രമാണുള്ളത്. വെറും എണ്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് മദ്ധ്യ യൂറോപ്പില്‍ തന്നെ ജൂതന്മാരേയും ജിപ്‌സികളേയും മുമ്പൊന്നുമില്ലാത്ത വിധം ആസൂത്രിതമായി വംശഹത്യ ചെയ്തത് ജര്‍മനിയാണ്. ബ്രിട്ടനും, ഫ്രാന്‍സിനും, പോര്‍ച്ചുഗലിനും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇതിനു തുല്യമോ ഇതിലേറെയോ ആളുകളെ തങ്ങളുടെ കോളനികളില്‍ കൊന്നൊടുക്കിയതിന്റെ ചരിത്രമുണ്ട്. അവരുടെ ഇരകളുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. അതില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരുമായിരുന്നു.
അറബികള്‍, തുര്‍ക്കികള്‍, മംഗോളിയര്‍ തുടങ്ങിയവരും മനുഷ്യാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അവരുടെയും ഇരകള്‍ ഇന്ത്യക്കാരുള്‍പ്പെടെ ദശലക്ഷക്കണക്കിനു വരും.
ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിക്കഴിഞ്ഞിരുന്നു. ഇന്നത്തെ ഐസിസിന്റെ അതേ പൈശാചികതയാണ് അവര്‍ നടപ്പാക്കിയത്. തലവെട്ടലുള്‍പ്പെടെ വിവരിക്കാനാവാത്ത വിധമുള്ള പീഡനങ്ങള്‍ കൈയ്യും കണക്കുമില്ലാതെയാണ് ചെയ്തുകൂട്ടിയത്. ഇവരില്‍ ഏറ്റവും സഹിഷ്ണുവായി ചിത്രീകരിക്കപ്പെടുന്ന ‘മഹാനായ അക്ബര്‍’ പോലും കൂട്ടക്കൊല ചെയ്ത ഹിന്ദുക്കളുടെ എണ്ണം വളരെ വലുതാണ്. അക്ബര്‍ കൊന്നൊടുക്കിയ ബ്രാഹ്മണരുടെ ശരീരങ്ങളില്‍ നിന്ന് ശേഖരിച്ച പൂണൂല്‍ തന്നെ 200 കിലോയോളം ഉണ്ടായിരുന്നു. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തച്ചു തകര്‍ക്കപ്പെട്ടു. ഹിന്ദു സ്ത്രീകളെ ലൈംഗിക അടിമകളാക്കി വിറ്റു. കുതിരപ്പുറത്തിരുന്ന് തുപ്പുന്ന മുസ്ലീങ്ങളുടെ മുമ്പില്‍ വായ് തുറന്നു വച്ച് ആ തുപ്പൽ സ്വീകരിക്കാന്‍ വരെ ഹിന്ദുക്കള്‍ നിര്‍ബന്ധിതരായി. പശുക്കളെ കൊന്നൊടുക്കുന്നത് ഒരു മഹദ് കര്‍മ്മമായിട്ടാണ് അവര്‍ കണ്ടിരുന്നത്. അത് ഹിന്ദുക്കള്‍ക്ക് വളരെ വേദനാജനകമായിരുന്നു എന്നതു തന്നെയായിരുന്നു അതിനു കാരണം. ലീഗസി ഓഫ് ജിഹാദ് എന്ന തന്റെ പുസ്തകത്തില്‍ ആന്‍ഡ്രൂ ബോസ്റ്റം ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദുക്കള്‍ നേരിട്ട പൈശാചികതയുടെ ഭീകരത കാരണം സ്വതന്ത്ര ഇന്ത്യയില്‍ പോലും വിവേചനങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ അവര്‍ തയ്യാറാവുന്നില്ല. ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ ബലാല്‍സംഗം ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ വരുന്ന കമന്റുകള്‍ വായിക്കുന്നത് വേദനജനകമാണ്. ‘ഇര ഒരു ഹിന്ദുവാണല്ലോ അതുകൊണ്ട് ഇത് വര്‍ത്തകളില്‍ വരില്ല’. ഇത് വളരെ ദു:ഖകരമാണ്. എന്നാല്‍ കഴിഞ്ഞ ആയിരം വര്‍ഷത്തെ അനുഭവത്തിന്റെ പരിണത ഫലമാണിത്. അവര്‍ക്ക് നീതി കിട്ടാന്‍ ഒരു വഴിയുമില്ല. ദുരിതങ്ങള്‍ നിശബ്ദമായി സഹിക്കുക മാത്രമാണ് മുന്നിലുള്ള വഴി.
ഗുരുനാനാക്ക് ദൈവത്തെ വിളിച്ച് കേണ കാര്യം ഗ്രന്ഥ സാഹിബില്‍ പറഞ്ഞിട്ടുണ്ട് ‘ഇസ്ലാമിനെ തലയോളം ഉയര്‍ത്തുക വഴി, അല്ലയോ ദൈവമേ നീ ഹിന്ദുസ്ഥാനത്തെ ഭയങ്കരമായ ഭീതിയില്‍ ആഴ്‌ത്തി. അവരുടെ ഇത്രയും പൈശാചികതകള്‍ കണ്ടിട്ടും നിന്റെ മനസ്സില്‍ ചലനമുണ്ടാവുന്നില്ലല്ലോ… ദൈവമേ ഈ നായ്‌ക്കള്‍ വജ്ര തുല്യമായ ഹിന്ദുസ്ഥാനെ നശിപ്പിച്ചല്ലോ’
ബ്രിട്ടീഷ് കോളണി യജമാനന്മാരും ക്രൂരതയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ദേശവാസികളോടുള്ള അവരുടെ വെറുപ്പ് അവിശ്വസനീയമായിരുന്നു. ‘ഇന്ത്യക്കാരെ വെറുക്കുന്നു കാരണം അവര്‍ ഒരു പ്രാകൃത മതത്തില്‍ വിശ്വസിക്കുന്ന മൃഗതുല്യരാണ്’ എന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹിന്ദുവംശത്തെ ഉന്മൂലനം ചെയ്യണം എന്നതായിരുന്നു ചാള്‍സ് ഡിക്കന്‍സിനെ പോലുള്ള ചില പ്രമുഖന്മാരുടെ ആവശ്യം. ഹിന്ദുക്കളെ എല്ലാവരേയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം എന്നതായിരുന്നു മാക്‌സ് മുള്ളറുടെ ആഗ്രഹം.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന ഈ രാജ്യത്തെ ബ്രിട്ടന്‍ കൊള്ളയടിച്ച് ദാരിദ്ര്യത്തിന്റെ പടുകുഴിയാക്കി മാറ്റി. ബ്രിട്ടീഷ് ഭരണകാലത്ത് 25 ദശലക്ഷം മനുഷ്യര്‍ പട്ടിണി കിടന്ന് മരിച്ചു. 1943 ല്‍ ബംഗാളില്‍ മാത്രം 3 ദശലക്ഷം പേര്‍ മരിച്ചു.
മുസ്ലീം അധിനിവേശക്കാരുടേതു പോലെ തന്നെ ബ്രിട്ടീഷ് കോളനി വാഴ്ചക്കാരുടെ ക്രൂരകൃത്യങ്ങളും ഒരു പട്ടികയില്‍ ഒതുക്കാന്‍ കഴിയാത്ത വിധം എണ്ണമറ്റതായിരുന്നു. അവര്‍ ഭാരതീയരെ പീരങ്കികളുടെ മുന്നില്‍ കെട്ടിവച്ച് ചിതറിച്ചു, ഡസന്‍ കണക്കിനു പേരെ മരങ്ങളില്‍ കെട്ടിത്തൂക്കി. ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്റെ വിജയത്തില്‍ സഹായിച്ചത് ഒരു ദശലക്ഷം ഇന്ത്യന്‍ സൈനികരായിരുന്നു. യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ ജീവന്‍ ബലികഴിച്ചു. എന്നിട്ടും അതിനു തൊട്ടു പിന്നാലെ 1919 ല്‍ അമൃത്സരില്‍ സമാധാനപരമായി നടന്ന ഒരു റാലിക്കു നേരെ വെടിവയ്‌ക്കാന്‍ ജനറല്‍ ഡയര്‍ ഉത്തരവ് നല്കി. ആയിരക്കണക്കിന് മനുഷ്യര്‍ അവിടെ മരിച്ചു വീണു. 1950 കളുടെ ആരംഭത്തില്‍ പോലും മടിക്കേരിയിലെ ക്ലബ് ഹൗസിനു മുന്നില്‍ വച്ചിരുന്ന ഒരു ബോര്‍ഡില്‍ എഴുതിയിരുന്നത് ‘ഇന്ത്യാക്കാര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല’ എന്നാണ്. കുടഗില്‍ നിന്നുള്ള വൃദ്ധനായ ഒരു കാപ്പി തോട്ടമുടമ ഒരിയ്‌ക്കല്‍ എന്നോടു പറഞ്ഞതാണിത്.
ആ തലമുറകള്‍ അനുഭവിച്ച വേദനകള്‍ ആര്‍ക്കെങ്കിലും ഭാവനയിലെങ്കിലും കാണാന്‍ കഴിയുമോ ? സ്വന്തം ഭൂമിയെ കൊള്ളയടിച്ചവന്മാര്‍ തന്നെ തങ്ങളെ പട്ടിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും കൂടി ചെയ്യുന്ന അവസ്ഥ. എന്തുകൊണ്ടാണ് അറബികളും യൂറോപ്യന്മാരും മറ്റു ജനതകളോട് ഇത്രയും ക്രൂരന്മാരായി തീര്‍ന്നത് ? കാരണം തങ്ങളെ മുന്തിയ വംശങ്ങളായിട്ടും മറ്റുള്ളവര്‍ മനുഷ്യര്‍ പോലുമല്ല എന്ന മട്ടിലുമാണ് അവര്‍ കാണുന്നത്.
അവരുടെ ഈ ധാര്‍ഷ്ട്യ മനോഭാവത്തിനു പിന്നില്‍ അവരുടെ മതവും ഒരു പങ്ക് വഹിക്കുന്നുണ്ട്. ക്രിസ്തുമതവും ഇസ്ലാമും അനുയായികളെ പഠിപ്പിക്കുന്നത് അവരുടെ മതം മാത്രമാണ് സത്യമതം എന്നാണ്. സ്രഷ്ടാവ് അവര്‍ക്ക് നിത്യ സ്വര്‍ഗ്ഗം പ്രദാനം ചെയ്യുമെന്നും, അവരുടെ മതം പിന്തുടരാത്ത മറ്റുള്ളവരെ നരകത്തിലിട്ട് കഠിന ശിക്ഷ നല്‍കുമെന്നുമാണ് ഉറച്ച വിശ്വാസം. ദൈവം തന്നെ നരകത്തീയില്‍ അവരെ നിത്യമായി ചുട്ടുകരിക്കുമെങ്കില്‍, ആ ദൈവത്തിന്റെ അനുയായികള്‍ പിന്നെ എന്തിന് അവരോട് നന്മ കാണിക്കണം ? ദൈവത്തിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്ന് ദൈവത്തോട് നന്ദികേട് കാണിക്കലായിരിക്കില്ലേ അത് ?
എന്നാല്‍ എന്തടിസ്ഥാനത്തിലാണ് അവര്‍ തങ്ങളുടെ മതം മാത്രമാണ് സത്യമതം എന്നും തങ്ങള്‍ മറ്റുള്ളവരെക്കാള്‍ മേന്മയുള്ളവരാണെന്നും നിശ്ചയിച്ചത് ? അതിന് ഒരേയൊരു കാരണമേ ഉള്ളൂ. ആ മതത്തിന്റെ സ്ഥാപകന്‍ അങ്ങനെ പറഞ്ഞതായി അവര്‍ അവകാശപ്പെടുന്നു. വേറെ ഒരു കാരണവും തെളിവും ഇക്കാര്യത്തില്‍ ഇല്ല. തങ്ങള്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തില്‍ പോകാനുള്ളവരും, മറ്റുള്ളവരെല്ലാം നരകത്തില്‍ ശിക്ഷിക്കപ്പെടാനുള്ളവരും ആണെന്ന ഈയൊരൊറ്റ ബാലിശ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റു മനുഷ്യരോട് ഏറ്റവും മനുഷ്യത്വ രഹിതമായിട്ടാണ് പെരുമാറിയിട്ടുള്ളത്. മതത്തിന്റെ പേരിലുള്ള ഈ മസ്തിഷ്‌ക്ക പ്രക്ഷാളനം ഇന്ന് നമ്മുടെ ഈ കാലഘട്ടത്തിലും നടന്നു കൊണ്ടിരിക്കുന്നു. ആരും അതിനെ ചോദ്യം ചെയ്യാനോ വിശകലനം ചെയ്യാനോ തയ്യാറായിട്ടില്ല.
എന്നാല്‍ തങ്ങളുടെ പൂര്‍വ്വികര്‍ ചെയ്ത ഈ കുറ്റകൃത്യങ്ങളെ ചൊല്ലി ഇന്നത്തെ വെള്ളക്കാരായ ക്രിസ്ത്യാനികളോ, അറബികളോ, തുര്‍ക്കി മുസ്ലീങ്ങളോ ചോദ്യം ചെയ്യപ്പെടുന്നില്ല. ‘പഴയ തലമുറയുടെ ദുഷ്‌കൃത്യങ്ങളുടെ പേരില്‍ ഇന്നത്തെ തലമുറയെ കുറ്റപ്പെടുത്തേണ്ടതില്ല’ എന്ന നല്ല നിലപാട് പക്ഷേ ഹിന്ദുക്കളുടെ, പ്രത്യേകിച്ച് ബ്രാഹ്മണരുടെ കാര്യത്തില്‍ ബാധകമല്ല താനും. കഴിഞ്ഞ കാലത്തെ ഏറ്റവും കൊടിയ മനുഷ്യാവകാശ ലംഘകരാണ് അവരെന്ന മട്ടില്‍ മാദ്ധ്യമങ്ങള്‍ അവര്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു. ‘ഭയാനകവും മര്‍ദ്ദക സ്വഭാവമുള്ളതുമായ’ ജാതി വ്യവസ്ഥയുടെ പേരില്‍ ഹിന്ദു മതം ഏറ്റവും വലിയ വില്ലനായി ചിത്രീകരിക്കപ്പെടുന്നു.
ഇത് അസത്യവും ദുരുപദിഷ്ടവുമാണ് എന്ന കാര്യം കുറച്ചെങ്കിലും ചരിത്ര ബോധമുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. നാല് വര്‍ണ്ണങ്ങള്‍ ആയി സമൂഹത്തെ പരിഗണിക്കുന്ന സംവിധാനത്തെ പറ്റി വേദങ്ങളില്‍ പരാമര്‍ശമുണ്ട്. അത് ഓരോ വ്യക്തിയുടേയും ഗുണങ്ങള്‍ക്കും വാസനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും അനുസരിച്ചുള്ള സംവിധാനമാണ്. വേദങ്ങള്‍ മന:പാഠമാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണര്‍, സമൂഹത്തെ സംരക്ഷിക്കുകയും ഭരണം നടത്തുകയും ചെയ്യുന്ന ക്ഷത്രിയര്‍, സാധന സാമഗ്രികള്‍ ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വൈശ്യര്‍, മറ്റ് സേവനങ്ങള്‍ ചെയ്യുന്ന ശൂദ്രര്‍. ഇത് ജന്മത്തിന്റെ അടിസ്ഥാനത്തില്‍ അല്ല എന്നാണ് മനുസ്മൃതിയും ഭഗവദ് ഗീതയും വ്യക്തമാക്കുന്നത്. ബ്രിട്ടീഷുകാരാണ് സെന്‍സസുകളിലൂടെ കാസ്റ്റ് എന്നതിനെ (ഇതൊരു പോര്‍ച്ചുഗീസ് വാക്കാണ്) ഇവിടെ അരക്കിട്ടുറപ്പിച്ചത്. എന്നിട്ട് അവര്‍ തന്നെ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതി വിവേചനത്തെ ചൊല്ലി ഹിന്ദുക്കളെ അധിക്ഷേപിക്കാനും തുടങ്ങി.
ഇതില്‍ പെടാത്ത വേറൊരു വിഭാഗമുണ്ട്. അവരെ പറ്റി ലോകത്തോടു മുഴുവന്‍ വിവരിക്കുകയും അതിലൂടെ ഹിന്ദുക്കളെ അങ്ങേയറ്റം അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ചത്തുപോയ മൃഗങ്ങളെ കൈകാര്യം ചെയ്യുക, അഴുക്കു ചാലുകള്‍ വൃത്തിയാക്കുക തുടങ്ങിയ ശുചിത്വ ജോലികള്‍ ചെയ്യുന്ന തൊട്ടുകൂടാത്തവര്‍ ആണവര്‍. മറ്റു വര്‍ണ്ണങ്ങളില്‍ പെട്ടവര്‍ അവരെ തൊടാറില്ലായിരുന്നു എന്ന കാര്യം പാശ്ചാത്യ ലോകത്ത് ഒരു വലിയ വിഷയമായിട്ടാണ് ഇപ്പോഴും അവതരിപ്പിക്കുന്നത്. ഹിന്ദുക്കളെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി കാണിച്ചുകൊണ്ടാണ് ഈ സമ്പ്രദായത്തെ ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും പീഡിപ്പിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്ത ദശലക്ഷങ്ങളുടെ ചരിത്രം ഈ താരതമ്യത്തില്‍ മങ്ങിപ്പോകുന്നു.
ഏതെങ്കിലും ‘തൊട്ടുകൂടാത്ത വ്യക്തി’ തന്റെ ശുചിത്വ ജോലി ചെയ്തതിന്റെ പേരില്‍ എവിടെയെങ്കിലും കൊല്ലപ്പെട്ടതായി ഒരു തെളിവും ഇല്ല. മാലിന്യവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇത്തരം ജോലികള്‍ ചെയ്യുന്നവരെ ഉയര്‍ന്ന ജാതിക്കാര്‍ മുമ്പും ഇപ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ടാകാം. എന്നാല്‍ ദൗര്‍ഭാഗ്യ വശാല്‍ അത് മനുഷ്യ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദുമതവുമായി അതിന് ബന്ധമില്ല. അത്തരം പ്രവൃത്തികളും ചെയ്യപ്പെടേണ്ടവയാണെന്ന കാര്യം ബഹുഭൂരിപക്ഷത്തിനും അറിയുകയും ചെയ്യും.
ഈ തൊട്ടുകൂടായ്‌മയ്‌ക്ക് പിന്നില്‍ വേറൊരു വശം കൂടിയുണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അത് ഒരുപക്ഷേ ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ദൃഷ്ടി ഗോചരമല്ലാത്ത കീടാണുക്കള്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന കാര്യം മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആയുര്‍വേദം മനസ്സിലാക്കിയിരുന്നു. അഴുക്കു ചാലുകളിലും മാലിന്യങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം കീടാണുക്കളുടെ വാഹകരും വ്യാപന ക്ഷമതയുള്ളവരും ആയിരിക്കാനുള്ള സാദ്ധ്യത ഏറെയാണ് താനും. എന്നാല്‍ ഏതാണ്ട് നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ലൂയി പാസ്ചര്‍ കീടണുക്കളെ കുറിച്ച് പറയുന്നതുവരെ ബ്രിട്ടീഷുകാര്‍ക്ക് ഇതറിയുമായിരുന്നില്ല. (ഇന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഇതിനെ പറ്റി കാണുക ഒരു ‘ഫ്രെഞ്ച് ശാസ്ത്രജ്‌നന്റെ മഹത്തായ കണ്ടുപിടിത്തം’ എന്നാണ്. ആയുര്‍വേദത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാനേ കഴിയില്ല)
കോറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ന് ‘സാമൂഹ്യ അകലം’ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നമുക്കറിയാം മറ്റൊരാളെ സ്പര്‍ശിക്കാതിരിക്കുന്നത് രോഗാണു ബാധയുണ്ടാവാതെ സൂക്ഷിക്കാനുള്ള ഒരു മുന്‍കരുതല്‍ മാത്രമാണ് അല്ലാതെ അതില്‍ യാതൊരു വിവേചനത്തിന്റെ വിഷയവും വരുന്നില്ല. ചിലരുമായുള്ള ശാരീരിക അകലം സൂക്ഷിച്ചിരുന്നത് ഈ മുന്‍കരുതലിന്റെ ഭാഗമായിക്കൂടെ എന്ന ഒരു സംശയത്തിന്റെ ആനുകൂല്യം എങ്കിലും ഹിന്ദുക്കള്‍ക്ക് നല്കുവാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് രോഗാണുക്കളെ കുറിച്ച് ആഴത്തിലുള്ള അറിവ് ഇല്ലാതിരുന്നതു കൊണ്ട് അതിന്റെ പിന്നിലുണ്ടാകാന്‍ സാദ്ധ്യതയുള്ള ഈ കാരണത്തെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.
സാതന്ത്ര്യത്തിനു ശേഷം, ഔദ്യോഗികമായി ജാതിവ്യവസ്ഥ നീക്കം ചെയ്യപ്പെടുകയും താഴ്ന്ന ജാതിക്കാരോടുള്ള വിവേചനം ജാമ്യമില്ലാ കുറ്റമായി മാറ്റുകയുമുണ്ടായി. എന്നിട്ടും ഇപ്പോഴും പാശ്ചാത്യലോകം ജാതിയേയും തൊട്ടു കൂടായ്‌മയേയും ചൊല്ലി വലിയ കോലാഹലമാണ് ഉണ്ടാക്കുന്നത്. എന്തുകൊണ്ട് ? ഇതാണോ തദ്ദേശ വാസികളെ കുറിച്ച് ബ്രിട്ടീഷുകാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും വലിയ കുറ്റം ?
ഉയര്‍ന്ന ജാതിക്കാര്‍ മറ്റുള്ളവരെ താഴ്‌ത്തി കാണിച്ചിരുന്നില്ലെന്നോ, ഇപ്പോള്‍ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നോ വാദിക്കാനല്ല ഇത് പറയുന്നത്. എന്നാല്‍ ബ്രാഹ്മണരെ ഇത്തരത്തില്‍ ഭീകരന്മാരാക്കുന്നത് അടിസ്ഥാനരഹിതമാണ്. തങ്ങളുടെ സാധനയുടെ ഭാഗമായി മാനസികവും ശാരീരികവുമായ ഏറ്റവും ഉയര്‍ന്ന ശുദ്ധി നിലനിര്‍ത്താന്‍ കര്‍ക്കശമായ നിയമങ്ങള്‍ പാലിക്കുന്ന ബ്രാഹ്മണര്‍ മറ്റുള്ളവരോട് വെറുപ്പ് വച്ചു പുലര്‍ത്താനുള്ള സാദ്ധ്യത കുറവാണ്. എന്നിട്ടും ഇവാഞ്ചലിസ്റ്റുകളും, എന്‍ ജി ഒ കളും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും, മുസ്ലീം സംഘടനകളും എല്ലാം അവര്‍ക്കെതിരെ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ഒരിയ്‌ക്കലും സംഭവിച്ചിട്ടു പോലുമില്ലാത്ത ‘അതിക്രമ’ങ്ങളുടെ പേരില്‍ പോലും പലപ്പോഴും അവര്‍ ആക്രമിക്കപ്പെടുന്നു. അതേസമയം അവര്‍ക്കെതിരെ ചെയ്യപ്പെട്ടിട്ടുള്ള വിവരിക്കാനാവാത്തത്ര അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. സ്വന്തം കണ്ണിലെ തടി മാറ്റാതെ അന്യന്റെ കണ്ണിലെ കരട് ചൂണ്ടിക്കാണിക്കുന്ന പരിപാടിയുടെ ഏറ്റവും നല്ല ഉദാഹരണമാണിത്.
ഈ പരിപാടിയുമായി വളരെക്കാലം മുന്നോട്ടു പോകാന്‍ ഇത്തരക്കാര്‍ക്ക് കഴിഞ്ഞു. ഹിന്ദുക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതു തന്നെ കാരണം. ഹിന്ദുക്കളുടെ ഈ ദുര്‍ബല മനോഭാവം എല്ലാവര്‍ക്കും അറിയാം. അവരെ ഭീരുക്കളെന്ന് പോലും ആളുകള്‍ വിളിക്കുന്നു. എന്നാല്‍ ഈ സമീപ കാലത്ത് ഹിന്ദുക്കള്‍ സ്വന്തം നില ഉറപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. അവര്‍ക്കു നേരെയുള്ള ഈ ആക്രമണം ദുരുദ്ദേശപരമാണെന്ന് അവര്‍ തിരിച്ചറിയാന്‍ തുടങ്ങിക്കഴിഞ്ഞു. മതേതരത്വത്തിന്റെ പേരില്‍ തങ്ങള്‍ വിഡ്ഡികളാക്കപ്പെടുകയാണെന്നും ക്രിസ്ത്യാനികള്‍ക്കൊ മുസ്ലീങ്ങള്‍ക്കൊ മതേതരര്‍ ആകാന്‍ കഴിയുകയില്ലെന്നും അവര്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായി സെമിറ്റിക്ക് വിശ്വാസികള്‍ വര്‍ഗ്ഗീയവാദികളാണ്. ലോകം മുഴുവന്‍ തങ്ങളുടെ മതം പടര്‍ത്തണം എന്നത് അവരുടെ ആവശ്യമാണ്.
ഈ ശുദ്ധമായ കാപട്യം തുറന്നു കാട്ടേണ്ട സമയമായി. ‘ഹിന്ദുത്വ ഫാസിസവുമായി ഹിന്ദുരാഷ്‌ട്രത്തിലേക്ക്’ മുന്നേറിക്കൊണ്ടിരിക്കുന്നത് എന്ന് മോദി സര്‍ക്കാരിനെ ട്വീറ്റില്‍ കൂടി അധിക്ഷേപിച്ചത് പാകിസ്ഥാന്‍ പ്രധാന മന്ത്രിയായ ഇമ്രാന്‍ ഖാനാണ്. അദ്ദേഹം ആദ്യം സ്വന്തം പ്രത്യയ ശാസ്ത്രത്തെയും രാജ്യത്തേയും വിലയിരുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാറ്റിനേയും സ്വാംശീകരിക്കുന്നതും എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്നതുമായ ഹിന്ദുരാഷ്‌ട്രം അന്ധവിശ്വാസത്തിന്റെ ഇരുമ്പ് ചട്ടക്കൂട്ടില്‍ മനുഷ്യനെ തളയ്‌ക്കുന്ന ക്രിസ്ത്യന്‍ ഇസ്ലാം പ്രത്യയ ശാസ്ത്രങ്ങളേക്കാള്‍ ഏത് കാലത്തും എങ്ങനെ നോക്കിയാലും മെച്ചമാണ്. കുത്തക മനോഭാവവും അധിനിവേശ സംസ്‌കാരവും ഉള്ള ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇന്നും തങ്ങളുടെ കൂട്ടത്തില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവരെ മരണ ശിക്ഷ കാട്ടിയാണ് അടക്കി നിറുത്തുന്നത്.
ഹാംബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മന:ശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാ മദ്ധ്യേ ഇന്ത്യയില്‍ കുറച്ചു സമയം തങ്ങാനിടയായത് മരിയ വിര്‍ത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 1980 ഏപ്രില്‍ മാസം ഹരിദ്വാറില്‍ നടന്ന അര്‍ദ്ധ കുംഭമേളയില്‍ പങ്കെടുത്ത മരിയ, അവിടെ വച്ച് ആനന്ദമയി മാ, ദേവ് രഹ ബാബ എന്നീ മഹാത്മാക്കളെ കണ്ടുമുട്ടി. അവരുടെ അനുഗ്രാശിസ്സുകളോടെ ഇന്ത്യയില്‍ ജീവിതം തുടര്‍ന്ന മരിയ, പിന്നീട് ഓസ്‌ട്രേലിയയിലേക്ക് പോയില്ല. ഭാരതത്തിന്റെ ആത്മീയതയിലേക്ക് ഊളിയിട്ടിറങ്ങിയ മരിയ താന്‍ നേടിയ അറിവുകള്‍ തന്റെ ലേഖനങ്ങളിലൂടെയും പുസ്തകത്തിലൂടെയും ജര്‍മ്മന്‍ വായനക്കാരോട് പങ്കു വയ്‌ക്കാന്‍ തുടങ്ങി. ഭാരതത്തിന്റെ സവിശേഷമായ പൈതൃകം ഇന്ത്യാക്കാര്‍ക്കു പോലും കിട്ടാതിരിക്കാന്‍ വ്യക്തമായ പദ്ധതികളോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയുന്ന മരിയ അത്തരം ഗൂഡാലോചനകളെ തുറന്നു കാണിക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകി ജീവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: