തിരുവനന്തപുരം: ട്രെയിന്‍ സര്‍വ്വീസുകളുടെ പേരില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചരണം. സന്ദേശം വിശ്വസിച്ച് തിരിച്ചറിയല്‍ രേഖകളും, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വിശദാംശങ്ങളും, സാധനങ്ങളുമായി നാട്ടിലേക്ക് മടങ്ങാന്‍ നഗരത്തിലും പുറത്തുമുള്ള പോലീസ് സ്റ്റേഷനുകളിലെത്തുന്ന ഇവരെ പ്രയാസപ്പെട്ടാണ് മടക്കി അയക്കുന്നത്.
ഓരോദിവസവും ട്രെയിന്‍ സര്‍വ്വീസുണ്ടെന്ന വിധത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി തൊഴിലാളികള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ട്രെയിന്‍ അനുവദിച്ചിട്ടില്ലെന്ന പോലീസിന്റെ വാക്ക് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍ കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടില്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. വെഞ്ഞാറമൂടിന് പുറമേ നഗരത്തിലെയും റൂറലിലെയും പല പോലീസ് സ്റ്റേഷനുകളിലും സന്ദേശം വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിലെത്തിയ ശേഷം നിരാശരായി മടങ്ങുന്ന തൊഴിലാളികളെയാണ് കാണാന്‍ സാധിക്കുന്നത്.
കേരളത്തില്‍ നിന്ന് ബീഹാര്‍, അസം, ഝാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നായി നോണ്‍സ്റ്റോപ്പ് ട്രെയിനുകള്‍ കഴിഞ്ഞദിവസം വരെ പുറപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്ന് ബീഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനും അവര്‍ക്കാവശ്യമായ സുരക്ഷാനടപടികള്‍ കൈക്കൊള്ളുന്നതിനും ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകാതിരുന്നതിനാല്‍ ട്രെയിന്‍ റദ്ദാക്കിയിരുന്നു.
ട്രെയിന്‍ സര്‍വ്വീസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ സമൂഹമാദ്ധ്യമങ്ങളില്‍ ഓരോ ദിവസവും ട്രെയിനുണ്ടെന്ന വിധത്തിലുള്ള പ്രചരണമാണ് തൊഴിലാളികളെ വലയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: