ന്യൂഡല്‍ഹി: നിലവിലുള്ള വിതരണ ശൃംഖലയിലെ തടസ്സം മൂലം ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചത് ഉല്‍പ്പാദന മേഖലയെ ആണെന്നും, പ്രതിരോധ മേഖലയും ഇതില്‍ നിന്ന് ഒഴിവാകുന്നില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗവണ്മെന്റ് മാത്രമാണ് പ്രതിരോധ ഉല്‍പ്പാദന രംഗത്തെ ഏക ഉപഭോക്താവ് എന്നതിനാല്‍, ലോക്ഡൗണ്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് പ്രതിരോധമേഖലയെയാണെന്നും അദ്ദേഹം പറഞ്ഞു.
സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഇ-കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. SIDM, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, പ്രതിരോധ ഉല്‍പ്പാദന വകുപ്പ് എന്നിവ സംയുക്തമായാണ് ഇ-കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.കൊറോണ വൈറസ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചെറേര്‍സ് (SIDM), മറ്റ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (MSME) എന്നിവ വഹിച്ച പങ്കിനെ പ്രതിരോധ വകുപ്പ് മന്ത്രിരാജ്നാഥ് സിങ് അഭിനന്ദിച്ചു.
DRDO രൂപകല്‍പ്പന ചെയ്ത PPE കിറ്റുകള്‍, മാസ്കുകള്‍, വെന്റിലേറ്റര്‍ ഭാഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം SIDM വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. രണ്ട് മാസത്തിനകം, നമ്മുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഇവ തികഞ്ഞു. സമീപഭാവിയില്‍ അയല്‍ രാജ്യങ്ങളെ ഇവ നല്കി സഹായിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആയുധ നിര്‍മാണശാലകള്‍ (ഓര്‍ഡ്നന്‍സ് ഫാക്ടറി), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് 8000 ത്തിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ ആകെ ഉല്‍പ്പാദനത്തിന്റെ 20% പങ്ക് നിര്‍വഹിക്കുന്നത് ഈ MSME കളാണ്.
RFP/RFI എന്നിവയുടെ തീയതി നീട്ടി നല്കല്, നല്‍കാനുള്ള തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യല്‍ എന്നീ ചില നടപടികളിലൂടെ ഈ വെല്ലുവിളികള്‍ നേരിടുന്നതിനായി പ്രതിരോധ മന്ത്രാലയം, വ്യവസായങ്ങള്‍ക്കായി, പ്രത്യേകിച്ച് MSME കള്‍ക്കായി, നിരവധി സഹായങ്ങള്‍ ചെയ്തു. വ്യവസായങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ ഗവണ്മെന്റും റിസര്‍വ് ബാങ്കും നിരവധി സാമ്പത്തിക സഹായ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക മൂലധനവും വായ്പാ പലിശ അടയ്ക്കുന്നത് നീട്ടി വയ്ക്കുന്നതും വ്യവസായങ്ങള്‍ക്ക് സമാശ്വാസം നല്കുന്ന നടപടികളാണ്.
പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 800 ലധികം MSME കള്‍ ഇ-കോണ്‍ക്ലേവില്‍ പങ്കെടുത്തു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ജനറല്‍ ബിപിന്‍ റാവത്ത്, സെക്രട്ടറി (ഡിഫന്‍സ് പ്രൊഡക്ഷന്‍), രാജ്കുമാര്, SIDM പ്രസിഡന്റ്, ജയന്ത് ഡി പാട്ടീല്‍, സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി, മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍, ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: