ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച കൊറോണ പാക്കേജിലുള്ള 24 കാര്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടും അല്ലാതെയും പണവും, അവശ്യസാധനങ്ങളും എത്തിക്കുന്നതും, 30 എണ്ണം നയ വ്യത്യാസങ്ങളുമാണ്. എന്തിനാണ് ഇങ്ങനെ ദിവസങ്ങളെടുത്ത് ഓരോ മേഖലയേയും ബന്ധപ്പെടുത്തി പറയുന്നത്്? ആ 20 ലക്ഷം കോടി രൂപ വീതിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് നല്കിയാല് പോരേ? കാശില്ലെങ്കില്‍ കമ്മട്ടം എടുത്ത് ആവശ്യത്തിന് അടിച്ചിറക്കാമല്ലോ.
എംഎസ്എംഇ, എപിഎംസി, ഇസിഎ, നബാര്‍ഡ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര സ്കീം, സബോര്‍ഡിനേറ്റ് ഡെബ്റ്റ്, എആര്‍എച്ച്സി, ഇഎസ്ഐസി, ഇപിഎഫ്, എന്‍എഫ്എസ്എ, ഫാം ഗേറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, മത്സ്യ സമ്പാദ യോജന, ടിഡിഎസ് എന്നൊക്കെ പറഞ്ഞ് എന്തിനാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്? ചോദ്യങ്ങള്‍ പലതുണ്ട്.
ഉത്തരം ലളിതം. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കാണുന്ന വ്യക്തിയായിരുന്നു ഭരണാധികാരിയെങ്കില് എല്ലാവര്ക്കും പണം വീതിച്ചു കൊടുത്തും, തികയാതെ വന്നാല്‍ കമ്മട്ടം എടുത്തടിച്ചും കാര്യങ്ങള്‍ നടത്താമായിരുന്നു. പക്ഷെ ആ കമ്മി ഇക്കണോമിക്സ് രാജ്യത്തെ, പഴയ കമ്മ്യൂണിസ്റ്റ് യുഎസ്എസ്ആറിന്റെയും, വെനസ്വേലയുടെയും നിലയിലെത്തിക്കും.
സോഷ്യലിസം പറഞ്ഞുപറഞ്ഞ് അവസാനം 1990 ആയപ്പോള്‍ സ്വര്‍ണം കൊണ്ടുപോയി ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയം വച്ചാണ് നമ്മുടെ രാജ്യം അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്തത്. ആ കാലത്തേക്ക് ഇനി തിരിച്ചുപോകാനാവില്ല. ദീര്‍ഘകാല നയങ്ങളാണ് രാജ്യത്തിനാവശ്യം. ദീര്‍ഘവീക്ഷണം ഉള്ളവര്‍ക്കേ അത് സാധിക്കൂ. ജനം പ്രൊഡക്ടിവ് ആകണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകണം. തൊഴില്‍ ദാതാവാകേണ്ടത് സര്‍ക്കാരല്ല. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ജോലി. ലളിതമായ നികുതിഘടന, അടിസ്ഥാന സൗകര്യ വികസനം, ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് സര്‍ക്കാര്‍ മുതല്‍മുടക്കേണ്ടത്.
കൊറോണയ്ക്കു ശേഷം വരാന്‍ പോകുന്നത് പുതിയ ലോകക്രമമാണ്. ഇന്ത്യയിലേക്ക് ധാരാളമായി തൊഴിലവസരങ്ങള്‍ വരണമെങ്കില്‍ അതിനനുസരിച്ച് നയങ്ങളിലും മാറ്റം വരണം. നികുതി ദായകന്റെ പണം കൊണ്ട് വെള്ളാനകളായി ഇരുന്ന് രാജ്യത്തിന്റെ സമ്പത്ത് ഊറ്റുന്ന സ്ഥാപനങ്ങളില്‍ അഴിച്ചുപണി നടത്തണം. പു
തിയ സാങ്കേതികവിദ്യകള്‍ വരണം. മികച്ച സേവനം ജനങ്ങള്‍ക്ക് ഉറപ്പാക്കണം. ഉല്പാദനക്ഷമമ ല്ലാത്ത കാര്യങ്ങള്‍ക്ക് പണം ചെലവഴിച്ചാല്‍ സാമ്പത്തിക രംഗത്ത് നാശമാകും ഫലം.
ഈ വര്‍ഷവും ഇന്ത്യയില്‍ റെക്കോര്‍ഡ് കാര്‍ഷിക വിളവെടുപ്പാണ് ഉണ്ടായിട്ടുള്ളത്. ആരും പട്ടിണി കിടക്കേണ്ടി വരില്ല. റേഷന്‍ കടകള്‍ വഴിയുള്ള വിതരണം കാര്യക്ഷമമാണ്. ലോക്ഡൗണ്‍ കാലത്ത് പട്ടിണി മരണം ഉണ്ടാകാതിരുന്നതിന്റെ കാരണവും അതുതന്നെ്.
അതേസമയം, 39 കോടി ഇന്ത്യാക്കാര്‍ക്ക് ഇതുവരെയായി 34,800 കോടി രൂപ ആദ്യഘട്ടത്തില്‍ത്തന്നെ പണമായി അക്കൗണ്ടുകളില്‍ എത്തിച്ചു. ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയപ്പോഴും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചപ്പോഴും എതിര്‍ത്തവര്‍ക്കും കിട്ടി ഇതിലൂടെ പണം. തൊഴിലുറപ്പ് പദ്ധതിയിലൂടെ അനുവദിച്ച ഒരുലക്ഷം കോടി രൂപ ഗ്രാമങ്ങളില്‍ ഉണര്‍വുണ്ടാക്കും. കര്‍ഷകര്‍ക്ക് രണ്ട് ശതമാനം പലിശയ്ക്കാണ് വായ്പ.
എംഎസ്എംഇ മേഖലയാണ് ഇന്ത്യയുടെ നട്ടെല്ല്. വിതരണ ശൃംഖല ശരിയാകുന്നതോടെ ഉല്‍പ്പാദനം വര്‍ധിക്കും, തൊഴിലവസരം കൂടും, ആവശ്യവും വര്‍ധിക്കും. ഈ മേഖലയില്‍ കൊടുക്കുന്ന വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് ഗ്യാരണ്ടി നില്‍ക്കുന്നത്.
പാക്കേജിനെക്കുറിച്ചു വിദഗ്ധര്‍
കൂടുതല്‍ സ്വകാര്യവത്കരണം നടത്തണം. സര്‍ക്കാര്‍ പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മറ്റുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്; ബിസിനസ് നടത്തിപ്പിലല്ല. സ്വന്തമായി കുത്തക ഇല്ലെങ്കില്‍ സ്വകാര്യ മേഖലയോട് മത്സരിച്ച് ഒരു പൊതുമേഖലാ കമ്പനിക്കും നിലനില്‍ക്കാനാകില്ല. കുത്തക നല്കിയാലോ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യക്ഷമതയില്ലായ്മ. പാസ്പോര്‍ട്ട് വിതരണം ടിസിഎസ് ഏറ്റെടുത്തപ്പോഴുണ്ടായ വേഗം ഉദാഹരണം. -വി.കെ. മാത്യൂസ്, ചെയര്മാന് ഐബിഎസ്.
ബഹിരാകാശ-ആണവോര്‍ജ രംഗങ്ങളില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ന്യൂക്ലിയര്‍ സയന്റിസ്റ്റും, ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പദ്ധതിയുടെ തലവനും ഒക്കെയായ ഡോ. എ.ശിവതാണുപിള്ള.
പ്രതിരോധ നിര്‍മാണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം എന്ന് കരസേനാ ആസ്ഥാനം മുന്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനെന്റ് ജനറല്‍ ചാക്കോ തരകന്.
എയ്റോ സ്പേസ് പാര്ക്കിന് ഊര്‍ജം – ഡോ. എം.സി. ദത്തന് (പ്രിന്‍സിപ്പല്‍ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്)
ഏറെ പ്രതീക്ഷിച്ച നയം, വലിയ കാല്‍വയ്പ്- എസ്.സോമനാഥ് (വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍)
വിമാനത്താവളങ്ങളുടെ കാര്യശേഷി ഉയര്‍ത്തും – വി. ജെ. കുര്യന് (സിയാല്‍ എംഡി)
ഇന്ത്യയെ കൂടുതല്‍ വ്യവസായ സൗഹൃദം ആക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ വിദഗ്ധ ഉപദേശകസമിതി അധ്യക്ഷന്‍.
65 വര്‍ഷം പഴക്കമുള്ള അവശ്യസാധന നിയമത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് കാര്‍ഷിക മേഖലയ്ക്ക് കുതിപ്പേകും എന്നു കാര്‍ഷിക രംഗത്തെ വിദഗ്ധര്‍.
കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമാകുന്ന നിര്‍ദേശങ്ങളെന്ന് മുന്‍ തമിഴ്നാട് അഡിഷണല്‍ ചീഫ് സെക്രട്ടറിയും റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായിരുന്ന പി. സി. സിറിയക്.
ആഞ്ഞടിച്ചത് ഇവരൊക്കെ…
ആനത്തലവട്ടം ആനന്ദന്, എ.എ. റഹിം, പി.എ മുഹമ്മദ് റിയാസ്, പി.പി ശശി, മാധ്യമ പ്രവര്‍ത്തകരായ വേണു, ഷാനി തുടങ്ങിയവര്‍. ഇനിയിപ്പോള്‍ കൂടുതല്‍ പറയേണ്ടല്ലോ…! തൊഴിലുറപ്പിന് 40,000 കോടി രൂപ കൂടി അധികം അനുവദിച്ചു എന്ന് പറഞ്ഞപ്പോള്‍ അതിന് തൊഴില്‍ ഇല്ലല്ലോ എന്ന് പറയുന്ന മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ ഇന്നലെ വരെ പറഞ്ഞത് തൊഴിലുറപ്പുകാരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന്. ഈ പറയുന്നതില്‍ ആരെ വിശ്വസിക്കണം. തീരുമാനിക്കേണ്ടതു ജനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: