കാസര്‍കോട്: ‘തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലില്‍ ടാറ്റാ കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. മൂന്ന് മാസം കൊണ്ട് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിന്റെ പകുതി സമയം കൊണ്ട് തന്നെ ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു പറയുന്നത്.
ഹരിയാനയിലെ ഫരീദാബാദ്, കൊല്‍ക്കത്തയിലെ ഹൂഗ്ലി, തെലുങ്കാനയിലെ മെഡാസാലില് എന്നിവിടങ്ങളില്‍ നിന്ന് മെയ് ആദ്യവാരത്തില്‍ ആശുപത്രി നിര്‍മ്മാണത്തിനുള്ള സാധനങ്ങളുമായി കണ്ടെയ്നറുകള്‍ പദ്ധതി സ്ഥലത്തെത്തുമെന്ന് ടാറ്റയുടെ കൊച്ചിന് അഡ്മിനിസ്ട്രേഷന് ഹെഡും കാസര്‍കോട്ടെ ടാറ്റാ ആശുപത്രി നിര്‍മ്മാണ ചുമതലക്കാരനുമായ ആന്റണി പറഞ്ഞു. കണ്ടെയ്നറുകള്‍ ഇന്നലെയെത്തേണ്ടതായിരുന്നു.
രാജ്യമാകെയുള്ള ലോക്ഡൗണ്‍ കാരണം യാത്രക്ക് ചെറിയ തടസം നേരിട്ടു. കണ്ടെയ്നറുകളെത്തുന്ന മുറക്ക് അവ സ്ഥാപിക്കാന്‍ പെഡസ്റ്റല്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ നിര്‍മ്മാണം ഇന്ന് തുടങ്ങും.
കണ്ടെയ്നറുകളെത്തിയാലുടന് ക്രെയിന്‍ ഉപയോഗിച്ച് അവ സ്ഥാപിക്കുന്ന ജോലി ആരംഭിക്കുമെന്നും ആന്റണി പറഞ്ഞു. മൊത്തം 128 യൂണിറ്റുകളാണ് സ്ഥാപിക്കുക. ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ പരമാവധി രണ്ട് മണിക്കൂര്‍ മതിയാവും.
കണ്ടെയ്നറെത്തുന്ന മുറക്ക് ഓരോ യൂണിറ്റായി സ്ഥാപിക്കും. പദ്ധതി പ്രദേശത്ത് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്കെച്ച് തയ്യാറാക്കി കഴിഞ്ഞു. ഇവയുടെ ജോലി ഉടന്‍ തുടങ്ങും അദ്ദേഹം പറഞ്ഞു. വിദഗ്ധ എഞ്ചിനീയര്‍മാര്‍ അടക്കം ടാറ്റാ യൂണിറ്റിന്റെ 13 പേരാണ് ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതി പ്രദേശത്ത് നിരവധി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതിന്റെ ജോലി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: