ന്യൂദല്‍ഹി: സമീപഭാവിയില്‍ ഇന്ത്യ രാജ്യാന്തര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു. മാറ്റിവച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ബിസിസിഐ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.ഒക്ടോബറില്‍ ഓസ്ട്രേലിയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ പതിമൂന്നാമത് ഐപിഎല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനാണ് ബിസിസിഐ പദ്ധതി തയ്യാറാക്കുന്നത്.
കായിക മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്. എന്നാല്‍ അതിന് മുമ്പ് കളിക്കാരുടെ പരശീലന ത്തെ്ക്കുറിച്ച് ചിന്തിക്കണം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉടനെയൊന്നും രാജ്യന്തര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇപ്പോള്‍ മത്സരങ്ങള്‍ നടത്തുന്നത്്. ഈ സാഹചര്യം ആരാധകര്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമേ മത്സരങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കൂ. ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിയില്ല. ഇപ്പോള്‍ കൊറോണക്കെതിരായ പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സരങ്ങള്‍ എപ്പോള്‍ ആരംഭിക്കാനാകുമെന്ന ഇപ്പോള്‍ പറയാനാവില്ല. എന്നിരുന്നാലും ചില മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: