കാഞ്ഞാര്‍: കോളപ്ര തലയനാട് പള്ളിയുടെ സമീപം പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റിലെ ക്ലോറിന്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.
കോളപ്ര പമ്പ് ഹൗസില്‍ നിന്ന് പമ്പിങ് നടത്തുന്ന വെള്ളം ഈ പ്ലാന്റില്‍ എത്തി ശുചീകരിച്ചാണ് കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ആലക്കോട് എന്നീ 5 പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്.1 ടണ്‍ ക്ലോറിന്‍ സൂക്ഷിക്കുന്ന സിലിണ്ടറിന്റെ വാല്‍വിന്റെ ഭാഗത്താണ് ചോര്‍ച്ച ഉണ്ടായത്. ക്ലോറിന്‍ വെള്ളവുമായി കലരുന്ന ഭാഗത്ത് ചോര്‍ച്ച ഉണ്ടായത് കൊണ്ടാണ് അപകടം ഒഴിവായത്.
വെള്ളത്തിലേക്ക് കലരുന്ന ഭാഗത്ത് അല്ലാതെ മറ്റ് ഭാഗത്ത് എവിടെയെങ്കിലുമായിരുന്നു ചോര്‍ച്ച സംഭവിച്ചത് എങ്കില്‍ ഇത് വന്‍ ദുരന്തത്തിന് വഴിവെയ്ക്കുമായിരുന്നു. ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതോടെ പ്ലാന്റില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കുവാനുള്ള ശ്രമം നടത്തി. എന്നാല്‍ കാലഹരണപ്പെട്ട സംരക്ഷണ കവചമാണ് ജീവനക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ഉള്ളത് എന്നതിനാല്‍ ഉദ്യമത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഉടന്‍ തന്നെ മൂലമറ്റം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. മൂലമറ്റത്തു നിന്നുമെത്തിയ അഗ്നി രക്ഷാ സേന ചോര്‍ച്ച ഉണ്ടായ വാല്‍വിന്റെ ഭാഗം അടച്ച് താത്കാലികമായി ചോര്‍ച്ച ഒഴിവാക്കി. ആലുവ ഉദ്യോഗമണ്ഡലില്‍ നിന്നുമുള്ള വിദഗ്ധര്‍ എത്തി വാല്‍വ് മാറ്റി വെച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
മൂലമറ്റത്തു നിന്നും അഗ്നിരക്ഷാ സേനയുടെ വാഹനം കാഞ്ഞാര്‍ ആനക്കയം വഴിയാണ് സംഭവ സ്ഥലത്ത് എത്തിയത്. കോളപ്ര പാലത്തില്‍ വലിയ വാഹനങ്ങള്‍ കടന്ന് പോകുവാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് വാഹനം എത്തിചേര്‍ന്നത്. മുട്ടം പോലീസും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: