കാണ്‍പൂര്‍ : സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കേന്ദ്ര നിയമ പ്രകാരമുള്ള കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളുമെന്ന് താക്കീത് നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞദിവസം കാണ്‍പൂരില്‍ ആരോഗ്യപ്രവര്‍ത്തകരുടേയും പോലീസുകാരുടേയും നേരെ കല്ലേറ് ഉണ്ടായതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാണ്‍പുരിലെ ചമന്‍ ഗഞ്ചില്‍ കോവിഡ് ബാധ സംശയിക്കുന്ന കുടുംബത്തെ ക്വാറന്റൈന് ചെയ്യാന്‍ പോയ പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ ഒരു സംഘമാളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരേയും പോലീസുകാരേയും ഉപദ്രവിക്കുന്നവരെ ക്രിമിനലുകളായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അക്രമികളെ ഉടന്‍ പിടികൂടി ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും ദേശീയ സുരക്ഷാ നിയമ പ്രകാരവും ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
രാജ്യത്തെ സുപ്രധാന ഹോട്ട്സ്പോട്ടുകളില്‍ ഒന്നാണ് ചമന്‍ ഗഞ്ച്. ഇവിടെ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും പോലീസുകാരുടെ നേരേയും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഇവര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതേസമയം ഇവരുടെ മേലുള്ള കുറ്റം തെളിഞ്ഞാല്‍ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെ പിഴയും ഈടാക്കാന്‍ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: