വടശേരിക്കര: തിരുവാഭരണ പാതയിലെ നിരവധി സ്ഥലങ്ങൾ ഇന്ന് കൈയേറി കെട്ടിടങ്ങളും കൃഷിയിടങ്ങളുമാക്കിയിരിക്കുകയാണ്. ഈപാത രാജഭരണ കാലം തൊട്ടു അനുവദിച്ചു കിട്ടിയതാണ്. റോഡുമാർഗ്ഗം ളാഹവരെ എത്തുന്ന തിരുവാഭരണപാത പൂങ്കാവനത്തിൽ പ്രവേശിച്ച് തലപ്പാറമല കോട്ടയിലാണ് എത്തേണ്ടത്. എന്നാൽ ഇവിടെയെത്താതെയാണ് തിരുവാഭരണം ഇപ്പോൾ ഇലവുങ്കൽ എത്തുന്നത്.
പ്ലാപ്പള്ളിയിൽ പ്രതീകാത്മകമായി കോട്ട നിർമിച്ചു പരമ്പരാഗതമായ പൂജകൾ നടത്തുകയാണിപ്പോൾ. ഇവിടെയും തിരുവാഭരണ പാതക്ക് സ്ഥലനഷ്ടം സംഭവിച്ചു. തുടർന്ന് നിലക്കലിലേക്കത്തേണ്ടത് കാനന പാതയിലൂടെയാണ്. എന്നാൽ ഇപ്പോൾ പൊതുവഴിയാണ് ഉപയോഗിക്കുന്നത്. നിലക്കൽ ക്ഷേത്രത്തിൽ നിന്നും പള്ളിയറക്കാവ് വഴി അട്ടത്തോട്ടിലെത്തിയാണ് വനവാസി മൂപ്പന്റെ സ്വീകരണം ഏറ്റു വാങ്ങേണ്ടത്. ഇവിടെയും ഇപ്പോൾ തിരുവാഭരണ പാത ഉപേക്ഷിച്ചു പൊതുവഴിയാണ് ഉപയോഗിക്കുന്നത്. തുടർന്ന് കൊല്ലമൂഴി വഴി വെളളാച്ചി മല കയറി ഏത്തപ്പെട്ടിയിലെത്തണം. ഇവിടെ വെളളാച്ചിമല വഴി ഇല്ലാതായി. പകരം താത്കാലിക പാലം നിർമിച്ചു എത്തപ്പെട്ടിയിലെത്തുന്നു. ഇവിടെ രണ്ടു പ്രാവശ്യം പമ്പാ നദി കടക്കുന്നു. ഇത് പണ്ടുണ്ടായിരുന്നതല്ല. പാത വഴി തിരിച്ചു വിട്ടത് സ്ഥലനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
കൊല്ലമൂഴിയിൽ നിന്ന് താത്കാലിക പാലത്തിലൂടെ പമ്പാ നദി കടക്കുന്നു. തുടർന്ന് വീണ്ടും കല്ലിടുക്കിലൂടെ ഏത്തപ്പെട്ടിയിലെത്തി പമ്പ തിരിച്ചു കടക്കണം. തുടർന്ന് ഒളിയമ്പുഴ (വയറ്റു കണ്ണിപ്പാറ) എത്തി താത്കാലിക പാലം വഴി വലിയാനവട്ടത്തെത്തി സീവേജ് പ്ലാന്റ് പ്രവർത്തിക്കുന്ന ചെറിയാനാവട്ടം വഴി നുണുങ്ങാറിലെ താൽക്കാലിക പാലം വഴി പമ്പയിൽ എത്താതെ നീലിമലയിൽ എത്തുന്നു. തുടർന്ന് അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വഴി ശരം കുത്തിയിലെത്തുകയും അവിടെനിന്നു ദേവസവം ബോർഡ് തിരുവാഭരണം സ്വീകരിച്ചു സന്നിധാനത്ത് എത്തിക്കുകയുമാണ് പതിവ്. ഇതാണ് വനാന്തർ ഭാഗത്തെ തിരുവാഭരണ പാത. ഇതിൽ ഒളിയമ്പുഴയിൽ നിന്നും സന്നിധാനം മാത്രം വരെയാണ് പാത വ്യതിചലിക്കാതെ ഇപ്പോൾ പോകുന്നത്.
മറ്റു സ്ഥലങ്ങളിൽ ഏകദേശം 10 കിലോമീറ്ററോളം തിരുവാഭരണ പാതയിൽ നിന്ന് വ്യതിചലിച്ചു പൊതു റോഡിലൂടെയും മറ്റുമാണ് പോകുന്നത്. ഇതുമൂലം പാതക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് ഏക്കർ ഭൂമികളാണ്. കാലക്രമത്തിൽ ഉപയോഗ ശൂന്യമായ പാതയുടെ ഭാഗങ്ങളെല്ലാം അവകാശമില്ലാതായി കാലഹരണപ്പെട്ടു പോകാം. ഇത് കാലാകാലങ്ങളായി നടക്കുന്ന നീക്കമാണെന്നു സംശയിക്കുന്നവർ ഉണ്ട്. ടാറിട്ട റോഡിലൂടെ തിരുവാഭരണ വാഹകരും ഭക്തരും തുടർച്ചയായി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: