ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കും. ആദ്യഘട്ടം വ്യാഴാഴ്ച ആരംഭിക്കും. പ്രവാസികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി. ഏകദേശം രണ്ടുലക്ഷത്തോളം പ്രവാസികളെ മടക്കിയെത്തിക്കേണ്ടിവരുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
വ്യോമസേനയുടെ വിമാനങ്ങള്‍, നാവികസേനാ യുദ്ധക്കപ്പലുകള്‍, എയര്‍ ഇന്ത്യ വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പ്രവാസികളെ മടക്കിയെത്തിക്കുന്നത്. എല്ലാ നടപടികളും എംബസികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചു. ഗള്‍ഫ് നാടുകളിലേക്കും യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളേയും തിരിച്ചെത്തിക്കും.
മടക്കിയെത്തിക്കേണ്ട പൗരന്മാരുടെ പട്ടിക അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ തയാറാക്കിത്തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യാത്രാക്കൂലി പ്രവാസികള്‍ തന്നെ വഹിക്കണം. വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആരോഗ്യപരിശോധന നടത്തി കൊറോണ ലക്ഷണമില്ലാത്ത ആളുകളെ മാത്രമേ മടക്കിയെത്തിക്കൂ. അല്ലാത്തവര്‍ അതാതിടങ്ങളില്‍ തന്നെ ഫലം നെഗറ്റീവ് ആകുന്നത് വരെ തുടരണം. വിമാനത്തിലും സാമൂഹ്യ അകലമടക്കമുള്ള ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കണം.
സ്വന്തം നാട്ടിലെത്തിയാലുടന്‍ ആരോഗ്യ പരിശോധനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രികളിലോ കേന്ദ്രങ്ങളിലോ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെത്തിയാലുടന്‍ ആരോഗ്യസേതു ആപ്പില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.
ക്വാറന്റൈന് കാലത്തെ താമസ, ഭക്ഷണ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രവാസികള്‍ വഹിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം പരിശോധന നടത്തി നെഗറ്റീവാണെന്ന് തെളിഞ്ഞാല്‍ വീടുകളിലേക്ക് മടങ്ങാം. മടങ്ങിയെത്തുന്ന പ്രവാസികളുടെ യാത്ര, ക്വാറന്റൈന്, പരിശോധന എന്നിവയുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഉടന്‍ പുറത്തിറക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: