തിരുവനന്തപുരം: കണ്ണൂരിലും, കാസർകോട്ടും കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോരാൻ കാരണം സർക്കാരിന്റെ അലംഭാവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കത്ത് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകി.
കണ്ണൂരിലേയും, മാഹിയിലേയും കൊവിഡ്–19 രോഗബാധിതരുടെ വിവരങ്ങൾ ചോർന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. രോഗം സ്ഥിരീകരിച്ചവരുടേയും, നിരീക്ഷണത്തിലുള്ളവരുടേയും മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങളാണ് പുറത്തായത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി തയ്യാറാക്കി ഗൂഗിൾ മാപ്പിൽ അപ് ലോഡ് ചെയ്ത വിവരങ്ങളുടെ ലിങ്കാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്.
പോലീസ് അനാസ്ഥ കാരണമാണ് വിവരങ്ങൾ ചോർന്നതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. സ്വകാര്യ കമ്പനികളില്‍ നിന്ന് കോവിഡ് രോഗികളെ വിളിച്ചതോടെയാണ് വിവരം ചോര്‍ന്ന കാര്യം പുറത്തുവന്നത്. കണ്ണൂർ സൈബർ സെൽ വിഭാഗമാണ് ലിങ്ക് തയ്യാറാക്കിയത്. രോഗികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ മാപ്പിൽ ലഭ്യമാക്കിയിരുന്നു.
മാപ്പ് തുറക്കാൻ പാസ് വേഡ് പോലും വേണ്ടിയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: