മനുഷ്യനിലും അവന്റെ ആത്യന്തികമായ നന്മയിലും വിശ്വസിക്കുന്നവരുടെയെല്ലാം ഉള്ളില്‍ നോവായി മാറി ഉത്ര(25) എന്ന പെണ്‍കുട്ടി. കൊല്ലം അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ വിജയസേനന്റെ മകളായ ഉത്ര, അടൂര്‍ പറക്കോട് സ്വദേശി സൂരജിന്റെ വധുവായി വിവാഹ വേഷത്തില്‍ ഉല്ലാസവതിയായി നില്ക്കുമ്പോള് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല സ്നേഹവും കരുതലും നല്‍കേണ്ട ഭര്‍ത്താവു തന്നെ അവളുടെ ജീവന് ഇല്ലാതാക്കുമെന്ന്. ഒരാളെ ജീവിതത്തില്‍ നിന്ന് എന്നന്നേക്കുമായി ഒഴിവാക്കുന്നതിന് പുതുവഴികള്‍ അന്വേഷിക്കുന്നവരുടെ ലക്ഷ്യം അവര്‍ ഒരിക്കലും പിടിക്കപ്പെടാതിരിക്കുക എന്നതാണ്. അത്തരത്തിലൊരു മാര്‍ഗ്ഗമാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്, ഭാര്യയെ കൊലപ്പെടുത്താന്‍ സൂരജ് മൂന്ന് മാസത്തോളം തയ്യാറെടുപ്പുകള്‍ നടത്തി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഭര്‍തൃവീട്ടില്‍ വച്ച് പാമ്പുകടിയേറ്റ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ചികിത്സയിലിരിക്കെ പാമ്പിന്റെ കടിയേറ്റുതന്നെ മരണപ്പെട്ടുവെന്ന പത്രവാര്‍ത്ത വായിച്ചപ്പോള്‍ കഷ്ടം എന്നോ വിധിയെന്നോ പറഞ്ഞ് പരിതപിച്ചവരാണ് നമ്മള്. പക്ഷേ അതൊരു ആസൂത്രിത കൊലപാതമായിരുന്നു എന്നത് ഞെട്ടല്‍ ഉളവാക്കുന്നു.
ഒരുപരിധിവരെ നിരുപദ്രവകാരികളാണ് പാമ്പുകള്‍. അങ്ങോട്ട് ആക്രമിക്കുമ്പോഴോ, ചവിട്ടുമ്പോഴോ ഒക്കെയാണ് അവ പ്രത്യാക്രമണം നടത്തുക. പാമ്പിനേക്കാള്‍ അപകടകാരികളാണ് മനുഷ്യന് എന്ന് ഈ സംഭവത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞു. കുറ്റവാസനയുള്ളവര്‍ക്ക് തെറ്റായ സന്ദേശമാണ് ഇതു നല്‍കിയിരിക്കുന്നത്. പാമ്പുപിടിത്തക്കാര്‍ ജനനന്മയ്ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ ഇനി ഇടവരരുത്. നിയമം കൂടുതല്‍ ശക്തവും കര്‍ശനവും ആക്കണം എന്നതിലേക്കാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഉത്രയ്ക്ക് സംഭവിച്ചതൊരിക്കലും കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. കൊടും വിഷം കുത്തിവച്ചുള്ള കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും മറ്റും ചരിത്രം സാക്ഷിയാണ്. ഗ്രീ്ക്ക് രാജ്ഞിയായിരുന്ന ക്ലിയോപാട്ര വിഷപ്പാമ്പുകളെ കൊണ്ട് സ്വയം കൊത്തിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ചരിത്രത്തിലെ രേഖപ്പെടുത്തല്‍. അതിന്റെ മറ്റൊരു തലമാണ് കൊല്ലം അഞ്ചലില്‍ കണ്ടത്. നിരന്തരമായ ഗാര്‍ഹിക പീഡനത്തിന്റെ ഇരകൂടിയാണ് ഉത്ര. വിവാഹിതയായി കുടുംബ ജീവിതത്തിന്റെ മധുരം നുകരേണ്ടതിന് പകരം സ്നേഹരാഹിത്യത്തിന്റേയും ഒത്തുതീര്‍പ്പുകളുടേയും കയ്പുനീര് കുടിക്കേണ്ടി വന്ന പെണ്‍കുട്ടി. കേരളത്തിലെ ഒട്ടുമിക്ക കുടുംബിനികളുടേയും പ്രതീകം. ഭര്‍തൃവീട്ടില്‍ സന്തോഷത്തോടെ മകള്‍ കഴിയണം, അതിന് എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാകുന്ന, ഉള്ളതൊക്കെയും അവളുടെ സന്തോഷത്തിന് വേണ്ടി നല്കാന് മനസ്സുള്ള ഏതൊരു പിതാവിനേയും പോലെ തന്നെയായിരുന്നു ഉത്രയുടെ അച്ഛന് വിജയസേനനും. മകളുടെ പുഞ്ചിരി മായാതെ നില്ക്കാന് സൂരജ് ആവശ്യപ്പെടുമ്പോഴൊക്കെ പണം നല്കി. സ്വര്‍ണവും കാറും പണവും ഉള്‍പ്പടെ വാങ്ങിയാണത്രെ സൂരജ് ഉത്രയെ വിവാഹം ചെയ്യുന്നതും. സ്വത്തിനോടുള്ള സൂരജിന്റെ ആര്‍ത്തിയാണ് ഉത്രയുടെ ജീവന് ഇല്ലാതാക്കിയതും. ഉത്രയുടെ കൊലപാതകിക്ക്, അര്‍ഹമായ ശിക്ഷ കിട്ടുന്നതുവരെ ആ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം കേരളം ഉണ്ടാകണം. ഉത്രമാര്‍ ഇനി ഉണ്ടാവരുത്,
സ്വന്തം കുഞ്ഞിന് ജന്മം നല്കിയവള് പിടഞ്ഞ് പിടഞ്ഞ് ഇല്ലാതാകുന്നത് പ്രജ്ഞയോടെ നോക്കിയിരിക്കുകയെന്നത് മനുഷ്യത്വം ഉള്ള ഒരാള്‍ക്കും സാധിക്കില്ല. ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക എന്നാല്‍ ഇല്ലാതാക്കുക എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ ഗതി. ഏത് ബന്ധമായാലും തനിക്ക് പ്രതിബന്ധമാകും എന്ന് തോന്നിയാല്‍ തീര്‍ത്തുകളയുക എന്നത് ഈ കാലത്തിന്റെ നെറികെട്ട വശമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നതു സ്ത്രീകളാണ്. അവരില്‍ ഒരാളാണ് ഉത്രയും. താലിച്ചരടിലാണ് പെണ്ണിന്റെ സുരക്ഷിതത്വം എന്ന് കരുതുന്നവരുടെ, എത്ര സഹിച്ചും ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്‍ക്കണം എന്ന് ഉപദേശിക്കുന്നവരുടെ, ഭര്‍ത്താവിന് വിധേയയായി ജീവിക്കേണ്ടവളാണ് സ്്ത്രീയെന്ന് വിധിക്കുന്നവരുടെ, പരാശ്രയം കൂടാതെ അവള്‍ക്ക് നിലനില്പില്ലെന്ന് വാദിക്കുന്നവരുടെ മുന്നിലാണ് നമ്മുടെ പെണ്കു്ട്ടികള് ബലിയാടുകളായി തീരുന്നത്. ഏത് പ്രതിസന്ധിയിലും സ്വന്തം വീട്ടുകാര്‍ കൂടെയുണ്ടാകും എന്ന് ഉറപ്പുള്ള ഒരു പെണ്‍കുട്ടിയും ജീവന് അപകടത്തിലാകുന്ന ഘട്ടം വരേയും കാത്തുനില്‍ക്കില്ല. നീ തനിച്ചല്ല എന്ന ധൈര്യമാണ് ഓരോ പെണ്‍കുട്ടിയ്ക്കും നാം നല്‍കേണ്ടത്. ഗാര്‍ഹിക പീഡനം ഏല്ക്കുന്നുവെങ്കില് അക്കാര്യം ബന്ധപ്പെട്ട അധികൃതരോട് തുറന്ന് പറയാനുള്ള ആര്‍ജ്ജവമാണ് അവള്‍ക്കുണ്ടാകേണ്ടതും. സ്ത്രീക്ക് അനുകൂലമായ ശക്തമായ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഈ നാട്ടില്‍, എന്തും സഹിച്ച് ജീവച്ഛവമായി ജീവിക്കുന്നത് എന്തിനാണ് എന്ന് സ്വയം ചോദിക്കാന്‍, അത്തരം അന്തരീക്ഷത്തില്‍ നിന്നു പുറത്തുകടക്കാന്‍ പീഡനത്തിന് ഇരയാകുന്ന ഓരോ സ്ത്രീക്കും സാധിക്കണം. ഉത്രയുടെ കൊലപാതകം കേരള സമൂഹത്തോട് പറയുന്നതും ആവശ്യപ്പെടുന്നതും ഇതാണ്. ഉത്തരമില്ലാത്ത കടംകഥകള് പോലെയാവാതിരിക്കട്ടെ സ്ത്രീ ജീവിതങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: