പത്തനംതിട്ട: ഒരാൾ കൂടി ഇന്നലെ ആശുപത്രി വിട്ടതോടെ ജില്ലയിൽ നിലവിൽ കൊറോണ രോഗം ഭേദമാകാൻ ഒരാൾ മാത്രം. ബ്രിട്ടനിൽ നിന്നെത്തിയ ആറന്മുള എരുമക്കാട് സ്വദേശിയായ 52 കാരനാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ മാർച്ച് 25ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഫലം ഇടയ്ക്കു നെഗറ്റീവ് ആയെങ്കിലും പിന്നീട് പോസിറ്റീവായി തുടരുകയാണ്.
അടൂർ കണ്ണങ്കോട് ദേവീകൃപയിൽ മനോജാണ് ഇന്നലെ ആശുപത്രി വിട്ടത്. മാർച്ച് 25നാണ് ആശുപത്രിയിലെത്തിച്ചത്. പ്രത്യേകിച്ച് രോഗലക്ഷണം ഒന്നുമില്ലാതിരുന്നെങ്കിലും പരിശോധനാഫലം പോസിറ്റീവാകുകയായിരുന്നു. തുടർച്ചയായ രണ്ടാം ഫലവും ബുധനാഴ്ച രാത്രിയാണ് നെഗറ്റീവായി ലഭിച്ചതോടെയാണ് രോഗം ഭേദമായതായി സ്ഥിരീകരിച്ചത്.
ചികിത്സയിലുണ്ടായിരുന്ന അയിരൂർ ഇടപ്പാവൂർ സ്വദേശിയായ പ്രണവിനെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പതിനാണ് ഇടപ്പാവൂർ സ്വദേശിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 12നുശേഷം പത്തനംതിട്ട ജില്ലയിൽ പുതുതായി കോവിഡ് കേസുകളുണ്ടായിട്ടില്ല. മാർച്ച് ഏഴിനു രാത്രിയാണ് പത്തനംതിട്ടയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബത്തിനും അവരുടെ സമ്പർക്കത്തിലായ രണ്ടുപേർക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
ഇതോടെയാണ് കേരളത്തിൽ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തിരിച്ചറിഞ്ഞ് ജാഗ്രത ശക്തമാക്കിയത്. ഇവരടക്കം പത്തനംതിട്ട ജില്ലയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടവരിൽ 12 പേരും വിദേശരാജ്യങ്ങളിൽ നിന്നു നാട്ടിലെത്തിയവരായിരുന്നു. ഒരാൾ ഡൽഹിയിൽ നിന്നു വന്ന വിദ്യാർഥിനിയും. 16 പേരും രോഗം ഭേദമായി വീടുകളിൽ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: